ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് കേന്ദ്ര േക്വാട്ടയിൽ എം.ബി.ബി.എസിന് അഞ്ച് സീറ്റ് സംവരണം. 2020-21 വിദ്യാഭ്യാസ വർഷത്തിലേക്കാണ് സംവരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. 'കോവിഡ് പോരാളികളുടെ സംരക്ഷകർ' എന്ന പേരിലാണ് സംവരണ േക്വാട്ട. നീറ്റ് റാങ്ക് പ്രകാരമുള്ള ഓൺലൈൻ അപേക്ഷകൾ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സമിതിയായിരിക്കും സംവരണം നിശ്ചയിക്കുക.
കോവിഡുമായി ബന്ധപ്പെട്ട ജോലിക്കിടെ കോവിഡ് പിടിപെട്ടും അല്ലാതെയും മരിച്ചവരുടെ മക്കൾ സംവരണ പരിധിയിൽ വരും. സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ, കരാർ ജീവനക്കാർ, ദിവസ വേതനക്കാർ, താൽക്കാലിക ജീവനക്കാർ, സംസ്ഥാനങ്ങൾ പുറംകരാർ ജോലിക്കെടുത്തവർ, സംസ്ഥാന-കേന്ദ്ര ആശുപത്രികൾ, കേന്ദ്രം-സംസ്ഥാനം- കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സ്വയംഭരണ ആശുപത്രികൾ, അഖിലേന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്), ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങൾ (ഐ.എൻ.ഐ), കേന്ദ്ര മന്ത്രാലയത്തിനു കീഴിലെ ആശുപത്രികൾ എന്നിവയെല്ലാം സംവരണ േക്വാട്ടക്കു കീഴിൽ വരും. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അപേക്ഷ സാക്ഷ്യപ്പെടുത്തുകയും വേണം.