തിരുവനന്തപുരം: സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കുന്നതോടെ മെറിറ്റ് സീറ്റുകളുടെ എണ്ണം 35 ശതമാനമായി കുറയും.
60 സീറ്റുള്ള ഒാരോ ബാച്ചിൽനിന്നും ആറ് വീതം മെറിറ്റ് സീറ്റുകളെടുത്താണ് മുന്നാക്ക സംവരണം നടപ്പാക്കുന്നത്. 55 സീറ്റുള്ള ബാച്ചുകളിൽനിന്ന് ആറ് വീതം സീറ്റുകളാണ് നീക്കിവെക്കുന്നത്. 55 സീറ്റുള്ള ബാച്ചുകളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം 34.5 ശതമാനമായി കുറയും.
നിലവിൽ 45 ശതമാനം സീറ്റാണ് സർക്കാർ സ്കൂളുകളിൽ മെറിറ്റടിസ്ഥാനത്തിൽ നികത്തുന്നത്. ഇതാണ് പത്ത് ശതമാനം കുറയുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ സ്കൂളുകളിൽ ഒരു ബാച്ചിലെ സീറ്റ് 60 ആയും മറ്റ് ജില്ലകളിൽ 55 ആയും വർധിപ്പിച്ചിട്ടുണ്ട്.
60 സീറ്റുള്ള ബാച്ചിൽ 27 സീറ്റുകളാണ് പൂർണമായും മെറിറ്റിൽ അലോട്ട് ചെയ്തിരുന്നത്. മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം വിട്ടുനൽകുന്നതോടെ ഇത് 21 ആയി കുറയും. 55 സീറ്റുള്ള ബാച്ചുകളിൽനിന്ന് 25 സീറ്റുകളിലാണ് മെറിറ്റ് പ്രവേശനം നടക്കേണ്ടിയിരുന്നത്. പുതിയ സംവരണ ഉത്തരവോടെ ഇത് 19 ആയി ചുരുങ്ങും.
മൊത്തത്തിൽ ഒാരോ ബാച്ചിലും മെറിറ്റ് സീറ്റിെൻറ എണ്ണത്തെ മറികടന്ന് സംവരണ സീറ്റുകൾ വർധിക്കും. മുന്നാക്കസംവരണം നടപ്പാക്കും മുമ്പ് സംസ്ഥാനത്തെ 819 സർക്കാർ ഹയർസെക്കൻഡറികളിലെ 2824 ബാച്ചുകളിൽ ആനുപാതിക സീറ്റ് വർധന ഉൾപ്പെടെ 1,63,280 സീറ്റുകളാണുണ്ടായിരുന്നത്. ഇതിൽനിന്ന് മുന്നാക്ക സംവരണത്തിന് 16,944 സീറ്റുകളാണ് തരംമാറ്റുന്നത്.
1,63,280 സീറ്റുകളിൽ 73799 സീറ്റുകളാണ് പൂർണമായും മെറിറ്റടിസ്ഥാനത്തിൽ നികത്തേണ്ടിയിരുന്നത്. പുതിയ സംവരണം നിലവിൽവന്നതോടെ മെറിറ്റ് സീറ്റുകളുടെ എണ്ണം 56825 ആയി കുറയും.
മെറിറ്റ് സീറ്റുകൾ വൻതോതിൽ കുറയുന്നത് സംവരണമൊന്നും ലഭിക്കാത്ത വിദ്യാർഥികളുടെയും സംവരണവിഭാഗത്തിൽനിന്ന് മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ടവരുമായ വിദ്യാർഥികളുടെ പ്രവേശന സാധ്യത/ ഇഷ്ട സ്കൂൾ/ ഇഷ്ട വിഷയ കോമ്പിനേഷൻ എന്നിവയെ പ്രതികൂലമായി ബാധിക്കും. മുന്നാക്ക സംവരണം വരുന്നതോടെ സർക്കാർ സ്കൂളുകളിലെ 60 സീറ്റുള്ള ബാച്ചുകളുടെ മെറിറ്റ്, സംവരണ സീറ്റുകളുടെ എണ്ണം, ബ്രാക്കറ്റിൽ 55 സീറ്റുള്ള ബാച്ചുകളിലെ എണ്ണം:
• മെറിറ്റ് (ജനറൽ) 21 (19)
•ഇ.ടി.ബി (ഇൗഴവ/തിയ്യ/ബില്ലവ) 5 (4)
•മുസ്ലിം 4 (4)
•ലാറ്റിൻ കാത്തലിക്/ എസ്.െഎ.യു.സി/ആംേഗ്ലാ ഇന്ത്യൻ 2 (2)
•പിന്നാക്ക ക്രിസ്ത്യൻ 1 (1)
•പിന്നാക്ക ഹിന്ദു 2 (2)
•എസ്.സി 7 (7)
•എസ്.ടി 5 (4)
•ഭിന്നശേഷി 1 (1)
•സ്പോർട്സ് 2 (1)
•ധീവര/ അനുബന്ധ സമുദായം 1 (1)
•വിശ്വകർമ/ അനുബന്ധ സമുദായം 1(1)
•കുശവ/ അനുബന്ധ സമുദായം 1(1)
•കുടുംബി 1 (1)
•മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ.ഡബ്ല്യു.എസ്) 6 (6)