ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട കേന്ദ്രമായി ജർമനി; യു.എസും കാനഡയും തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറയുന്നു
text_fieldsമറ്റേതൊരു വിദേശ രാജ്യത്തേക്കാളും ജർമനിയിൽ ഉന്നതപഠനം നടത്താനാണ് ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് റിപ്പോർട്ട്. ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ജർമനിയുടെ ജനകീയത വളരെയധികം വർധിച്ചതായാണ് ദ അപ്ഗ്രേഡ് ട്രാൻസ്നാഷനൽ എജ്യൂക്കേഷൻ(ടി.എൻ.ഇ) 2024-25ലെ റിപ്പോർട്ട്. യു.എസ്, കാനഡ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ജർമനിയുടെ മുന്നേറ്റം. ഈ വർഷം യു.എസ് യൂനിവേഴ്സിറ്റികളിൽ ഉന്നത പഠനത്തിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 13 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കാനഡയിലെ യൂനിവേഴ്സിറ്റികളിൽ പഠനത്തിന് എത്തിയവരുടെ എണ്ണം 17.85 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി കുറഞ്ഞു.
അതേസമയം 2022 ൽ 13.2 ശതമാനം വിദേശ വിദ്യാർഥികളാണ് ജർമനിയിലെത്തിയിരുന്നത്. അത് 2023-25 വർഷത്തിൽ 32.6 ശതമാനമായി വർധിച്ചു. ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഹബായി മാറി എന്നർഥം.
അതോടൊപ്പം യു.എ.ഇയും ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട പഠന കേന്ദ്രമായി മാറിയിട്ടുണ്ട്. യു.എ.ഇയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ കണക്കിൽ 42 ശതമാനവും ഇന്ത്യക്കാരാണ്. സമീപ കാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ അയർലൻഡ്(3.9ശതമാനം), ഫ്രാൻസ്(3.3 ശതമാനം) എന്നിവയും ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട പഠന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
ഒരുലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളിൽ നടത്തിയ സർവേ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയത്. അവരിൽ പലരുടെയും പഠന ലക്ഷ്യങ്ങളും മാറിയിട്ടുണ്ട്. അതിനാൽ തന്നെ പലർക്കും യു.എസ് പഠനത്തിന് മുൻഗണനയിലുള്ള രാജ്യമേ അല്ലാതായി മാറി. പഠനത്തിൽ പങ്കെടുത്ത 19.9 ശതമാനം പേർ മാത്രമാണ് പെർമനന്റ് റെസിഡൻസി ആണ് പ്രധാന ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടത്. 45.7 ശതമാനം പേരും കരിയറിലെ നേട്ടങ്ങളാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി. കേവലം പൗരത്വം നേടിയെടുത്ത് വിദേശ രാജ്യങ്ങളിൽ താമസമാക്കുക എന്നതിനേക്കാളുപരി ഇന്ത്യൻ വിദ്യാർഥികൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതിക്കാണ് മുൻഗണന നൽകുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.
വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായവും പ്രധാന കാര്യമാണ്. സർവേയിൽ പങ്കെടുത്ത 33 ശതമാനം വിദ്യാഭ്യാസ വായ്പകൾ വഴിയും 28 ശതമാനം സ്കോളർഷിപ്പുകളെയുമാണ് ആശ്രയിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ കോഴ്സുകളിൽ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്കാണ് മുൻഗണനയുള്ളത്. 86.5 ശതമാനം വിദ്യാർഥികളും മാസ്റ്റേഴ്സ് ബിരുദമാണ് തെരഞ്ഞെടുത്തത്. അതിൽ തന്നെ മാനേജ്മെന്റ്, എം.ബി.എ കോഴ്സുകൾക്കാണ് ഏറെ ആവശ്യം. മൂന്നുവർഷത്തിനിടെ ഈ കോഴ്സുകൾ പഠിക്കാനെത്തുന്നവരുടെ എണ്ണം 30 ശതമാനത്തിൽ നിന്ന് 55.6 ശതമാനമായാണ് വർധിച്ചത്.
ടെക്നോളജി, മാനേജ്മെന്റ്, സയൻസ് അധിഷ്ഠിത കോഴ്സുകളും ആഗോള തലത്തിൽ അവസരങ്ങൾ നൽകുന്നുണ്ട്.
2024ൽ 7.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് വിദേശ രാജ്യങ്ങളിൽ ഉന്നത പഠനത്തിന് എത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അവരുടെ ഭൗമരാഷ്ട്രീയ ബോധം അപാരമാണെന്നും ചെലവ് കുറക്കുന്നതിനെ കുറിച്ചാണ് അവർ ചിന്തിക്കുന്നതെന്നും കരിയർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗതമായി ചേക്കേറിയിരുന്ന നാലു രാജ്യങ്ങളെ വിട്ട് യൂറോപ്പ്, മിഡിൽ ഈസ്റ്റ് പോലുള്ള ഇടങ്ങളിലേക്ക് ചേക്കേറാൻ അവർ തയാറാകുന്നു. സുസ്ഥിരമായി ബദൽ സാധ്യതകളാണ് അവർ തേടിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

