ആയുർേവദ, ഹോമിയോ പ്രവേശനത്തിലും മുന്നാക്ക സംവരണം മുന്നിൽ
text_fieldsതിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് സമാനമായി ആയുർവേദ, ഹോമിയോ ബിരുദ കോഴ്സ് പ്രവേശനത്തിലും പിന്നാക്ക സംവരണത്തെ പിറകിലാക്കി മുന്നാക്ക സംവരണം.
വ്യാഴാഴ്ച അർധരാത്രിയോടെ പ്രസിദ്ധീകരിച്ച അലോട്ട്മെൻറിൽ സർക്കാർ ആയുർവേദ, ഹോമിയോ മെഡിക്കൽ കോളജുകളിലെല്ലാം പിന്നാക്ക വിഭാഗങ്ങളെ അപേക്ഷിച്ച് റാങ്കിൽ പിറകിൽ നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കും അലോട്ട്മെൻറ് ലഭിച്ചു. എം.ബി.ബി.എസ് അലോട്ട്മെൻറിെൻറ രണ്ടാം ഘട്ടത്തിൽ ആദ്യഘട്ടത്തിലേതിനെക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്നവർക്ക് മുന്നാക്ക സംവരണത്തിൽ അലോട്ട്മെൻറ് ലഭിച്ചു.
അഖിലേന്ത്യ ക്വോട്ടയിൽനിന്ന് തിരികെ ലഭിച്ച സീറ്റിെൻറ 10 ശതമാനവും മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഇതോടെ, മുന്നാക്ക സംവരണത്തിനായി ആകെ നീക്കിവെച്ച എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 109ൽ നിന്ന് 116 ആയി. രണ്ടാം ഘട്ട അലോട്ട്മെൻറ് പ്രകാരം സർക്കാർ മെഡിക്കൽ കോളജിൽ 3129 റാങ്കുള്ള വിദ്യാർഥിക്കും മുന്നാക്ക സംവരണ ബലത്തിൽ അലോട്ട്മെൻറ് ലഭിച്ചു.
ഒന്നാം ഘട്ടത്തിൽ ഇത് 2482 ആയിരുന്നു. എന്നാൽ, ഇൗഴവ വിഭാഗത്തിൽനിന്ന് 2241ഉം മുസ്ലിം വിഭാഗത്തിൽനിന്ന് 2072ഉം പിന്നാക്ക ഹിന്ദു വിഭാഗത്തിൽനിന്ന് 2081ഉം ആണ് രണ്ടാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക്. ആദ്യ ഘട്ട അലോട്ട്മെൻറ് നടന്ന ആയുർവേദ (ബി.എ.എം.എസ്) കോഴ്സിൽ മുന്നാക്ക സംവരണത്തിൽ സർക്കാർ കോളജുകളിൽ 8749 റാങ്ക് വരെ മുന്നാക്ക സംവരണത്തിൽ അലോട്ട്മെൻറ് ലഭിച്ചു.
ഇൗഴവ വിഭാഗത്തിൽ 7885ഉം മുസ്ലിം വിഭാഗത്തിൽ ഇത് 7629ഉം റാങ്കിലുള്ളവരാണ്. ഹോമിയോ കോഴ്സിൽ (ബി.എച്ച്.എം.എസ്) മുന്നാക്ക സംവരണത്തിൽ 11,096 റാങ്കുള്ളവർക്ക് വരെ അലോട്ട്മെൻറ് ലഭിച്ചു.
ഇൗഴവ വിഭാഗത്തിൽ 9002ഉം മുസ്ലിം വിഭാഗത്തിൽ 8521ഉം റാങ്കിലുള്ളവർക്കാണ് അവസാന അലോട്ട്മെൻറ്.