സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി
text_fieldsതിരുവനന്തപുരം: മൂന്ന് സർവകലാശാലകളുടെ നിയമത്തിൽ മാറ്റംകൊണ്ടുവരാൻ ലക്ഷ്യമിടുന്ന സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി. അനുമതി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്നിന് നിയമസഭയിൽ അവതരണം മാറ്റിവെച്ച ബില്ലിനാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ അനുമതിയായത്.
ഇതോടെ 20ലേക്ക് മാറ്റിവെച്ച ബില്ലിന്റെ അവതരണം തടസ്സപ്പെടുമോയെന്ന ആശങ്കക്ക് പരിഹാരമായി. കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുടെ നിയമഭേദഗതി ബില്ലിനാണ് അനുമതിയായത്. മലയാളത്തിൽ തയാറാക്കിയ ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷക്ക് മുൻകൂർ അനുമതിക്കായി അയച്ചിരുന്നെങ്കിലും ബില്ലിലെ വ്യവസ്ഥകളിൽ സംശയം ഉന്നയിച്ച ഗവർണർ തുടർ നടപടിയെടുത്തിരുന്നില്ല. ഇതേതുടർന്ന് നിയമ മന്ത്രി പി. രാജീവ് തനിച്ചും പിന്നീട് മന്ത്രിമാരായ രാജീവും ആർ. ബിന്ദുവും ഗവർണറെ കണ്ട് ബില്ലിന്റെ അനിവാര്യത വിശദീകരിച്ചിരുന്നു.
ചാൻസലറായ ഗവർണറുടെ അധികാരത്തിൽ കുറവുവരുത്തുന്ന ഭേദഗതികളൊന്നും ബില്ലിൽ ഇല്ലെന്നും മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി സർവകലാശാലകളുടെ ബിൽ ഇംഗ്ലീഷിൽ തന്നെ തയാറാക്കിയതിനാൽ ഗവർണറുടെ മുൻകൂർ അനുമതി വേണ്ടിയിരുന്നില്ല. അഞ്ച് സർവകലാശാലകളിൽ നിയമഭേദഗതി നിർദേശിക്കുന്ന ബിൽ കഴിഞ്ഞ മൂന്നിന് സഭയിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്തിരുന്നു.
അംഗങ്ങൾക്ക് ബില്ലിന്റെ പരിഭാഷ ലഭ്യമാക്കാത്ത കാരണം ചൂണ്ടിക്കാട്ടി മൂന്ന് സർവകലാശാലകളുടെ നിയമഭേദഗതി ബില്ലിന്റെ അവതരണം മാർച്ച് 20ലേക്ക് മാറ്റിയതായി സ്പീക്കർ റൂളിങ് നടത്തിയിരുന്നു.മുൻകൂർ അനുമതിയായതോടെ 20ന് തന്നെ ബിൽ സഭയിൽ അവതരിപ്പിക്കും.അഞ്ച് സർവകലാശാലകളുടെ നിയമഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം 25ന് സഭയിൽ തിരിച്ചുവരും. 20ന് അവതരിപ്പിക്കുന്ന മൂന്ന് സർവകലാശാലകളുടെ ബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം 25ന് സഭയിൽ കൊണ്ടുവന്ന് പാസാക്കാനാണ് സർക്കാർ തീരുമാനം. ബില്ലിന് മുൻകൂർ അനുമതി ലഭിച്ചത് അനുനയത്തിൽ മുന്നോട്ടുപോവുകയെന്ന ഗവർണറുടെയും സർക്കാറിന്റെയും നിലപാടിന് ശക്തിപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

