കരസേനയിൽ സൗജന്യ ബി.ടെക് പഠനവും ലഫ്റ്റനന്റ് ജോലിയും
text_fieldsകരസേനയിൽ 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിലൂടെ സൗജന്യ ബി.ടെക് പഠനത്തിനും ലഫ്റ്റനന്റായി ജോലി നേടാനും അവസരം. അപേക്ഷകർ അവിവാഹിതരായ പുരുഷന്മാരും ജെ.ഇ.ഇ (മെയിൻസ്) 2025 പരീക്ഷ അഭിമുഖീകരിച്ചവരുമാകണം. കോഴ്സ് 2026 ജനുവരിയിലാരംഭിക്കും. വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inൽ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. പ്രായം പതിനാറര (16.5) വയസ്സിനും പത്തൊമ്പതര (19.5) മധ്യേയാവണം. 2006 ജൂലൈ രണ്ടിന് മുമ്പോ 2009 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.
അപേക്ഷ: വെബ്സൈറ്റിൽ ജൂൺ 12നകം ഓൺലൈനായി അപേക്ഷിക്കാം. റോൾ നമ്പറോടുകൂടിയ അപേക്ഷയുടെ രണ്ട് പ്രിന്റ് എടുത്ത് ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകൾ സഹിതം എസ്.എസ്.ബി ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ കരുതണം. മറ്റൊരെണ്ണം റഫറൻസിനായി സൂക്ഷിക്കണം.
ജനന തീയതി തെളിയിക്കുന്നതിന് 10ാം ക്ലാസ്/എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്റ്, അസ്സൽ ഐഡി പ്രൂഫ്, ജെ.ഇ.ഇ (മെയിൻസ്) 2025 ഫലത്തിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ (രണ്ടെണ്ണം വീതം), സ്വയം സാക്ഷ്യപ്പെടുത്തിയ 20 ഫോട്ടോകൾ എന്നിവ ഇന്റർവ്യൂ സമയത്ത് കൈവശമുണ്ടായിരിക്കണം. അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് 2025 ആഗസ്റ്റ്/സെപ്റ്റംബറിൽ സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) മുമ്പാകെ ഇന്റർവ്യൂവിന് ക്ഷണിക്കും.
എസ്.എസ്.ബി ഇന്റർവ്യൂ: പ്രയാഗ് രാജ് (യു.പി), ഭോാൽ, ബംഗളൂരു, ജലന്ധർ എന്നിവിടങ്ങളിലായി അഞ്ചു ദിവസത്തോളം നീളുന്ന ഇന്റർവ്യൂവിൽ സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റിങ്, അഭിമുഖം എന്നിവ ഉൾപ്പെടും. രണ്ടു ഘട്ടമായുള്ള തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിൽ പരാജയപ്പെടുന്നവരെ മടക്കി അയക്കും. ഇന്റർവ്യൂവിൽ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പഠന പരിശീലനങ്ങൾക്ക് നിയോഗിക്കുക. ഇതിനോടനുബന്ധിച്ച് കായികക്ഷമതാ പരീക്ഷയുമുണ്ടാകും.
ആകെ 90 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്നാംഘട്ടം ഇന്റഗ്രേറ്റഡ് ബേസിക് മിലിട്ടറി, എൻജിനീയറിങ് പരിശീലനങ്ങൾ പുണെ, സെക്കന്തരാബാദ് അടക്കമുള്ള കേന്ദ്രങ്ങളിലും രണ്ടാംഘട്ട പരിശീലനം ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ.എം.എ) ഡറാഡൂണിലുമാണ് ലഭിക്കുക.
നാലുവർഷത്തെ പഠന പരിശീലനങ്ങൾ പൂർത്തിയാവുമ്പോൾ ജെ.എൻ.യു എൻജിനീയറിങ് ബിരുദം സമ്മാനിക്കും. പരിശീലന ചെലവുകൾ സർക്കാർ വഹിക്കുന്ന കാഡറ്റ് ട്രെയിനികൾക്ക് പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡുമുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന കാഡറ്റുകളെ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമിക്കും. ആകർഷകമായ നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

