കാസർകോട് ജില്ലയിൽ ആദ്യ സർക്കാർ എൻജിനീയറിങ് കോളജ്; നടപടികൾ തുടങ്ങിയെന്ന് -മന്ത്രി
text_fieldsകാസർകോട്: ജില്ലയിൽ ആദ്യ സർക്കാർ എൻജിനീയറിങ് കോളജ് സ്ഥാപിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ചെറുവത്തൂരിലെ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ വളപ്പിലാണ് കോളജ് ആരംഭിക്കുക. എം. രാജഗോപാലൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ കണ്ണൂർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലിനെ ഇതിനായുള്ള നോഡൽ ഓഫിസറായി നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കാസർകോഡ് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാർഥികളുടെ ചിരകാലാവശ്യമാണ് സർക്കാർ ഉടമസ്ഥതയിൽ എൻജിനീയറിങ് കോളജ്. ചെറുവത്തൂരിലെ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടുത്തിയുള്ള ബി.ടെക് കോഴ്‌സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസസ്, റോബോട്ടിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുക. ഈ കോഴ്‌സുകൾ ആരംഭിക്കാൻ എ.ഐ.സി.ടി.ഇയുടെ അനുമതി നേടിയെടുക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി കൈക്കൊള്ളാൻ നോഡൽ ഓഫിസറെ ചുമതലപ്പെടുത്തി. നിലവിൽ നിർദേശിച്ച കോഴ്‌സുകൾ ടെക്‌നിക്കൽ ഹൈസ്‌കൂൾ കെട്ടിടത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉടൻതന്നെ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. കാസർഗോഡ് വികസന പാക്കേജിൽ നിന്നും ഇതിനായി ഫണ്ട് ലഭ്യമാക്കാനാകുമോയെന്ന് പരിശോധിക്കാമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

