ചെലവില്ലാതെ പഠിക്കാം; ഒഡീഷയിൽ കെ.ജി മുതൽ പി.ജി വരെയുള്ള വിദ്യാഭ്യാസം ഇനി പൂർണമായും സൗജന്യം
text_fieldsഭുവനേശ്വർ: ഒഡീഷയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സർക്കാർ കോളജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് ഇനി മുതൽ ഉന്നത വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാഝി പ്രഖ്യാപിച്ചു. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ, ജനക്ഷേമകരമായ ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾക്കാണ് സർക്കാർ ചിറക് നൽകുന്നത്. 'കെ.ജി ടു പി.ജി' (KG to PG) എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി, കിന്റർഗാർട്ടൻ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള പഠനം പൂർണ്ണമായും സൗജന്യമാക്കുന്ന രാജ്യത്തെ തന്നെ അപൂർവ്വമായ വിദ്യാഭ്യാസ മാതൃകയാണ്.
പത്താം ക്ലാസ് വരെ ഒഡീഷയിൽ നേരത്തെ തന്നെ വിദ്യാഭ്യാസം സൗജന്യമായിരുന്നു. ഈ അടിത്തറയിൽ നിന്നുകൊണ്ട്, സാമ്പത്തിക പ്രതിസന്ധികൾ കാരണം ഉന്നത പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന പാവപ്പെട്ട വിദ്യാർഥികളുടെയും മധ്യവർഗ്ഗ കുടുംബങ്ങളുടെയും വലിയൊരു ആശ്രയമായി ബിരുദ, ബിരുദാനന്തര തലങ്ങളിലെ ഈ സൗജന്യ വിദ്യാഭ്യാസം മാറുമെന്നുറപ്പാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള ഈ തീരുമാനത്തിലൂടെ, ഒഡീഷ വിദ്യാഭ്യാസ രംഗത്ത് വലിയൊരു മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പത്ത് ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഈ പദ്ധതി നേരിട്ട് ഗുണം ചെയ്യും.
സർക്കാർ കോളജുകളിലെയും സർവകലാശാലകളിലെയും ഫീസ് ഘടന നിലവിൽ താരതമ്യേന കുറവാണെങ്കിലും, മുഴുവൻ ഫീസും ഒഴിവാക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 30 കോടി രൂപയുടെ അധിക ചെലവാണ് സർക്കാർ ഖജനാവിൽ നിന്ന് വരുന്നത്. എന്നാൽ, വിദ്യാർഥികളുടെ ഭാവിയാണ് ഈ സാമ്പത്തിക ബാധ്യതയേക്കാൾ വലുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ പേർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കുന്നതിനുമായി സംസ്ഥാനത്ത് നാല് പുതിയ സർവകലാശാലകൾ കൂടി സർക്കാർ ആരംഭിക്കും.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഫീസില്ലായ്മയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് മികച്ച അധ്യാപകരിലൂടെ മാത്രമേ സാധ്യമാകൂ എന്നും സർക്കാർ തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായി വൻ തോതിലുള്ള അധ്യാപക നിയമനമാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 26,000 അധ്യാപകരെ നിയമിച്ച സർക്കാർ, വരും വർഷങ്ങളിൽ 45,000ലധികം അധ്യാപകരെ കൂടി നിയമിക്കുമെന്ന് ഉറപ്പുനൽകി. ഇത് ഒഡീഷയിലെ സ്കൂൾ, കോളജ് തലങ്ങളിലെ അധ്യാപക-വിദ്യാർഥി അനുപാതം ക്രമീകരിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

