നീലിറ്റില്‍ ഡിപ്ളോമക്ക് അപേക്ഷിക്കാം

  • 12 ആഴ്ചത്തെ ഫുള്‍ടൈം കോഴ്സ്  മാര്‍ച്ച് ആറിനാരംഭിക്കും

വിജി കെ.
22:46 PM
09/01/2017
മൊബൈല്‍ സോഫ്റ്റ്വെയര്‍ വഴി വികസിപ്പിച്ചെടുക്കുന്ന ഏറെ തൊഴില്‍സാധ്യതയുള്ള ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ഡെവലപ്മെന്‍റ് അഡ്വാന്‍സ്ഡ് ഡിപ്ളോമ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 
ഇതിനായി കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കോഴിക്കോട്ടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്) ഇപ്പോള്‍ അവസരമൊരുക്കുന്നു. 12 ആഴ്ചത്തെ ഈ ഫുള്‍ടൈം കോഴ്സ് 2017 മാര്‍ച്ച് ആറിനാരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 മണി വരെയാണ് ക്ളാസുകള്‍. 
കോര്‍ ജാവയും ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനും പ്രോജക്ടും അടങ്ങിയ കോഴ്സില്‍ പ്രായോഗിക പരിജ്ഞാനം നല്‍കുന്നതിനാണ് മുന്‍തൂക്കം. മൊത്തം കോഴ്സ് ഫീസ് 31,250 രൂപയും സര്‍വിസ് ടാക്സുമാണ്. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളെ ട്യൂഷന്‍ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
എന്നാല്‍, ഇവര്‍ കോഷന്‍ ഡെപ്പോസിറ്റായി 3600 രൂപ നല്‍കണം. ഒരു ബാച്ചില്‍ 15 പേര്‍ക്കാണ് പ്രവേശനം.ഇനി പറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് ഈ കോഴ്സിന് ചേരാവുന്നതാണ്. 
എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക്/എം.എസ്സി/ബി.എസ്സി/ഡിപ്ളോമ (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്) എം.സി.എ/ബി.സി.എ. തത്തുല്യയോഗ്യതയോ ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയമോ ഉള്ളവരെയും പരിഗണിക്കും.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും calicut.nielit.gov.in എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം ഡയറക്ടര്‍, നീലിറ്റ്, കാലിക്കറ്റ് എന്ന വിലാസത്തില്‍ എസ്.ബി.ഐ, എന്‍.ഐ.ടി കാമ്പസ് ബ്രാഞ്ചില്‍ (കോഡ് 2207) ചാത്തമംഗലത്ത് മാറ്റാവുന്ന 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അഡ്വാന്‍സ് ഫീസായി ഉള്ളടക്കം ചെയ്യണം. 
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ട്രെയിനിങ് ഓഫിസര്‍, എന്‍.ഐ.ഇ.എല്‍.ഐ.ടി, പി.ബി നമ്പര്‍-5, എന്‍.ഐ.ടി കാമ്പസ് പോസ്റ്റ്, കാലിക്കറ്റ്-673601. അപേക്ഷഫെബ്രുവരി 23 വരെ വരെ സ്വീകരിക്കും.
COMMENTS