റബറും അനുബന്ധ കൃഷിയും സജീവമായ കേരളത്തില്‍ റബര്‍ ടെക്നോളജിയിലുള്ള പഠനവും പരിശീലനവും തൊഴിലന്വേഷകര്‍ക്കു മുന്നില്‍ വലിയ തൊഴിലവസരമാണ് തുറക്കുന്നത്. സ്പെഷല്‍ ഡിപ്ളോമ എന്ന പേരില്‍ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഹ്രസ്വകാല തൊഴില്‍ അനുബന്ധ പഠനങ്ങളില്‍ മുന്‍നിരയിലാണ് റബര്‍ ടെക്നോളജി. എന്‍ജിനീയറിങ് പഠനത്തിലെ പ്രത്യേക ശാഖയാണിത്.
പ്രകൃതിദത്തമായ റബര്‍, ലാറ്റക്സ് കൂടാതെ സിന്തറ്റിക് റബര്‍ എന്നിവ ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രത്യേക പരിശീലനമാണ് റബര്‍ ടെക്നോളജിയിലൂടെ പഠിതാവിന് നല്‍കുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ടയര്‍ മുതല്‍ എഴുത്ത് മായ്ക്കാന്‍ ഉപയോഗിക്കുന്ന റബര്‍വരെ ഈ ഉല്‍പന്നങ്ങളുടെ ഗണത്തില്‍പെടുന്നതാണ്. ആയതിനാല്‍ നിത്യജീവിതത്തിലെ എല്ലാ മേഖലകളിലും റബര്‍ ഉല്‍പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കാന്‍ കഴിയാത്തവിധം പ്രകടമാണ്. സ്വാഭാവികമായും ഇത്തരം ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനായി ചെറുതും വലുതുമായ അനേകം കമ്പനികളും ഫാക്ടറികളും ദിനേനയെന്നോണം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം പരിചയസമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റബര്‍ ടെക്നോളജിയില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നത്. ഈ പഠനപരിശീലനങ്ങള്‍ രണ്ടു തലത്തിലാണ് ലഭ്യമായിട്ടുള്ളത്:
1. ഡിപ്ളോമ പ്രോഗ്രാമുകള്‍
2. എന്‍ജിനീയറിങ് പ്രോഗ്രാമുകള്‍
ഈ കോഴ്സുകള്‍ക്കുള്ള അടിസ്ഥാന യോഗ്യത:
ഡിപ്ളോമ പ്രോഗ്രാമുകള്‍ക്ക് 12ാം ക്ളാസ് വിജയിക്കണം. ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിട്ടുണ്ടാവണം. എന്‍ജിനീയറിങ് പ്രോഗ്രാമിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് 12ാം ക്ളാസ് വിജയിക്കണം. എന്‍ജിനീയറിങ് പഠനത്തിന് സര്‍ക്കാര്‍/കോഴ്സ് നടത്തുന്ന സ്ഥാപനം പ്രവേശനപരീക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു വിജയിക്കണം. കൊച്ചിന്‍ യൂനിവേഴ്സിറ്റി നടത്തുന്ന ബി.ടെക് പോളിമര്‍ സയന്‍സിനും റബര്‍ ടെക്നോളജിക്കും ചേരുന്നതിനു യൂനിവേഴ്സിറ്റി നടത്തുന്ന പ്രവേശനപരീക്ഷ വിജയിക്കണം. മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്തുന്ന ബി.ടെക് പോളിമര്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനം ലഭിക്കാന്‍ കേരള എന്‍ട്രന്‍സ് കമീഷന്‍ നടത്തുന്ന എന്‍ജിനീയറിങ്ങിനായുള്ള പ്രവേശനപരീക്ഷ പാസാകണം.
റബര്‍ ടെക്നോളജി പഠനത്തിലെ കരിക്കുലം പ്രധാനമായും വിവിധതരം റബറുകള്‍, അവയുടെ സംയുക്തങ്ങള്‍, ഇത്തരം സംയുക്തങ്ങളുടെ നിര്‍മാണം എന്നീ വിഷയങ്ങളില്‍ തിയറിയിലും പ്രാക്ടിക്കലിലുമാണ് പരിശീലനം നല്‍കുന്നത്. ഇലാസ്റ്റമര്‍ ഫിസിക്സ്, ഇന്‍ഡസ്ട്രിയല്‍ റബര്‍, സിമുലേഷന്‍ ആന്‍ഡ് മെക്കാനിക്സ്, സിന്തറ്റിക് റബേഴ്സ്, സ്പെഷാലിറ്റി പോളിമേഴ്സ്, നാച്വറല്‍ റബര്‍ പ്രൊഡക്ഷന്‍, ഇലാസ്റ്റമര്‍ കെമിസ്ട്രി എന്നിവയാണ് റബര്‍ ടെക്നോളജി പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റബര്‍ ടെക്നോളജിയില്‍ പരിശീലനം നല്‍കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:
കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (എറണാകുളം, കേരളം), www.cusat.ac.in
മഹാത്മാ ഗാന്ധി സര്‍വകലാശാല (കോട്ടയം, കേരളം), www.mgu.ac.in
ഇന്ത്യന്‍ റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ (തമിഴ്നാട്), www.iri.net.in
ഇന്ത്യന്‍ റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മൈസൂരു (കര്‍ണാടക), www.iri.net.in
റബര്‍ ടെക്നോളജി പാസാകുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് രാജ്യത്ത് ലഭ്യമായിട്ടുള്ളത്. റബര്‍ അനുബന്ധ ഉല്‍പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട 6200ല്‍ കൂടുതല്‍ ഫാക്ടറികളും അനുബന്ധ യൂനിറ്റുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തകാലത്ത് രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഉണ്ടായിട്ടുള്ള വന്‍ കുതിപ്പ് ടയര്‍ നിര്‍മാണത്തെ വലിയ അളവില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവിടെയെല്ലാം റബര്‍ ടെക്നോളജിയില്‍ പരിചയസമ്പന്നരായവരുടെ മനുഷ്യവിഭവശേഷി ആവശ്യമുണ്ട്. എന്നാല്‍, ഡിമാന്‍ഡിന്് തുല്യമായ സപൈ്ള ഈ മേഖലയില്‍ ഇന്ന് രാജ്യത്ത് ലഭ്യമല്ല. ആയതിനാല്‍ തൊഴിലവസരങ്ങള്‍ ഉറപ്പിക്കാനാകും.
റബര്‍ ടെക്നോളജി പഠിച്ച ഉദ്യോഗാര്‍ഥിക്ക് യോഗ്യതക്കനുസരിച്ച് പ്രൊഡക്ഷന്‍ എന്‍ജിനീയര്‍, പോളിമര്‍ സ്പെഷലിസ്റ്റ്, ടെസ്റ്റിക് ടെക്നോളജിസ്റ്റ്, മെറ്റീരിയല്‍സ് ടെക്നോളജിസ്റ്റ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് മുതലായ തസ്തികകളില്‍ ജോലി ലഭിക്കാം. വിദേശരാജ്യങ്ങളിലും റബര്‍ ടെക്നോളജിയില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. റബര്‍ ടെക്നോളജിയില്‍ യോഗ്യത നേടിയവര്‍ക്ക് കൃഷിയിലും വ്യവസായത്തിലും ഓട്ടോമൊബൈല്‍ വ്യവസായത്തിലും നിര്‍മാണ മേഖലയിലും കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കുന്ന വ്യവസായത്തിലുമുള്‍പ്പെടെ സാധ്യതകളുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2017 3:10 PM GMT Updated On
date_range 2017-03-08T20:40:09+05:30തൊഴില്‍ നേടാന്‍ റബര്‍ ടെക്നോളജി പഠിക്കാം
text_fieldsNext Story