പ്ലസ് ടുകാർക്ക് മാനേജ്മെന്റിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം; ഐ.ഐ.എം ഇന്ദോറിൽ 150 സീറ്റുകൾ
text_fieldsമാനേജ്മെന്റ് അഭിരുചിയുള്ള സമർഥരായ പ്ലസ് ടുകാർക്ക് യുവമാനേജറാകാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ഇന്ദോർ അവസരമൊരുക്കുന്നു. ചെറുപ്രായത്തിലേ അഭിരുചിയുള്ളവരെ കണ്ടെത്തി മാനേജ്മെന്റ് ഉന്നത വിദ്യാഭ്യാസം നൽകി യുവമാനേജർമാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന 2026-31 ബാച്ചിലേക്കുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം) പ്രവേശനത്തിന് ഓൺലൈനിൽ മാർച്ച് 14നകം രജിസ്റ്റർ ചെയ്യാം. എ.എം.ബി.എ (യു.കെ) എ.എ.സി.എസ്.ബി (യു.എസ്.എ), ഇക്വിസ് (യൂറോപ്), മാനേജ്മെന്റ് അസോസിയേഷനുകളുടെ ട്രിപ്ൾ ക്രൗൺ അന്തർദേശീയ അക്രഡിറ്റേഷനോടുകൂടിയ ലോകോത്തര നിലവാരമുള്ള മാനേജ്മെന്റ് പ്രോഗ്രാമാണിത്.
പ്രവേശന യോഗ്യത: ഹയർസെക്കൻഡറി/പ്ലസ് ടു/പരീക്ഷ 2024, 2025 വർഷം പാസായവർക്കും 2026ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2026 ജൂലൈ 31നകം യോഗ്യത നേടിയാൽ മതി. അപേക്ഷകർ 2006 ആഗസ്റ്റ് ഒന്നിനോ അതിനു ശേഷമോ ജനിച്ചവരാകണം. പ്രവേശന വിജ്ഞാപനവും വിവരണ പത്രികയും https://iimidr.ac.inൽ ലഭിക്കും. അപേക്ഷാ ഫീസ്: ജി.എസ്.ടി ഉൾപ്പെടെ 4130 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 2065 രൂപ മതി.
സെലക്ഷൻ: ഐ.ഐ.എം ഇന്ദോർ മേയ് നാലിന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയുടെയും (സ്കോർ/വെയിറ്റേജ്-65), വ്യക്തിഗത അഭിമുഖത്തിന്റെയും (35) അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം (കൊച്ചി), കോഴിക്കോട് അടക്കം രാജ്യത്തെ 39 നഗരങ്ങളിലായാണ് പരീക്ഷ. ഉയർന്ന സ്കോർ നേടി മെറിറ്റ് ലിസ്റ്റിൽ സ്ഥാനംപിടിക്കുന്നവർക്കാണ് പ്രവേശന യോഗ്യത. ഐ.പി.എം 2026 ബാച്ചിൽ 150 പേർക്കാണ് പ്രവേശനം. അന്വേഷണങ്ങൾക്ക് impadmission@iimidr.ac.in എന്ന ഇ-മെയിലിലും 0731-2439685/2439687 എന്നീ ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

