Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപഞ്ചവത്സര എം.എസ്സി...

പഞ്ചവത്സര എം.എസ്സി പഠനം; നെസ്റ്റ് മേയ് 27ന്

text_fields
bookmark_border
പഞ്ചവത്സര എം.എസ്സി പഠനം; നെസ്റ്റ് മേയ് 27ന്
cancel
ശാസ്ത്രവിഷയങ്ങളില്‍ പ്ളസ് ടു വിജയിച്ച സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് പഞ്ചവത്സര സംയോജിത എം.എസ്സി പഠനത്തിന് മികച്ച അവസരം.ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലാണ് ഇന്‍റര്‍ഗ്രേറ്റഡ് എം.എസ്സിയുള്ളത്. ഭുവനേശ്വറിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും (നൈസര്‍) മുംബൈ യൂനിവേഴ്സിറ്റി- ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി സെന്‍ര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സും (യു.എം- ഡി.എ.ഇ സി.ബി.എസ്) 2017-22  വര്‍ഷം നടത്തുന്ന കോഴ്സുകളിലേക്കുള്ള നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) 2017 മേയ് 27ന് ശനിയാഴ്ച നടക്കും. 
രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് എന്‍ട്രന്‍സ് ടെസ്റ്റ്. ഒബ്ജക്ടിവ് മള്‍ട്ടിപ്ള്‍ ചോയ്സ് മാതൃകയിലുള്ള ടെസ്റ്റില്‍ അഞ്ചു ഭാഗങ്ങളുണ്ടാവും. ഒന്നാമത്തെ ജനറല്‍ വിഭാഗത്തില്‍ 30 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണുണ്ടാവുക. ഇതിന് നെഗറ്റിവ് മാര്‍ക്കില്ല. രണ്ടുമുതല്‍ അഞ്ചുവരെയുള്ള ഭാഗങ്ങളില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഓരോന്നിനും 50 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണ് ഉള്‍ക്കൊള്ളിക്കുക. ടെസ്റ്റില്‍ മൂന്നു വിഷയങ്ങള്‍ക്ക് ലഭിച്ച സ്കോറും ജനറല്‍ സെക്ഷന് ലഭിച്ച സ്കോറും പരിഗണിച്ച് മെറിറ്റ് ലിസ്റ്റ് തയാറാക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി,  തൃശൂര്‍, കോഴിക്കോട് എന്നിവ ടെസ്റ്റ് സെന്‍ററുകളായി അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ 60 കേന്ദ്രങ്ങളിലായാണ്  നെസ്റ്റ് -2017 നടത്തുക.
ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് 2015  അല്ളെങ്കില്‍ 2016ലെ പ്ളസ് ടു/ തുല്യ ബോര്‍ഡ് പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്  വിഷയങ്ങളില്‍ മൂന്നെണ്ണത്തിന് മൊത്തം 60 ശതമാനം മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ വാങ്ങി പാസായവര്‍ക്കും ഫൈനല്‍ യോഗ്യത പരീക്ഷയെഴുതാന്‍ പോകുന്നവര്‍ക്കും അര്‍ഹതയുണ്ട്. പട്ടികജാതി/ വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്ളസ് ടു, തുല്യ പരീക്ഷ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചാല്‍ മതി.
അപേക്ഷകര്‍ 1997 ആഗസ്റ്റ് ഒന്നിനോ അതിനു ശേഷമോ ജനിച്ചവരാകണം. പട്ടികജാതി/ വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷ ഫീസ് ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്ന പുരുഷന്മാര്‍ക്ക് 700 രൂപയാണ്. പട്ടികജാതി/ വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 350 രൂപ നല്‍കിയാല്‍ മതി. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിങ്ങിലൂടെയോ അപേക്ഷ ഫീസ് അടക്കാം.
നെസ്റ്റില്‍ പങ്കെടുക്കുന്നതിന് www.nest.exam.in  എന്ന വെബ്സൈറ്റിലൂടെ ജനുവരി രണ്ടു മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.  2017 മാര്‍ച്ച് ആറുവരെ അപേക്ഷകള്‍ സ്വീകരിക്കും.
 ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 14 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ടെസ്റ്റ് സിലബസും മുന്‍വര്‍ഷങ്ങളിലെ എന്‍ട്രന്‍സ് ചോദ്യപേപ്പറുകളും വെബ്സൈറ്റിലുണ്ട്. ഇത് എന്‍ട്രന്‍സ് പരീക്ഷക്കുള്ള തയാറെടുപ്പിന് സഹായകമാവും.
നൈസറില്‍ 172 സീറ്റുകളും യു.എം -ഡി.എ.ഇ സി.ബി.എസില്‍ 47 സീറ്റുകളുമാണ് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സിലുള്ളത്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഈ രണ്ടു സ്ഥാപനങ്ങളിലും റെസിഡന്‍ഷ്യല്‍ പാഠ്യപദ്ധതിയായതിനാല്‍ അഡ്മിഷന്‍ ലഭിക്കുന്നപക്ഷം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയില്‍ മികച്ച പഠന സൗകര്യങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. മെറിറ്റടിസ്ഥാനത്തില്‍ ഇന്‍സ്പെയര്‍ സ്കോളര്‍ഷിപ്പുകളും ലഭിക്കും. പ്രതിമാസം 5,000 രൂപ വീതമാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക. നെസ്റ്റ് -2017 സംബന്ധിച്ച സമഗ്ര വിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.nest.exam.in എന്ന വെബ്സൈറ്റിലും ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സുകളുടെ വിശദ വിവരങ്ങള്‍ www.niser.ac.in, www.cbs.ac.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കുന്നതാണ്.
 
Show Full Article
TAGS:education 
Web Title - http://54.186.233.57/node/add/article
Next Story