ന്യൂഡൽഹി: വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്നതിന് നീറ്റ് നിർബന്ധമാക്കാൻ നീക്കം. ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഗണിച്ചു വരുകയാണ്. നിർദേശം അംഗീകരിക്കപ്പെട്ടാൽ അടുത്ത വർഷം മുതൽ നടപ്പാക്കിയേക്കും. ‘നീറ്റ്’ വിജയിച്ചാൽ മാത്രമേ വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്ക് ‘എതിർപ്പില്ല സർട്ടിഫിക്കറ്റ്’ (എൻ.ഒ.സി) അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു. പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾ സ്വാധീനവും പണവുമുപയോഗിച്ച് വിദേശ രാജ്യങ്ങളിൽനിന്ന് മെഡിക്കൽ ബിരുദം നേടുന്നത് തടയാൻ ലക്ഷ്യംവെച്ചാണ് നീക്കം.
വിദേശ മെഡിക്കൽ കോളജുകളിൽനിന്ന് ബിരുദം സമ്പാദിക്കുന്നവരിൽ ഭൂരിഭാഗം പേരും, ഇന്ത്യയിൽ പ്രക്ടിസ് ചെയ്യാൻ കേന്ദ്രസർക്കാർ നടത്തുന്ന എഫ്.എം.ജി.ഇ പരീക്ഷയിൽ പരാജയപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിെട എഫ്.എം.ജി.ഇ പരീക്ഷ പാസായത് 13.09 ശതമാനം മുതൽ 26.9 ശതമാനം വരെ വിദ്യാർഥികൾ മാത്രമാണ്. വിദേശ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷ ഇല്ലാത്തതും വിദ്യാർഥികളുടെ നിലവാരം കുറയാൻ ഇടയാക്കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലെയും മെഡിക്കൽ വിദ്യാഭ്യാസത്തിെൻറ നിലവാരവും കുറവാണ്.
വിദേശത്ത് മെഡിക്കൽ പഠനത്തിന് ‘നീറ്റ്’ നിർബന്ധമാക്കുന്നതിലൂടെ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ ഇന്ത്യയിൽ ജോലിക്കായി തിരിച്ചെത്തുേമ്പാൾ മികച്ച നിലവാരം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ അഭിപ്രായെപ്പട്ടു. ഇൗ വർഷം 11.5 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി നടത്തിയ ‘നീറ്റിൽ’ 7.5 ലക്ഷം വിദ്യാർഥികൾ പെങ്കടുത്തിരുന്നു.