നാവികസേനയിൽ പ്ലസ്ടുകാർക്ക് സൗജന്യ ബി.ടെക് പഠനവും ഓഫിസർ ജോലിയും
text_fieldsഅവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ 10 + 2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ സൗജന്യ ബി.ടെക് പഠനത്തിനും കമീഷൻഡ് ഓഫിസറായി ജോലി നേടാനൂം അവസരം. നാലുവർഷത്തെ ബി.ടെക് കോഴ്സ് 2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ തുടങ്ങും.
അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിലാണ് പഠനം. പുസ്തകങ്ങളടക്കം മുഴുവൻ പഠന-പരിശീലന ചെലവുകളും നാവികസേന വഹിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ബിരുദം സമ്മാനിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽ ലഭിക്കും.
യോഗ്യത: ജെ.ഇ.ഇ മെയിൻ-2025 (ബി.ഇ/ബി.ടെക്) അഖിലേന്ത്യ കോമൺ റാങ്ക്‍ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാകണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനവും ഇംഗ്ലീഷിന് 50 ശതമാനവും മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. (ഇംഗ്ലീഷിന് 10ാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കുണ്ടായാലും മതി). മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
2006 ജൂലൈ രണ്ടിനും 2009 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. ആകെ 44 ഒഴിവുകളാണുള്ളത്. ഇതിൽ ആറെണ്ണത്തിൽ വനിതകളെ പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനിൽ ജൂൺ 30 മുതൽ ജൂലൈ 14 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ജെ.ഇ.ഇ മെയിൻ റാങ്ക് അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ബാംഗ്ലൂർ/ഭോപാൽ/കൊൽക്കത്ത/വിശാഖപട്ടണം എന്നിവിടങ്ങളിൽ 2025 സെപ്റ്റംബർ മുതൽ സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) നടത്തുന്ന അഭിമുഖത്തിന് ക്ഷണിക്കും. ഇ-മെയിൽ/എസ്.എം.എസ് വഴി ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഇന്റർവ്യൂവിന്റെ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ആദ്യമായി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് എ.സി ത്രി ടയർ റെയിൽ നിരക്ക് അനുവദിക്കും.
ഇന്റർവ്യൂ മാർക്ക് അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി വൈദ്യപരിശോധനയും നടത്തിയാണ് കാഡറ്റുകളെ തിരഞ്ഞെടുക്കുന്നത്. പഠന-പരിശീലനങ്ങൾ പൂർത്തിയാക്കുന്നവരെ നാവികസേനയിൽ എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചിൽ സ്ഥിരം കമീഷൻഡ് ഓഫിസറായി നിയമിക്കും. സേവന-വേതന വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ അടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

