ബി.എസ്സി നഴ്സിങ്ങിന് 760 സീറ്റുകൾ കൂടി
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബി.എസ്സി. നഴ്സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്കി. ചരിത്രത്തിലാദ്യമായാണ് ബി.എസ്സി നഴ്സിങ്ങില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷംതന്നെ അഡ്മിഷന് നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
സര്‍ക്കാര്‍ മേഖലയില്‍ 760 പുതിയ ബി.എസ്സി നഴ്സിങ് സീറ്റുകള്‍ ഈ വര്‍ഷം വന്നതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അഡ്മിഷന് എടുത്തിട്ടുള്ള കുട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍, സിമെറ്റ്, സി-പാസ്, മാനേജ്മെന്റ് കോളജുകളിലേക്ക് ഓപ്ഷന് മുഖേന മാറുന്നതിന് അവസരം നല്‍കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിങ് കോളജും തിരുവനന്തപുരത്ത് 100 സീറ്റുള്ള പുതിയ ബാച്ചും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ വര്‍ക്കല, നെയ്യാറ്റിന്‍കര, കോന്നി, നൂറനാട്, ധർമടം, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്സിങ് കോളജുകള്‍ ആരംഭിക്കും. സി-പാസിന്റെ കീഴില്‍ കൊട്ടാരക്കരയില്‍ 40 സീറ്റ് നഴ്സിങ് കോളജിന് അനുമതി നല്‍കിയിട്ടുണ്ട്.
2023 ഒക്ടോബര്‍ 31 വരെ നഴ്സിങ് വിഭാഗങ്ങളില്‍ അഡ്മിഷന് നടത്താന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വാശ്രയ മാനേജ്മെന്റുകളുടെ അഭ്യർഥനയും, പുതിയ കോളജുകള്‍ ആരംഭിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 31 വരെ അഡ്മിഷന് നടത്താന്‍ കഴിയും. ഇതിന്റെയടിസ്ഥാനത്തില്‍ ബി.എസ്സി നഴ്സിങ് ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും അത് ഷെഡ്യൂള്‍ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
2022-23ല്‍ 832 ബി.എസ്സി നഴ്സിങ് സീറ്റുകള്‍ വർധിപ്പിച്ചിരുന്നു. മേഖലയില്‍ 2021 വരെ ആകെ 7422 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 2022ല്‍ 8254 സീറ്റുകളായും 2023ല്‍ 9821 സീറ്റുകളായും വര്‍ധിച്ചു. 2021വരെ സര്‍ക്കാര്‍ മേഖലയില്‍ 435 ബി.എസ്സി നഴ്സിങ് സീറ്റുകളാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

