പ്ലസ് ടു സയന്‍സുകാരുടെ ഉപരിപഠന സാധ്യതകൾ
text_fieldsപ്ലസ് ടു ഫലം വന്നു. ഇനിയെല്ലാവരും അന്വേഷണങ്ങളിലായിരിക്കും ഏത് കോഴ്സ്? എവിടെ? പ്ലസ് ടു തലത്തില്‍ സയന്‍സ്, കോമേഴ്സ് ഹ്യുമാനിറ്റീസ് എന്നീ മൂന്നു സ്ട്രീമുകള്‍ ഉണ്ടായിരുന്നു. സയന്‍സിൽതന്നെ പ്രധാനമായും മൂന്നു കോമ്പിനേഷനുകളുണ്ട്. കെമിസ്ട്രി, ബയോളജി, മാത്സ്, ഫിസിക്സ് വിഷയങ്ങള്‍ ഉൾക്കൊള്ളിച്ച സമ്പൂര്‍ണ ബയോ മാത്സ് സ്ട്രീം. മറ്റൊന്ന് ബയോളജി ഒഴിവാക്കി പകരം കമ്പ്യൂട്ടര്‍ സയന്‍സ് പോലുള്ള വിഷയങ്ങള്‍ ഉൾക്കൊള്ളിച്ച കമ്പ്യൂട്ടര്‍ സയന്‍സ് സ്ട്രീം. മൂന്നാമത്തേത് ഗണിതം ഒഴിവാക്കി അതിനു പകരം ഹോംസയന്‍സ്, സൈക്കോളജിപോലുള്ളവ ഉൾക്കൊള്ളിച്ച ബയോളജി ഗ്രൂപ്.
മൊത്തത്തില്‍ സയന്‍സുകാര്‍ക്കുള്ള വിവിധ ഉപരിപഠന സാധ്യതകളെക്കുറിച്ച് നമുക്ക് ഒന്ന് ചര്‍ച്ച ചെയ്യാം. ബയോ മാത്സ് പ്ലസ് ടു സ്ട്രീമിനാണ് ഏറ്റവും കൂടുതല്‍ ഉപരിപഠന സാധ്യതയുള്ളത്. ഒരേസമയം എല്ലാ സ്ട്രീമുകള്‍ക്കുമുള്ള തുടര്‍പഠന സാധ്യതകള്‍ ഇവര്‍ക്ക് ഉപയോഗിക്കാം. പ്ലസ് ടു സയന്‍സ് കഴിഞ്ഞുള്ള ഉപരിപഠന സാധ്യതകളെ നമുക്ക് അഞ്ച് വിശാല മേഖലകളായി തരംതിരിക്കാം.
പ്രഫഷണല്‍ കോഴ്സുകള്‍
വിവിധ മേഖലകളിലായി ഒരുപാട് കോഴ്സുകളുണ്ട് പ്രഫഷണല്‍ കോഴ്സ് ഗ്രൂപ്പില്‍. ബയോളജി പ്ലസ് ടു തലത്തില്‍ പഠിച്ചവര്‍ക്ക് ഒട്ടേറെ കോഴ്സ് വൈവിധ്യങ്ങളുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, നാച്ചുറോപ്പതി എന്നിങ്ങനെയുള്ള കോഴ്സുകള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിതന്നെ പ്രവേശനം നേടണം. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്കാണ് പ്രവേശനം.
അലൈഡ് സയന്‍സ് എന്നറിയപ്പെടുന്ന വിഭാഗമാണ് അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ് തുടങ്ങിയവ. നീറ്റ് എഴുതി, പരീക്ഷാ ഫലം കേരള റാങ്കിലേക്ക് മാറ്റിയാണ് ഈ കോഴ്സുകള്‍ക്ക് കേരളത്തില്‍ പ്രവേശനം നല്‍കുന്നത്. എന്നാല്‍, വെറ്ററിനറി ഒഴികെയുള്ള കോഴ്സുകള്‍ക്ക് അഖിലേന്ത്യാതലത്തില്‍ കോമണ്‍ യൂനിവേഴ്സിറ്റി എൻട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് (അഖിലേന്ത്യാ ക്വോട്ട സീറ്റുകള്‍ക്ക്) പ്രവേശനം നല്‍കുന്നത്. വെറ്ററിനറി കോഴ്സിന്‍റെ അഖിലേന്ത്യാ ക്വോട്ട പ്രവേശനം വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ, നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ വേറെതന്നെയാണ് നടത്തുന്നത്.
ബയോടെക്നോളജി, ജനറ്റിക്സ് പോലുള്ള ഗവേഷണ പ്രാധാന്യമുള്ള കോഴ്സുകള്‍ അലൈഡ് കോഴ്സുകളുടെ ഉപരിപഠന സാധ്യതയാണ്, എന്നല്ല ഈ ഗവേഷണമേഖലകളുടെ ഏറ്റവും മികച്ച കോമ്പിനേഷന്‍തന്നെ ഇവയാണ്.
പാരാമെഡിക്കല്‍ എന്നറിയപ്പെടുന്ന വലിയ വിഭാഗം കോഴ്സുകളുണ്ട്. നഴ്സിങ്, പാരാമെഡിക്കല്‍ വിഭാഗത്തില്‍പെടുന്ന കോഴ്സ് അല്ലെങ്കിലും സൗകര്യത്തിനായി ഈ വിഭാഗത്തില്‍ പെടുത്താം. ബി.എസ്‍സി നഴ്സിങ്, ബി.എസ്‍സി എം.എല്‍.ടി (മെഡിക്കല്‍ ലാബ് ടെക്നോളജി), ബി.ഫാം/ ഫാം.ഡി എന്നീ കോഴ്സുകൾ ഡെവലപ്പിങ് കോഴ്സുകളായി പരിഗണിക്കാം. വ്യത്യസ്ത തൊഴില്‍ അവസരങ്ങളും ഉപരിപഠന സാധ്യതകളും ഉള്ളതിനാലാണിത്.
കാര്‍ഡിയാക് വാസ്കുലര്‍ ടെക്നോളജി, മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി/മെഡിക്കല്‍ റേഡിയോ തെറപ്പി, എമര്‍ജന്‍സി കെയര്‍ ടെക്നോളജി, റെസ്പ്പിറേറ്ററി ടെക്നോളജി, അനസ്തേഷ്യ ആന്‍ഡ് ഓപറേഷന്‍ തിയറ്റര്‍ ടെക്നോളജി മുതലായവ ടെര്‍മിനല്‍ കോഴ്സ് ഗണത്തിലാണ്. നിലവില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും ഉപരിപഠന സാധ്യത വളരെ കുറവാണ് എന്നതാണ് കാരണം.
ഒപ്റ്റോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബ്ലഡ് ബാങ്കിങ്, ഡയാലിസിസ് കോഴ്സുകള്‍ സാച്ചുറേറ്റഡ് കോഴ്സ് വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. നിലവില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും ക്രമേണ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞേക്കാം. ഇത്തരം ഗണനകള്‍ക്ക് അപ്പുറം, ഏത് കോഴ്സും വളരെ പാഷനേറ്റ് ആയി ചെയ്യുകയും സ്വന്തമായി ഇടം കണ്ടെത്തുകയും ചെയ്യുന്നവര്‍ക്ക് അവസരങ്ങളുണ്ടെന്ന് മനസ്സിലാക്കുക. കേരളത്തില്‍ എൽ.ബി.എസ് വഴി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫാര്‍മസി ഒഴിച്ചുള്ള കോഴ്സുകള്‍ക്ക് പ്രവേശനം. ഫാര്‍മസി കോഴ്സിന് കീം വഴിയാണ് പ്രവേശനം. ഫാം.ഡി കോഴ്സിന് അതാത് സ്ഥാപനങ്ങള്‍ വഴിയും.
റീഹാബിലിറ്റേഷന്‍ കോഴ്സുകള്‍: ഫിസിയോതെറപ്പി, ഒക്യൂപ്പേഷനല്‍ തെറപ്പി, സ്പീച് ലാങ്ഗ്വേജ് പതോളജി അഥവാ ഓഡിയോളജി എന്നിവ ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. മെഡിക്കല്‍/ക്ലിനിക്കല്‍ പ്രാക്ടീസ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്ക് പ്രാക്ടീസ് ഓറിയന്‍റഡ് കോഴ്സുകളായി ഇവയെ ഉപയോഗിക്കാം. സ്പെഷലൈസ്ഡ് മാസ്റ്റര്‍ പ്രോഗ്രാമുകള്‍ ഉപരിപഠന സാധ്യതയായി ഉണ്ട്. കേരളത്തില്‍ എല്‍.ബി.എസ് വഴിയാണ് പ്രവേശനം.
അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍: ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റടിക്സ്, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി മുതലായ ചില കോഴ്സുകളെ ഈ ഗണത്തില്‍ പെടുത്താം. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി എന്നിവ ഉപരിപഠനവും തൊഴില്‍ സാധ്യതകളും ഉള്ളവയാണ്. എന്നാല്‍ അനാട്ടമി, ഫിസിയോളജി മുതലായവ തികച്ചും റിസര്‍ച് ഓറിയന്‍റഡ് കോഴ്സുകളാണ്.
എൻജിനീയറിങ് ടെക്നോളജി കോഴ്സുകള്‍: ഏതാണ്ട് 120ലധികം ഡിഗ്രി കോഴ്സുകള്‍ ഈ മേഖലകളില്‍ ഉണ്ട്. കേരളത്തില്‍ മാത്രം 50ലധികം കോഴ്സുകൾ. സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ്, കെമിക്കല്‍ എൻജിനീയറിങ്, മെക്കാനിക്കല്‍ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നിവ പ്രധാന ബ്രാഞ്ചുകളാണ്.
ഡിഗ്രി കോഴ്സുകള്‍
പ്ലസ് ടു കഴിഞ്ഞാല്‍ പ്രഫഷണല്‍ കോഴ്സുകള്‍ വേണ്ട, പകരം ഏതെങ്കിലും സാധാ ഡിഗ്രികളില്‍ ഒന്ന് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് ഡിഗ്രി തെരഞ്ഞെടുപ്പില്‍ സൂക്ഷ്മത പാലിക്കാന്‍ കോഴ്സുകളെ നാല് വിശാലമായ ഗ്രൂപ്പുകളായി തിരിക്കാവുന്നതാണ്.
ശുദ്ധശാസ്ത്ര [Pure Science] കോഴ്സുകള്‍ അല്ലെങ്കില്‍ പരമ്പരാഗത ശാസ്ത്ര [Traditional Science] കോഴ്സുകള്‍: ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ജിയോളജി മുതലായ കോഴ്സുകള്‍ ഈ ഗണത്തില്‍ പെടുന്നു. അധ്യാപനം, ഗവേഷണം എന്നിവയാണ് ഇവയുടെ പ്രധാന സാധ്യതകള്‍. കൃത്യവും ക്ലിഷ്ടവുമായ ചില തൊഴില്‍ മേഖലകള്‍ സര്‍ക്കാര്‍- സ്വകാര്യ തലത്തിൽ കാണാമെങ്കിലും എണ്ണത്തില്‍ ചുരുക്കമാണ്. ഫിസിക്സ്, കെമിസ്ട്രി ഡിഗ്രിക്കാര്‍ക്കുള്ള സയന്റിഫിക് അസിസ്റ്റന്റ് ,ഫോറന്‍സിക് അസിസ്റ്റന്റ്, എയര്‍ ട്രാഫിക് കൺട്രോളര്‍ തുടങ്ങിയ തൊഴില്‍ സാധ്യതകള്‍ക്ക് പുറമേ, എല്ലാ ഡിഗ്രിക്കാര്‍ക്കും ലഭ്യമായ ചില ജോലി സാധ്യതകളും അവസരങ്ങളാണ്. മാത്രമല്ല ഉപരിപഠന സാധ്യതകളുടെ വൈവിധ്യം മേറ്റത് കോഴ്സുകളെക്കാളും ഇവയ്ക്ക് കൂടുതലാണ്.
അപ്ലൈഡ് സയന്‍സ് ഡിഗ്രികള്‍: ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്, മൈക്രോബയോളജി, ബയോമെഡിക്കല്‍ സയന്‍സ് തുടങ്ങിയ ഡിഗ്രി കോഴ്സുകളാണ് ഈ ഗണത്തില്‍. വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്ക് പൊതുവേ ഈ കോഴ്സുകള്‍ നല്ല തെരഞ്ഞെടുപ്പാണ്. വൈറോളജി, ഇമ്യൂണോളാജി, ഹെമറ്റൊളജി, ജനറ്റിക്സ്, പാരാസൈറ്റോളജി, എംബ്രിയോസയന്‍സ് എന്നിങ്ങനെയുള്ള ഗവേഷണതലത്തിലെ വൈവിധ്യമാര്‍ന്ന ചില മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് ഇവ നല്ലതാണ്.
സെമി പ്രഫഷണല്‍ കോഴ്സുകള്‍: ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പഠിക്കാവുന്നതും ഹ്രസ്വകാല തൊഴിലധിഷ്ഠിത പരിശീലനം നേടിയെടുത്താല്‍ ജോലി സാധ്യതയുള്ളതുമാണ് ഇത്തരം കോഴ്സുകള്‍. ബി.സി.എ, ബി.എസ്‍സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്‍സി ഫൂഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി മുതലായവ ഉദാഹരണം.
വൊക്കേഷണല്‍ കോഴ്സുകള്‍: പ്രായോഗിക പരിശീലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വന്ന കോഴ്സാണ് ബി.വോക് അഥവാ വോക്കേഷനല്‍ ഡിഗ്രി കോഴ്സുകള്‍. 60 ശതമാനത്തില്‍ അധികവും പ്രായോഗിക പരിശീലനം ഉൾക്കൊള്ളിച്ച ഈ കോഴ്സ് ഘടന സൈദ്ധാന്തിക പഠനത്തിൽ താൽപര്യമില്ലാത്തവര്‍ക്കും തൊഴില്‍പരിശീലനത്തില്‍ താൽപര്യമുള്ളവര്‍ക്കും ഏറ്റവും അനുയോജ്യമാണ്. ഡയാലിസിസ്, അനസ്തേഷ്യ, ഓട്ടോമൊബൈല്‍, ഒപ്റ്റോമെട്രി, എം.എല്‍.ടി എന്നീ മേഖലകളിലൊക്കെ ഈ കോഴ്സുകള്‍ കാണാവുന്നതാണ്.
ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍
പാരാമെഡിക്കല്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം കോഴ്സുകള്‍ ഉള്ളത്. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി, ലാബ് ടെക്നോളജി, ഒഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ ടെക്നോളജി, അനസ്തേഷ്യ തുടങ്ങിയവ ഉദാഹരണം. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്ലസ് ടു കാര്‍ക്ക് നല്‍കിവരുന്ന കോഴ്സുകള്‍ ഏത് സ്ട്രീം കഴിഞ്ഞവർക്കും പഠിക്കാം.
ഡിപ്ലോമ ഇന്‍ അഗ്രികള്‍ചറല്‍ സയന്‍സ്, ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍, പഞ്ചകര്‍മ, ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി, ഫാഷന്‍ ഡിസൈനിങ്, ഫോട്ടോ ജേണലിസം എന്നിങ്ങനെ നിരവധി കോഴ്സുകള്‍ പ്ലസ് ടു കാര്‍ക്ക് ചെയ്യാം.
തൊഴിലധിഷ്ഠിത മത്സര പരീക്ഷകള്‍
കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ മുതലങ്ങോട്ട് വ്യത്യസ്തങ്ങളായ തൊഴില്‍ മത്സര പരീക്ഷകളുണ്ട്. ഇത്തരം മത്സര പരീക്ഷകള്‍ സ്വതന്ത്രമായോ ഡിഗ്രി പഠിക്കുമ്പോഴോ ചെയ്യാവുന്നതാണ്.
ഡിസൈനിങ് മേഖല
കണക്കും സയന്‍സ് വിഷയങ്ങളും പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രം ചേരാന്‍ പറ്റുന്നതാണ് ബി.ആര്‍ക്ക് എങ്കില്‍, എല്ലാ സ്ട്രീം കാര്‍ക്കും ചേരാന്‍ പറ്റുന്നതാണ് ബി ഡിസൈനിങ്, ബി.എഫ്.എ പോലുള്ള കോഴ്സുകള്‍.
എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന മേഖലകള്‍
എല്‍എല്‍.ബി, ബി.ബി.എ, ബി.എ, ബി.കോം മുതലായ ജനറലായി എല്ലാവര്‍ക്കും ചേരാന്‍ പറ്റുന്ന കോഴ്സുകളും സയൻസുകാര്‍ക്ക് ചെയ്യാവുന്നതാണ്. ഏത് മേഖലയാണ് കഴിവിന് അനുസരിച്ച് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി, ഏറ്റവും മികച്ചത് മാത്രം തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

