ഐ.ഐ.എസ്.സി ബാംഗ്ലൂരിൽ നാലുവർഷ ബി.എസ് റിസർച്ച് ബി.ടെക് (മാത്സ് ആന്റ് കമ്പ്യൂട്ടിങ്)
text_fieldsശാസ്ത്ര-സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാർജിച്ച ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി) സമർഥരായ പ്ലസ് ടു ശാസ്ത്ര വിദ്യാർഥികൾക്കായി ഈ വർഷം നടത്തുന്ന താഴെ പറയുന്ന അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പോർട്ടൽ തുറന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാർഥികളാണ് വിഖ്യാതമായ ഈ രണ്ട് പ്രോഗ്രാമുകളിലേക്കും പ്രവേശനം തേടിയെത്തുന്നത്.
1. ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്)
റിസർച്ച് പ്രോഗ്രാം: നാലു വർഷം (എട്ടു സെമസ്റ്റർ). അവസാന സെമസ്റ്റർ ഗവേഷണ പ്രോജക്ടിനുള്ളതാണ്. ലഭ്യമായ മേജർ ഡിസിപ്ലിനുകൾ-ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ്. ഇവയിലൊന്ന് സ്പെഷലൈസ് ചെയ്ത് പഠിക്കാം. ഇതോടൊപ്പം എൻജിനീയറിങ്, ഹ്യൂമാനിറ്റീസ് അടക്കമുള്ള ഇന്റർഡിസിപ്ലിനറി വിഷയങ്ങളും പഠിപ്പിക്കും. യുവശാസ്ത്രജ്ഞരെ സൃഷ്ടിക്കുവാൻ പര്യാപ്തമായ രീതിയിലാണ് പാഠ്യപദ്ധതി.
നാലുവർഷത്തെ റിസർച്ച് ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് അഞ്ചാം വർഷം തുടർപഠനം നടത്തി എം.എസ്സി ബിരുദം നേടാനുള്ള സൗകര്യം വിനിയോഗിക്കാം. ബി.എസ് റിസർച്ച് പ്രോഗ്രാമിൽ 138 സീറ്റുണ്ട്. (20 ശതമാനം സൂപ്പർ ന്യൂമററി സീറ്റുകൾ വനിതകൾക്ക്; 5 സീറ്റുകൾ വിദേശ വിദ്യാർഥികൾക്കും പ്രവാസി ഇന്ത്യക്കാർക്കും).
പ്രവേശനയോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളായി പ്ലസ് ടു/തത്തുല്യ പരീക്ഷ 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ 2023/2024 വർഷം വിജയിച്ചിരിക്കണം. (എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് പാസ് മാർക്ക് മതി). 2025ൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 അല്ലെങ്കിൽ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഐ.എ.ടി-2025) യോഗ്യത നേടണം. ഇതിന്റെ അടിസ്ഥാനത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. വാർഷിക ട്യൂഷൻ ഫീസ് 10,000 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസില്ല.
2. ബി.ടെക് (മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്), നാലു വർഷം: (എട്ടു സെമസ്റ്റർ), മാത്തമാറ്റിക്സിന് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷ്യൻ ലേണിങ്, ഡാറ്റാ സയൻസ്, ക്വാണ്ടം കമ്പ്യൂട്ടിങ്, കമ്പ്യൂട്ടേഷനൽ ബയോളജി, സിഗ്നൽ പ്രോസസിങ്, സയൻസ്, മാത്തമാറ്റിക്കൽ ഫിനാൻസ്, എൻജിനീയറിങ് അടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കും.
നാലരവർഷം റിസർച്ച്/ഇൻഡസ്ട്രി പ്രോജക്ടിലേർപ്പെടണം. ബി.ടെകിന് ശേഷം ഒരുവർഷം കൂടി പഠിച്ച് എം.ടെക് കരസ്ഥമാക്കാനും അവസരമുണ്ട്. ബി.ടെക് വാർഷിക ട്യൂഷൻ ഫീസ് രണ്ടുലക്ഷം രൂപയാണ്. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസില്ല. ബി.ടെകിന് 52 സീറ്റുകളാണുള്ളത്. ഇതിൽ എട്ടു സീറ്റ് വനിതകൾക്കും നാലെണ്ണം വിദേശ വിദ്യാർഥികൾക്കും പ്രവാസി ഇന്ത്യക്കാർക്കുമുള്ളതാണ്.
പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ ആദ്യ ചാൻസിൽ 2023/2024/2025 വർഷം പാസായിരിക്കണം. ‘ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025’ റാങ്ക് അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വിശദവിവരങ്ങൾക്ക് https://admissions.iisc.ac.in/ug, btech-ug.iisc.ac.in, bs-ug.iisc.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ മതി. ജൂൺ ആറു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.