Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightധിറുതിപ്പെട്ട്...

ധിറുതിപ്പെട്ട് നടപ്പാക്കുന്നതിൽ ആശങ്ക; നാലുവർഷ ബിരുദം 24ലേക്ക് മാറ്റിയേക്കും

text_fields
bookmark_border
graduation
cancel

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സും അതിനനുസൃതമായ പാഠ്യപദ്ധതി പരിഷ്കരണവും തിരക്കിട്ട് അടുത്ത വർഷംതന്നെ നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശിൽപശാല. ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിന് മുമ്പ് പാഠ്യപദ്ധതി പരിഷ്കരണ നടപടി പൂർത്തിയാക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ടെന്ന് ദ്വിദിന ശിൽപശാലയിൽ നടന്ന ചർച്ച ക്രോഡീകരിച്ച് സംസാരിച്ച പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണത്തിന് ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ എന്നിവയുടെ അംഗീകാരം ആവശ്യമാണ്.

കണ്ണൂർ സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് നിലവിൽ ഇല്ലാത്തതും കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളിൽ ബോർഡ് കാലാവധി തീരാറായതും പ്രതിസന്ധിയായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പരിഷ്കരണത്തിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ നടപടി ആരംഭിച്ചിട്ടേയുള്ളൂ.

ഇതിനു ശേഷമാണ് സർവകലാശാലകൾ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് കടക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളിലെ മാത്രം പാഠ്യപദ്ധതി തയാറാക്കി പരിഷ്കരണത്തിലേക്ക് പോകരുതെന്നും സമ്പൂർണ പാഠ്യപദ്ധതി തയാറാക്കിയായിരിക്കണം മാറ്റം നടപ്പാക്കേണ്ടതെന്നും പ്രതിനിധികളായ അധ്യാപകർ പറഞ്ഞു.

പ്രായോഗിക പ്രശ്നങ്ങളുള്ളതിനാൽ നാലുവർഷ കോഴ്സ് തുടങ്ങുന്നത് 2024ലേക്ക് മാറ്റുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. ഏതു വർഷം മുതൽ പരിഷ്കരണം നടപ്പാക്കണമെന്നു കൂടുതൽ ചർച്ചക്കു ശേഷം തീരുമാനിക്കാമെന്നും പുതിയ സാഹചര്യത്തിൽ മാറ്റം അനിവാര്യമാണെന്നും മറുപടി പറഞ്ഞ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് പറഞ്ഞു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ബിരുദ കോഴ്സ് അപേക്ഷകർ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയിലെ കാലതാമസം കുട്ടികൾ കുറയാൻ കാരണമാണ്. ഇതെല്ലാം പരിഹരിക്കാൻ പരിഷ്കരണം അനിവാര്യമാണ്. നാലു വർഷ കോഴ്സുകൾ നടപ്പാക്കുമ്പോൾ യു.ജി.സി നിശ്ചയിച്ച അളവുകോൽ കൂടി പരിഗണിക്കണം.

ചർച്ചകൾക്കു ശേഷം കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കാനാണ് ആലോചനയെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിന്‍റെ ചുമതലയുള്ള റിസർച് ഓഫിസർ ഡോ. വി. ഷെഫീഖ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:degreegraduationFour year
News Summary - four-year degree may be changed to 2024
Next Story