ഗേറ്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഒക്ടോബർ ആറ് വരെ പിഴയില്ലാതെ അപേക്ഷ സമർപ്പിക്കാം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഗുവാഹത്തി ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ്) 2026ന്‍റെ രജിസ്ട്രേഷൻ സമയപരിധി നീട്ടി. gate2026.iitg.ac.in വഴി 2025 ഒക്ടോബർ ആറ് വരെ പിഴയില്ലാതെ അപേക്ഷ സമർപ്പിക്കാം. ഈ വിൻഡോ നഷ്ടപ്പെടുന്നവർക്ക് 2025 ഒക്ടോബർ ഒൻപത് വരെ അവസാന ഫീസ് അടച്ച് അപേക്ഷിക്കാം. അപേക്ഷകർ അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് അവരുടെ എൻറോൾമെന്‍റ് ഐഡിയും പാസ്‌വേഡും നൽകണം.
അതേസമയം ഐ.ഐ.ടി ഗുവാഹത്തി പരീക്ഷാ ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി അറിയിച്ചിട്ടുണ്ട്. ഐ.ഐ.ടി ഗുവാഹത്തി 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിൽ ഗേറ്റ് 2026 നടത്തും. ഫലം 2026 മാർച്ച് 19 ന് പ്രഖ്യാപിക്കും. യു.പി.എസ്.സി എഞ്ചിനീയറിങ് സർവീസ് പരീക്ഷ (ഇ.എസ്.ഐ) ഫെബ്രുവരി എട്ടിന് നടത്താൻ തീരുമാനിച്ചതിനാലാണ് ഗേറ്റ് പരീക്ഷ മാറ്റിയത്. പുതുക്കിയ ടൈംടേബിൾ ഉടൻ തന്നെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കോൾസ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയത ചില പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും. അതോടൊപ്പം കേന്ദ്ര സർക്കാറിന്റെ ഗ്രൂപ്പ് തസ്തികളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കും. എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് തലത്തിലെയും മറ്റു വിഷയങ്ങളിൽ അണ്ടർഗ്രാജ്വേറ്റ് / പോസ്റ്റ്–ഗ്രാജ്വേറ്റ് തലങ്ങളിലെയും പ്രകടനമാണ് ഗേറ്റിൽ വിലയിരുത്തുക.
ഗേറ്റ് യോഗ്യത നേടുന്നവർക്ക് ഉന്നത പഠനത്തിന് സാമ്പത്തിക സഹായവും ലഭികകും. യോഗ്യതയുള്ള എം.ഇ, എം.ടെക്, എം.ആർക്, എം.ഫാം വിദ്യാർഥികൾക്ക് 12,400 രൂപ പ്രതിമാസ സ്റ്റൈപ്പൻഡുണ്ട്. ബി.ടെക് / എം.എസ്.സി യോഗ്യതയും ഗേറ്റ് സ്കോറും ആയി നേരിട്ടു പി.എച്ച്ഡി പ്രവേശനം നേടുന്നവർക്ക് ആദ്യ രണ്ടു വർഷം 37,000 രൂപ, തൊട്ടടുത്ത മൂന്നു വർഷം 42,000 രൂപ എന്നീ ക്രമത്തിൽ പ്രതിമാസ ഫെലോഷിപ് ലഭിക്കും. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും 23 ഐ.ഐ.ടികളും ചേർന്നാണ് ഗേറ്റ് 2026 നടത്തുന്നത്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഈ പരീക്ഷയുടെ ചുമതല ഐ.ഐ.ടി ഗുവാഹത്തിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

