Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎഞ്ചിനീയറിങ് പഠനമടക്കം...

എഞ്ചിനീയറിങ് പഠനമടക്കം സൗജന്യം; വിപുലപദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

text_fields
bookmark_border
Mammootty Free Study Project
cancel
Listen to this Article

കൊച്ചി: എഞ്ചിനീയറിങ് അടക്കം അശരണരായ വിദ്യാർഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിടാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും എം.ജി.എമ്മും. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന 'വിദ്യാമൃതം' പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം. ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.

പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമാകും. എഞ്ചിനീയറിങ്ങിന്‍റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കോമെഴ്‌സ്, ബിരുദ, ബിരൂദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ - ബിരുദാനന്ദര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ വിപുലമാകുന്ന പദ്ധതി, കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും.

കോവിഡും പ്രകൃതിയും അനാഥമാക്കിയ കുട്ടികൾക്ക് മുൻഗണന കൊടുക്കുന്ന പദ്ധതിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും പദ പരിഗണിക്കുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. കോളജുകളിൽ മാനേജ്‌മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ്.എസ്.എൽ.സിക്കും ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി ആയിരിക്കും പ്രവേശനം.

മമ്മൂട്ടി തന്റെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് പദ്ധതി നാടിന് സമർപ്പിച്ചത്. "കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്." എന്ന് പദ്ധതി സമർപ്പിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എറണാകുളം പാമ്പാക്കുട, മലപ്പുറം വാളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എം.ജി.എം എഞ്ചിനീയറിങ് കോളജുകൾ, തിരുവനന്തപുരത്തെ കിളിമാനൂർ, എറണാകുളം പാമ്പാക്കുട കണ്ണൂർ പിലാത്തറ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന എം. ജി.എം പോളീടെക്നിക് കോളജുകൾ കിളിമാനൂർ, പാമ്പക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എം.ജി.എം ഫർമസി കോളജുകൾ, തിരുവനന്തപുരത്തെ എം. ജി. എം ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവടങ്ങളിലുള്ള എല്ലാ കോഴ്‌സുകളും ഈ പദ്ധതിയുടെ കീഴിൽ വരുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

കോവിഡിനെ തുടർന്ന് മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്പത്തികമായി വിഷമിക്കുന്നവർക്കും പ്രകൃതി ക്ഷോഭത്തിൽ ഇരകൾ ആയി രക്ഷിതാക്കളിൽ ആരെങ്കിലും നഷ്ട്ടപ്പെടുകയോ സ്വത്തുവകകൾ നഷ്ടപ്പെടുകയോ ചെയ്തവർക്കുമാണ് പ്രധാനമായും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. ഒപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വനവാസികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ ( എസ്.എഫ്.സി ) അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്നവർ +917025335111, +9199464855111എന്ന നമ്പറിലോ വിളിച്ച് വിവരങ്ങൾ തേടി അപേക്ഷകൾ സമർപ്പിക്കണം. ഒപ്പം തന്നെ പദ്ധതിയുടെ പ്രചാരണർഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനർ കാർഡിലുള്ള ക്യുആർ കോഡ് സ്മാർട്ട്‌ ഫോണിൽ സ്കാൻ ചെയ്താൽ ഓൺലൈനായും നേരിട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളിൽ അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള നിജസ്ഥിതി അന്വേഷിച്ചു അറിയാനുള്ള ഉത്തരവാദിത്തം മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരെയാണ് ഏൽപ്പിച്ചിരിക്കുന്നത്

കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുന്നതിനായി കെയർ ആൻഡ് ഷെയറിലൂടെ മമ്മൂട്ടി വിദ്യാമൃതം - 'സ്മാർട്ട്ഫോൺ ചലഞ്ച് 'എന്ന പേരിൽ സ്മാർട്ട്‌ ഫോൺ വിതരണം നടത്തിയതിന് പിന്നാലെയാണ് വിദ്യാമൃതത്തിന്റെ രണ്ടാംഘട്ട പദ്ധതിയായി വിദ്യാർഥികൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്നത്. അയ്യായിരത്തിലധികം കുട്ടികൾക്ക് അന്ന് ഫോൺ വിതരണം ചെയ്തു. കൂട്ടിക്കൽ ഉൾപ്പെടെ പ്രകൃതി ക്ഷോഭബാധിത ഇടങ്ങളിൽ മെഡിക്കൽ സഹായങ്ങളും അദ്ദേഹം ഫൗണ്ടേഷൻ വഴി എത്തിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free studyengineering studies
News Summary - Free including engineering studies; Mammootty announces expansion plans
Next Story