ഹൈസ്കൂൾ ക്ലാസ് സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടും; യു.പി ക്ലാസുകൾക്ക് രണ്ട് ശനിയാഴ്ച കൂടി അധ്യയനദിനമാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് വെള്ളിയാഴ്ചകൾ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ അരമണിക്കൂർ അധ്യയന സമയം വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ തീരുമാനം. വിദ്യാഭ്യാസ കലണ്ടറിന് രൂപം നൽകാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഹൈസ്കൂൾ ക്ലാസുകൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിർദേശിച്ച, വർഷത്തിൽ 1200 മണിക്കൂർ തികക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിദിനം അര മണിക്കൂർ വർധിപ്പിക്കാനുള്ള തീരുമാനം. പുതിയ അധ്യയനവർഷത്തിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് ആറാം പ്രവൃത്തിദിനമല്ലാതെ വരുന്ന ആറ് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 204 അധ്യയന ദിനങ്ങൾ ഉറപ്പുവരുത്തും. 204 അധ്യയന ദിനങ്ങളും ഇവയിൽ വെള്ളിയാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ വർധിപ്പിക്കുന്നതും ചേർത്ത് 1200 മണിക്കൂർ തികക്കാനാണ് തീരുമാനം. അര മണിക്കൂർ രാവിലെയോ ഉച്ചക്കുശേഷമാണോ വർധിപ്പിക്കേണ്ടതെന്നതിൽ വകുപ്പ് തലത്തിൽ തീരുമാനമെടുക്കും.
ഒന്നു മുതൽ നാലു വരെയുള്ള എൽ.പി ക്ലാസുകൾക്ക് 800 മണിക്കൂർ അധ്യയനം മതിയെന്നതിനാൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല. എന്നാൽ, ആയിരം മണിക്കൂർ വേണ്ട യു.പി ക്ലാസുകൾക്ക് ആറാം പ്രവൃത്തി ദിനമായി വരാത്ത രണ്ട് ശനിയാഴ്ചകൾ കൂടി അധ്യയനദിനമാക്കും.
വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് തീരുമാനമെടുക്കാത്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് അടിയന്തര ക്യു.ഐ.പി യോഗം ചേർന്ന് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് വൈകാതെ ഉത്തരവിറങ്ങും. അധ്യയനദിനം സംബന്ധിച്ച് അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് ഭിന്നതയിലായിരുന്നു.
കഴിഞ്ഞവർഷം 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി 220 പ്രവൃത്തി ദിവസങ്ങളോടെ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ഹരജിയിൽ ഹൈകോടതി റദ്ദാക്കിയിരുന്നു. തുടർന്ന്, വിഷയം പഠിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു. വിദഗ്ധരടങ്ങിയ സമിതി പഠനം നടത്തി രണ്ടാഴ്ചമുമ്പ് സർക്കാറിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിലെ പ്രധാന ശിപാർശകളിലൊന്നായിരുന്നു ഹൈസ്കൂൾ ക്ലാസുകൾക്ക് അര മണിക്കൂർ വർധിപ്പിച്ച് ആവശ്യമായ സമയം തികക്കണമെന്നത്. ശനിയാഴ്ചകൾ അധ്യയന ദിനമാക്കേണ്ടതില്ലെന്നും അനിവാര്യമെങ്കിൽ മാത്രം ആറാം പ്രവൃത്തിദിനമായി വരാത്ത ശനിയാഴ്ചകൾ ഉപയോഗിക്കാമെന്നുമായിരുന്നു സമിതിയുടെ ശിപാർശ.
പ്രതിപക്ഷ അധ്യാപക സംഘടനകൾ ബഹിഷ്കരിച്ചു
തിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാതെ ഓൺലൈനിൽ വിളിച്ചുചേർത്ത ക്യു.ഐ.പി യോഗം പ്രതിപക്ഷ അധ്യാപക സംഘടനകളായ കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവും ബഹിഷ്കരിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടന്ന യോഗത്തിന്‍റെ അറിയിപ്പ് വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വാട്സ്ആപ് സന്ദേശമായി അധ്യാപക സംഘടന പ്രതിനിധികൾക്ക് നൽകിയത്.
വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് പോലും കൈമാറാതെ, ചുരുങ്ങിയ സമയ നോട്ടീസിൽ യോഗംചേർന്നത് അംഗീകരിക്കാനാകില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ എന്നിവർ പറഞ്ഞു. കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കോടതി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

