ആവേശമായി എജുകഫെയുടെ ആദ്യദിനം
text_fieldsകൊല്ലം: കൊല്ലത്തിന്റെ പുതുതലമുറക്ക് ഉപരിപഠന വഴിയിൽ അറിവുകൾ സമ്മാനിച്ച് മാധ്യമം എജുകഫെ. ജില്ലക്ക് അകത്തും പുറത്തും നിന്ന് ആയിരത്തോളം പേരാണ് ആദ്യദിനം കേരളത്തിന്റെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള സന്ദർശിച്ചത്. രാവിലെ മേയർ ഹണി സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ രജിസ്ട്രേഷന് വലിയ തിരക്കായി.
ആദ്യ സെഷന് വേണ്ടി ന്യൂ ബോൺ ബേബീസ് ഫോട്ടോഗ്രാഫർ മിഥു ശ്രീനിവാസ് വേദിയിലെത്തിയപ്പോഴേക്കും സദസ്സ് നിറഞ്ഞുകവിഞ്ഞു. സക്സസ് എന്നത് ഇഷ്ടമുള്ളതിനുവേണ്ടി സമയം കണ്ടെത്തുക കൂടിയാണ് എന്ന അവരുടെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് നടന്ന ശൈലജ ജാലയുടെ ‘ഇംപ്രവൈസേഷൻ ഇൻ എജുക്കേഷൻ: എൻഹാൻസിങ് ക്വിക് തിങ്കിങ് ആൻഡ് അഡാപ്റ്റബിലിറ്റി’ എന്ന സെഷനും ശ്രദ്ധേയമായി. പിന്നീട് വേദിയിലെത്തയത് നടിയും എഴുത്തുകാരിയും ലൈഫ് കോച്ചും ബികമിങ് വെൽനസ് സ്ഥാപകയുമായ അശ്വതി ശ്രീകാന്തിന്റെ സെഷൻ അവരുടെ അനുഭവങ്ങൾ കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത നിറഞ്ഞതായിരുന്നു.
തൊട്ടുപിന്നാലെ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് എജുകഫേയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉച്ചക്കുശേഷം നടന്ന ടോപ്പേഴ്സ് ടോക്കിൽ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ എം.എസ്സി ഇക്കണോമിക്സ് കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനി ജെ.പി. ഭാരതി, കേരള യൂനിവേഴ്സിറ്റിയിൽനിന്ന് എം.കോമിൽ ഒന്നാംറാങ്ക് നേടിയ ആർഷ ബോസ്, വിമാന ചിത്രങ്ങൾ പകർത്തുന്ന ഹോബിയിലെത്തി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയ പ്രായം കുറഞ്ഞ പ്ലെയിൻ സ്പോട്ടർ ജി.എസ്. അനാമിക, ഓയിസ്ക ഇന്റർനാഷനൽ സ്കോളർഷിപ് ജേതാവും 2026ൽ ദുബൈയിൽ നടക്കുന്ന വൈസ് മെൻസ് ഇന്റർനാഷനൽ യൂത്ത് കൺവെൻഷനിലേക്ക് അവസരം ലഭിച്ച എൻ. നാസില, വിദേശ സർവകലാശാലയിൽ പി.ജിക്ക് അവസരം ലഭിച്ച നോയൽ റിബു എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന നടൻ റിയാസ് നർമകലയുടെ എന്റർടെയ്ൻമെന്റ് സെഷനും മികവുറ്റതായി.
കൊല്ലം ശ്രീനാരയണ സംസ്കാരിക സമുച്ചയത്തിൽ ആരംഭിച്ച മാധ്യമം എജുകഫേ വിദ്യാഭ്യാസമേളയിൽ പങ്കെടുക്കാനെത്തിയവർ
തെരഞ്ഞെടുക്കാനുള്ള സാധ്യത വിദ്യാഭ്യാസത്തിലെ ജനാധിപത്യം -ശൈലജ ജാല
കൊല്ലം: തെരഞ്ഞെടുക്കാനുള്ള സാധ്യത കുട്ടികളുടെ വിദ്യാഭ്യാസത്തിലെ ജനാധിപത്യമാണെന്നും വിദ്യാഭ്യാസമെന്നത് പണമുണ്ടാക്കാനും ജോലി സമ്പാദിക്കാനും മാത്രമുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും നടിയും ഡിസൈനറും നാടകസംവിധായകയുമായ ശൈലജ ജാല. ഇംപ്രവൈസേഷൻ ഇൻ എജുക്കേഷൻ: എൻഹാൻസിങ് ക്വിക് തിങ്കിങ് ആൻഡ് അഡാപ്റ്റബിലിറ്റി എന്ന വിഷയത്തിൽ എജുകഫേയിൽ സംസാരിക്കുകയായിരുന്നു അവർ.
വളരെ ചിന്താശേഷിയും അവബോധവുമുള്ള അവനവന്റെ തലങ്ങളിലേക്കെത്താനുള്ള വഴിയാകണം വിദ്യാഭ്യാസമെന്നും ഇക്കാലഘട്ടത്തിലുള്ള പല കുട്ടികൾക്കും സമൂഹത്തിലെ യാഥാർഥ്യത്തെ നേരിടാൻ ഭയമാണെന്നും ശൈലജ പറഞ്ഞു. മനസ്സിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ അവർക്ക് മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
വളരെ ചെറിയ കുടുംബങ്ങളായതിനാൽ കൂടുതൽ കുട്ടികൾക്കും ഇക്കാലത്ത് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടാറുണ്ട്. എല്ലാ വീടുകളുടെയും സ്ട്രക്ചർ ഒരുപോലെയാണ്. എന്നാൽ, ആ വീടുകളിലുള്ള എല്ലാവരുടെയും അഭിരുചി വ്യത്യാസപ്പെട്ടിരിക്കും. അത്തരത്തിൽ കുട്ടികളും വ്യക്തിത്വങ്ങളാകയാൽ അവരുടെ അഭിരുചി ചെറുപ്പകാലത്തിൽ തന്നെ കണ്ടെത്താനുള്ള അവസരം നൽകണമെന്നും അവർ പറഞ്ഞു.
മാതാപിതാക്കളുടെ മിനിവേർഷനല്ല കുട്ടികൾ -അശ്വതി ശ്രീകാന്ത്
കൊല്ലം: മാതാപിതാക്കളുടെ മിനിവേർഷനല്ല കുട്ടികളെന്നും അവർ വേറെ വ്യക്തിത്വങ്ങളാണെന്നും നടിയും എഴുത്തുകാരിയും ലൈഫ് കോച്ചും ബികമിങ് വെൽനസ് സ്ഥാപകയുമായ അശ്വതി ശ്രീകാന്ത്. ‘പേരന്റിങ് ദ ജൻ Z വേ: അണ്ടർസ്റ്റാൻഡിങ് ടുഡേയ്സ് ടീൻ കൾച്ചർ’ എന്ന വിഷയത്തിൽ എജുകഫേയിൽ സംസാരിക്കുകയായിരുന്നു അവർ. ഒരാളും പെർഫെക്ട് പേരന്റല്ല. പേരന്റ്സിന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാകും കുട്ടികൾ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെന്നും അവർ പറഞ്ഞു.
മില്ലേനിയം പേരന്റ്സുകൾ കടന്നുവന്ന ലോകം തന്നെ മാറിപ്പോയി. ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾ ഒരു ഡിജിറ്റൽ ചിപ്പുമായാണ് പുറത്തുവന്നതെന്നും അവരുടെ ചിന്ത തന്നെ വ്യത്യസ്തമാണെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികൾ ദിനേന ഉപയോഗിക്കുന്ന പല വാക്കുകളും മാതാപിതാക്കൾക്ക് കണ്ടുപിടിക്കാനാകുന്നില്ല. കുട്ടികളുടെ ലോകവും അവരുടെ ഭാഷയും വളരെ മാറിയിരിക്കുന്നു. മാതാപിതാക്കൾ അവർ പെർഫെക്ട് വേർഷൻ മാത്രം കുട്ടികളോട് സംവദിക്കുകയും ഫെയിലിയർ വേർഷൻ മറച്ചുവെക്കുകയുമാണ്. ഇത്തരത്തിൽ മറച്ചുവെക്കലുകളില്ലാതെ ഇരുവശങ്ങളും കുട്ടികൾ അറിയേണ്ടതാണ്. കുട്ടികളുമായി സംവദിക്കുന്ന ഫാമിലി സ്പേസ് ടെക് ഫ്രീ ആകാൻ പ്രത്യേക ശ്രദ്ധവേണം. കുട്ടികളുമായി കോളാബ് ചെയ്യുന്ന പേരന്റിങ്ങും ആക്ടിവ് ലിസനിങ്ങുമാണ് അവർക്കാവശ്യമെന്നും അശ്വതി പറഞ്ഞു.
ശ്രദ്ധേയമായി അറിവിന്റെ സ്റ്റാളുകൾ
കൊല്ലം: വിജ്ഞാനത്തിന്റെയും അവസരങ്ങളുടെയും വിശാലമായ പാത തുറന്നിട്ട് മാധ്യമം എജുകഫേ വിദ്യാഭ്യാസ-കരിയർ എക്സ്പോയിലെ വിദ്യാഭ്യാസ സ്റ്റാളുകൾ. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ അധികൃതർ പരിചയപ്പെടുത്തി. മികവുറ്റ വിദ്യാഭ്യാസത്തിനും ഭാവിക്കും വിദ്യാർഥികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് മറുപടികൾ നൽകാൻ ഓരോ സ്റ്റാളിലും വിദഗ്ധരുടെ സേവനവുമുണ്ടായിരുന്നു.
എജു കഫേയിലെ വിദ്യാഭ്യാസ സ്റ്റാളുകൾ സന്ദർശിക്കുന്ന മേയർ ഹണി
പഠനരീതി, മികച്ച സ്ഥാപനങ്ങൾ തിരിച്ചറിയൽ, അവിടെ ലഭിക്കുന്ന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ, കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ അവസരങ്ങൾ, പ്രവേശനരീതികൾ, പ്രവേശന പരീക്ഷകൾ എന്നിവയൊക്കെ വിദ്യാർഥികൾ മനസ്സിലാക്കി. സിജിയുടെ നേതൃത്വത്തിലുള്ള സൗജന്യ കരിയർ കൗൺസലിങ്, സൈക്കോളജിസ്റ്റുകളും ലൈഫ് കോച്ചുകളുമൊക്കെ അണിനിരന്ന ബികമിങ് വെൽനെസ് സ്റ്റാൾ, കരിയർ ടെസ്റ്റുകൾക്കുള്ള സ്റ്റാളുകൾ എന്നിവയൊക്കെ നൂറുകണക്കിന് വിദ്യാർഥികൾ പ്രയോജനപ്പെടുത്തി. വിദേശപഠനത്തിന് അവസരമൊരുക്കുന്ന നിരവധി സ്റ്റാളുകളുമുണ്ടായിരുന്നു.
ഏറ്റവും സുരക്ഷിതമായി മികച്ച വിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങളെയും പരിചയപ്പെടുത്തി. കേരളത്തിലും പുറത്തുമുള്ള വ്യത്യസ്ത മേഖലകളിലുള്ള കോളജുകളുടെ സ്റ്റാളുകളും ശ്രദ്ധേയമാണ്. എൻജിനീയറിങ്, മെഡിക്കൽ, ഏവിയേഷൻ, റോബോട്ടിക്സ്, ആർകിടെക്ചർ, ഐ.ടി തുടങ്ങിയ മേഖലകളിലെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകളും എജുകഫേയിലുണ്ട്. കരിയർ ടെസ്റ്റുകൾക്കുള്ള സ്റ്റാളുകളിലും വിദ്യാർഥികളുടെ നിറസാന്നിധ്യമുണ്ടായിരുന്നു.
കൊല്ലം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ ആരംഭിച്ച ‘മാധ്യമം’ എജുകഫേ സ്റ്റാളുകളുടെ ഉദ്ഘാടനം കൊല്ലം കോർപറേഷൻ മേയർ ഹണി നിർവഹിക്കുന്നു. മാധ്യമം തിരുവനന്തപുരം സർക്കുലേഷൻ മാനേജർ അബ്ദുൽ നാസർ, സർക്കുലേഷൻ ഡി.ജി.എം പി.സി. സലീം, പി.ആർ മാനേജർ കെ.ടി. ഷൗക്കത്തലി, ബ്രിഡ്ജ് ഓൺ മീഡിയ ഹെഡ് സെയ്ഫു റഹ്മാൻ, മാധ്യമം ബിസിനസ് സൊലൂഷൻ കൺട്രി ഹെഡ് കെ. ജുനൈസ്, തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ്, എസ്.ആർ.എം യൂനിവേഴ്സിറ്റി ട്രിച്ചി കാമ്പസ് ഡീൻ പ്രഫ. വിക്ടർ, മാധ്യമം ഓപറേറ്റിങ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, മാധ്യമം ഓൺലൈൻ ചീഫ് സബ് എഡിറ്റർ ഇ.പി. ഷെഫീഖ്, കൊല്ലം ബ്യൂറോ ചീഫ് എം. ഷറഫുല്ലാഖാൻ എന്നിവർ സമീപം
ടോപ്പേഴ്സ് ടോക്ക്; ‘ഇഷ്ടം അനുസരിച്ച് പഠിക്കാം’; അനുഭവം നൽകിയ അറിവ് പങ്കിട്ട് മിടുക്കർ
കൊല്ലം: ഇഷ്ടവും താൽപര്യവും അനുസരിച്ച് പഠനവഴിയും അഭിരുചികളും തെരഞ്ഞെടുത്താൽ വിജയവഴി തനിയെ തുറന്നുവരുമെന്ന അനുഭവപാഠം പങ്കിട്ട് ‘ടോപ്പേഴ്സ് ടോക്ക്’ വേദിയിലെത്തിയ മിടുക്കർ. ഏത് ഫീൽഡ് തെരഞ്ഞെടുത്താലും അതിൽ ടോപ്പ് ആകുകയാണ് വിജയമന്ത്രം എന്ന് ഓരോരുത്തരും സദസിനെ ഓർമപ്പെടുത്തി. കേരള യൂനിവേഴ്സിറ്റി എം.കോം. ഒന്നാം റാങ്ക് ജേതാവ് ആർഷ ബോസ്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി എം.എസ്സി ഇക്കണോമിക്സ് പ്രവേശനം നേടിയ ജെ.പി. ഭാരതി, ബി. ടെക്ക് മെക്കാനിക്കൽ എൻജിനീയറിങ്ങിന് ശേഷം യു.എസിലും യു.കെയിലുമായി എട്ട് സർവകലാശാലകളിൽ പ്രവേശനം ഉറപ്പാക്കിയ നോയൽ റെബു സാം, പത്താം ക്ലാസിൽ ഒയിസ്ക ഇന്റർനാഷണൽ സ്കോളർഷിപ് സ്വന്തമാക്കി ഹയർസെക്കൻഡറി പഠനം ജപ്പാനിൽ നടത്താൻ അവസരം സ്വന്തമാക്കുകയും അതിലൂടെ വ്യത്യസ്ത കരിയറിലേക്ക് മുന്നേറുകയും ചെയ്യുന്ന എൻ. നാസില, കേരളത്തിൽ നിന്നുള്ള പ്രായം കുറഞ്ഞ പ്ലെയിൻ സ്പോട്ടറായ ജി.എസ്. അനാമിക എന്നിവരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു പുതുതലമുറക്ക് പ്രചോദനമായത്. രേവതി സുധ പ്രകാശ് മോഡറേറ്ററായി.
പുതിയ കാലത്ത് ഏറെ കരിയർ സാധ്യതകളുള്ള കൊമേഴ്സ് പഠനത്തെ കുറിച്ച് ആർഷ ബോസ് വിവരിച്ചു. ‘ഇന്നത്തെകാലത്ത് കുട്ടികൾ ഓരോ ഇഷ്ടങ്ങൾ എന്തായാലും ഉണ്ടാകും. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പഠിക്കുക. അതിൽ ഏറ്റവും ഉയരത്തിലെത്തുക.’-ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ബാധിച്ച അസുഖം ജീവിതം വീൽചെയറിലാക്കിലെങ്കിലും അതൊന്നും തടസമാകാതെ മുന്നേറുന്നതിന്റെ ആത്മവിശ്വാസം വാക്കുകളിൽ നിറച്ച് ആർഷ പറഞ്ഞു. നെറ്റ്, ജെ.ആർ.എഫ് യോഗ്യതകൾ നേടിയ ആർഷ അധ്യാപകമേഖലയെയും ഒപ്പം ഭിന്നശേഷിക്കാരായവർക്കൊരു വഴികാട്ടിയുമാകാനുള്ള സ്വപ്നവും പങ്കുവച്ചു. മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും തനിക്ക് കരുത്തായതിന്റെ വൈകാരിക അനുഭവവും സദസിന് ഹൃദ്യാനുഭവമായി.
ഡിഗ്രിക്ക് ഇക്കണോമിക്സ് ഡൽഹി യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ ലക്ഷ്യമിട്ട് പ്ലസ് വൺ പഠനത്തിന് ഹ്യുമാനിറ്റിസിനൊപ്പം മാത്തമറ്റിക്സ് പഠിപ്പിക്കുന്ന സ്കൂൾ അന്വേഷിച്ച് കണ്ടെത്തിയ അനുഭവം പറഞ്ഞാണ് ജെ.പി. ഭാരതി തുടങ്ങിയത്. തിരുവനന്തപുരത്ത് ഇഷ്ട വിഷയം പഠിപ്പിക്കുന്ന സ്കൂൾ കണ്ടെത്തിയതിൽ നിന്ന് ബ്രിട്ടനിലെ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലേക്ക് ഇക്കണോമിക്സിൽ പി.ജി പഠിക്കാൻ പുറപ്പെടുന്ന ഘട്ടത്തിൽ വരെ എത്തിയ യാത്രയുടെ വിവരണവും സദസിന് ഏറെ അറിവുകൾ നൽകി. പി.എച്ച്.ഡി ചെയ്യാനുള്ള ആഗ്രഹവും ഇക്കണോമിക്സ് പഠിച്ചവർക്ക് വേൾഡ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളിലും ഇക്കണോമിക്സ് സർവിസ് പോലുള്ള കരിയർവഴികളിലും കാത്തിരിക്കുന്ന അവസരങ്ങളും പങ്കുവച്ചു. ഒപ്പം ഹ്യുമാനിറ്റിസിന്റെ വിവിധ വിഷയങ്ങളിലൂടെ എങ്ങനെ സാധ്യതകൾ കണ്ടെത്താം എന്നതും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിവുപകർന്നു
മാതാപിതാക്കളുടെ വഴിയൊരുക്കലിലൂടെ എൻജിനീയറിങ് തെരഞ്ഞെടുത്തതിന് ശേഷം പഠനപ്രവർത്തനങ്ങളിലൂടെ ആ മേഖലയിൽ ഇഷ്ടം വളർന്നതിനെ കുറിച്ച് നോയൽ റെബു സാം സംസാരിച്ചു. എട്ട് വിദേശ സർവകലാശാലകളിൽ അഡ്മിഷൻ ഉറപ്പാക്കിയ മിടുക്കൻ വിദേശ പഠനത്തിന് എന്തെല്ലാം തയാറെടുപ്പുകൾ വേണം എന്നതും പങ്കുവച്ചു. അഡ്മിഷൻ ലഭിച്ചവയിൽ യു.എസിൽ ടെക്സസ് യൂനിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എൻജിനീയറിങ് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന നോയൽ തന്റെ പഠനമേഖലയെ കുറിച്ച് അറിവ് നേടാനാണ് ആഗ്രഹിക്കുന്നത്.
പത്താം ക്ലാസിന് പിന്നാലെ സ്കൂളിൽ എഴുതിയ സ്കോളർഷിപ് പരീക്ഷയിലൂടെ ജപ്പാനിലേക്ക് പോകുകയും ജീവിതം തന്നെ മാറിമറിയുകയും ചെയ്ത അനുഭവം പങ്കുവച്ച എൻ. നാസില സദസിന് വിദേശ പഠനസാധ്യതയിലെ പുത്തൻ അറിവുകളിലേക്കുള്ള പ്രചോദനമായി. ജപ്പാനിലേക്ക് പഠനത്തിന് പോകാനും കരിയർ കെട്ടിപ്പടുക്കാനുമുള്ള വഴികളാണ് ഇപ്പോൾ ജാപ്പനീസ് ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന നാസില വിവരിച്ചത്. ജാപ്പനീസ് ഭാഷയിൽ എജുകഫെക്ക് ആശംസയുമറിയിച്ചു. ഇപ്പോഴും ലഭ്യമായ ഒയിസ്ക ഇന്റർനാഷണൽ സ്കോളർഷിപ്പ് എഴുതാൻ നിരവധി പേർക്ക് പ്രചോദമായാണ് നാസില വേദിവിട്ടിറങ്ങിയത്.
വിമാനങ്ങളെ തിരിച്ചറിഞ്ഞ് ചിത്രങ്ങൾ എടുക്കുന്ന ഹോബിയിലൂടെ വൈറലായ കഥയാണ് ജി.എസ്. അനാമിക പങ്കുവച്ചത്. പഠനത്തിനും കരിയറിനും ഏത് രംഗം തെരഞ്ഞെടുത്താലും ഹോബിയായി ഒരു ഇഷ്ടത്തെ ഒപ്പം ചേർത്ത് നിർത്തണമെന്നും പ്ലസ് ടുക്കാരി ഓർമിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തെ വീട്ടിൽ നിന്ന് ചെറുപ്പകാലം മുതൽ കണ്ടുവളർന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് ചിത്രങ്ങൾ പകർത്തി അന്താരാഷ്ട്ര ശ്രദ്ധേയയായ പ്ലെയിൻ സ്പോട്ടർ ആകുന്നതിലേക്ക് വരെയുള്ള ജീവിതയാത്ര സദസിനും നവീനഅനുഭവമായി.
ഏജുകഫേയിൽ ടോപ്പോഴ്സ് ടോക്കിൽ സംസാരിക്കുന്നവർ
ആദ്യ പരിഗണന പ്രീമിയർ യൂനിവേഴ്സിറ്റികൾക്കും കോളജുകൾക്കും -എ.വി. അബ്ദുൽ ഹാലിഖ്
കൊല്ലം: ഏത് കോഴ്സ് സെലക്ട് ചെയ്യുമ്പോഴും പ്രീമിയർ യൂനിവേഴ്സിറ്റികൾക്കും കോളജുകൾക്കുമാകണം ആദ്യ പരിഗണന നൽകേണ്ടതെന്ന് സിജി സീനിയർ റിസോഴ്സ് പേഴ്സൺ എ.വി. അബ്ദുൽ ഹാലിഖ്. കോഴ്സസ് ഫോർ ദ കരിയർ ഓഫ് ടുമോറോ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയർ വേണമെങ്കിൽ കോഴ്സ് സെലക്ട് ചെയ്യുന്നതിനോടൊപ്പം പഠിക്കുന്ന സ്ഥാപനങ്ങളും പ്രീമിയറായി സെലക്ട് ചെയ്യാൻ കഴിയണം. 10 വർഷങ്ങൾക്കുശേഷം എന്താകും കരിയറിൽ സംഭവിക്കുന്നതെന്ന് ഒരാൾക്കും പ്രഡിക്ട് ചെയ്യാൻ കഴിയില്ല. ഏത് കോഴ്സ് എടുക്കുമെന്നതല്ല, ഏത് കോഴ്സ് നമുക്ക് പറ്റുമെന്നാണ് മനസ്സിലാക്കേണ്ടത്. കോഴ്സ് പഠിക്കുമ്പോൾ തന്നെ വ്യക്തമായ പ്ലാൻ വേണം. കരിയറും ജോബും ഇഷ്ടപ്പെട്ട് ചെയ്യുന്നതാകണം.
പരസ്യം കണ്ടോ വാഗ്ദാനങ്ങൾ കണ്ടോ അല്ല കോഴ്സ് സെലക്ട് ചെയ്യേണ്ടതെന്നും അവരുടെ റാങ്കിങ്, ഫാക്കൽറ്റി, ജോബ് ഓപർച്യുണിറ്റി എന്നിവക്ക് പ്രഥമ പരിഗണന നൽകിവേണം കോളജ് സെലക്ട് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഴ്സിങ് മേഖലയിൽ കേരളത്തിൽ തന്നെ ഒരുപാട് കോളജുകൾ പബ്ലിക് മേഖലയിലുണ്ട്. അതിനു പ്രഥമ പരിഗണന നൽകിയശേഷമായിരിക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാൻ. ട്രെൻഡിന് പിന്നാലെ പോകാതെ എക്കാലത്തും ഓപർച്യുണിറ്റി കിട്ടുന്ന കോഴ്സ് കണ്ടെത്തണമെന്നും അബ്ദുൽ ഹാലിഖ് പറഞ്ഞു.
ചിന്തകൾ വ്യത്യസ്തമാകണം -മിഥു ശ്രീനിവാസ്
കൊല്ലം: സക്സസ് എന്നത് ഇഷ്ടമുള്ളതിനുവേണ്ടി സമയം കണ്ടെത്തുക കൂടിയാണെന്ന് പ്രശസ്ത ന്യൂ ബോൺ ബേബീസ് ഫോട്ടോഗ്രാഫർ മിഥു ശ്രീനിവാസ്. മാധ്യമം എജുകഫേയിൽ ബിയോണ്ട് ദ ഇമേജ്: ഷോകേസിങ് എക്പേർൈട്ടസ് ആൻഡ് ആർട്ടിസ്ട്രി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്ന അവർ. എല്ലാവരും ചിന്തിക്കുന്നതിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കണം എന്നതിൽനിന്നായിരുന്നു തന്റെ കരിയറിന്റെയും പാഷന്റെയും തുടക്കമെന്നും ഒരുപാട് സാധ്യതകളും വൈവിധ്യങ്ങളുമുള്ള മേഖലയാണ് ഫോട്ടോഗ്രഫി എന്നും അവർ പറഞ്ഞു.
കുട്ടികളുടെ ഫോട്ടോഗ്രഫിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞത് തങ്ങൾക്ക് കുട്ടിയുണ്ടായതിനുശേഷമാണ്. ഒരു കുട്ടിയുണ്ടാവുക എന്നത് ഒരാളുടെ ജീവിതത്തിലെ പ്രധാന ഘടകമാണ്. അതിന്റെ ഭാഗമാവുക എന്നത് അതുപോലെ പ്രിയപ്പെട്ടതാണ്. ഫിനാൻഷ്യലി ഇൻഡിപെൻഡന്റാകണം എന്ന ലക്ഷ്യമാണ് നമ്മളെ നയിക്കേണ്ടതെന്നും മറ്റുള്ളവർ പറയുന്നതുകേട്ട് കെട്ടിപ്പടുക്കേണ്ടതല്ല കുട്ടികളുടെ കരിയർ ജേണിയെന്നും മിഥു പറഞ്ഞു.
‘മാധ്യമം എജുകഫേ’ വിദ്യാർഥികൾക്ക് ഏറെ ഫലപ്രദം-മേയർ ഹണി
കൊല്ലം: വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന വഴികാട്ടിയാണ് ‘മാധ്യമം എജുകഫേ’ എന്ന് മേയർ ഹണി. എജുകഫേ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സ്റ്റാളുകൾ സന്ദർശിച്ച മേയർ ഇത്തരം വിദ്യാഭ്യാസ-കരിയർ പ്രദർശനമേളകൾ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഭാഗ്യമാണെന്നും ചൂണ്ടിക്കാട്ടി. ‘വലിയ അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. എവിടെ പഠിക്കണം, എന്ത് പഠിക്കണം, ജോലി അവസരങ്ങൾ എന്തെല്ലാം എന്നുള്ളത് വലിയ അറിവാണ്. കൂടുതൽ അറിവുകൾ നേടി കുട്ടികൾക്ക് ഈ വേദിയിൽ നിന്ന് പോകാനാകും. വരും തലമുറയുടെ വിദ്യാഭ്യാസവും കരിയറും മികവുറ്റതാക്കാനുള്ള വഴിയൊരുക്കിയ ഇത്തരം വേദികൾ പ്രശംസനീയമാണെന്നും മേയർ പറഞ്ഞു.
കൊല്ലം ശ്രീനാരായണ സംസ്കാരിക സമുച്ചയത്തിൽ ആരംഭിച്ച മാധ്യമം എജുകഫേ വിദ്യാഭ്യാസ മേളയിൽ സ്റ്റാളുകൾ സന്ദർശിക്കുന്നവർ
നർമത്തിൽ പൊതിഞ്ഞ് ജീവിതം പറഞ്ഞ് റിയാസ് നർമകല
കൊല്ലം: നർമത്തിൽ പൊതിഞ്ഞുള്ള ജീവിതപാഠങ്ങൾ പകർന്നുനൽകിയ എജുകഫേ വേദിയെ കൈയിലെടുത്ത് നടൻ റിയാസ് നർമകല. എജുകഫേ സദസ്സിന് അറിവിനൊപ്പം ആഹ്ലാദവും പകർന്ന നിമിഷങ്ങൾ സമ്മാനിച്ച ‘നർമം, കല, ജീവിതം’ സെഷനിലാണ് റിയാസ് നർമകല സ്വതസിദ്ധമായ നർമമുഹൂർത്തങ്ങൾ പങ്കുവെച്ചത്. സ്റ്റാൻഡ്അപ് കോമഡിയും മിമിക്രിഗാനവും ചേർത്തിണക്കിയ പ്രകടനത്തിലൂടെ എജുകഫേ ഒന്നാം ദിനത്തിന്റെ സമാപനം ഗംഭീരമാക്കുകയായിരുന്നു അദ്ദേഹം.
റിയാസ് നർമകല സംസാരിക്കുന്നു
സർക്കാർ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കൾ മിമിക്രി അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്ന മകന് എല്ലാവിധ പ്രോത്സാഹനവും നൽകി വളർച്ചയിൽ കൂടെ നിന്ന സ്വന്തം അനുഭവം പങ്കുവെച്ച റിയാസ് നർമകല, ഉപാധികളില്ലാതെ രക്ഷാകർത്താക്കളിൽനിന്ന് കുട്ടികൾക്ക് ലഭിക്കേണ്ട പിന്തുണ ഓർമിപ്പിച്ചു. അന്ധമായ അനുകരണങ്ങളിലൂടെ വീഴ്ചകളിലേക്ക് പോയി ചാടരുതെന്ന വലിയ പാഠവും നർമശകലങ്ങളിലൂടെ പങ്കുവെച്ചു. ‘എന്ത് ആകാനാണോ താൽപര്യം, അതിന് വേണ്ടി ആഗ്രഹിക്കുക, പ്രാർഥിക്കുക, അതിന് വേണ്ടി ശ്രമിക്കുക’ -നിറഞ്ഞ കൈയടികൾ നൽകിയ സദസ്സിന് റിയാസ് നർമകല ജീവിതപാഠം പകർന്നുനൽകി.
വേണ്ടത് വൈദഗ്ധ്യാധിഷ്ഠിത വിദ്യാഭ്യാസം -ജാബിർ ഇസ്മായിൽ
കൊല്ലം: മാറിവരുന്ന കാലത്ത് വൈദഗ്ധ്യാധിഷ്ഠിതമായ വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ബ്രിഡ്ജൺ ഫൗണ്ടറും സി.ഇ.ഒയുമായ ജാബിർ ഇസ്മായിൽ. ദ സ്കിൽ-ഫസ്റ്റ് ഐ.ടി റവല്യൂഷൻ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ ടെക്നോളജി രംഗത്തുണ്ടാകുന്ന മുന്നേറ്റം വളരെ വലുതാണ്. പുത്തൻ സാങ്കേതിക വിദ്യകൾക്കനുസരിച്ച് പുതിയ സാധ്യതകളും കരിയർ രംഗത്ത് പിറവിയെടുക്കുന്നു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കിയാകണം കരിയർ വികസിപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി കരിയറിൽ പ്ലസ് ടു ക്വാളിഫിക്കേഷൻ മാത്രമുള്ളവർ പോലും കരിയർ ബിൽഡ് ചെയ്യുന്നുണ്ട്. എന്നാൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞവർപോലും വെറുതെയിരിക്കുന്ന മേഖല കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രാക്ടിക്കലായി സോഫ്റ്റ്വെയർ ഡെവലപ് ചെയ്യാൻ കോളജുകളിൽ നൽകുന്ന തിയറി ക്ലാസുകൾ മാത്രം മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.വി. അബ്ദുൽ ഹാലിഖ് സംസാരിക്കുന്നു
എജുകഫേയിൽ ഇന്ന്
- രാവിലെ 10.30: ബിയോണ്ട് ഡിഗ്രി ഫ്യൂച്ചർ -ജിതിൻ അനു ജോസ്(റോബോട്ടിക് എൻജിനീയർ)
- 11.10: യുവർ ജേർണി ടു ബ്രില്യൻസ്: ഡിസ്കവറിങ് യുവർ യുനീക് പാത് -പ്രവീൺ ചിറയത്ത്(മോട്ടിവേഷനൽ സ്പീക്കർ)
- 11.50: ദ ഫ്യൂച്ചർ ഓഫ് സൈബർ സെക്യൂരിറ്റി- ജിയാസ് ജമാൽ(സൈബർ ലോ സ്പെഷലിസ്റ്റ്)
- 12.30: സിവിൽ സർവിസ് സെഷൻ-ദേവിക പ്രിയദർശിനി (2024 സിവിൽ സർവിസ് 95ാം റാങ്ക് ജേതാവ്)
- 2.00: ഡ്യൂട്ടി, ഹോണർ, കരിയർ- മേജർ വൈശാഖ് ടി. ധരൻ (കൊല്ലം എൻ.സി.സി ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ് ട്രെയിനിങ് ഓഫിസർ)
- 2.30: സക്സസ് ചാറ്റ്
- 3.10: വെൽനസ്ചാറ്റ്-ടീനേജ് ഇമോഷനൽ വെൽബീയിങ്/റെയ്സിങ് എംപതറ്റിക് കിഡ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

