ആദ്യ അഗ്നിവീർ പ്രവേശനപരീക്ഷ ഇന്ന് കാൺപൂരിൽ; മൂന്നു ലക്ഷത്തിലേറെ അപേക്ഷകൾ
text_fieldsകാൺപൂർ: കേന്ദ്രസർക്കാറിന്‍റെ പുതിയ സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിലേക്കുള്ള ആദ്യത്തെ പ്രവേശനപരീക്ഷ ഇന്ന് ഉത്തർ പ്രദേശിലെ കാൺപൂരിൽ നടക്കും. 33,000 ലധികം ഉദ്യോഗാർഥികളാണ് ഇന്ന് നടക്കുന്ന പ്രവേശന പരീക്ഷയെഴുതുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ഓരോ ഷിഫ്റ്റുകളിലും 625 വീതം ഉദ്യോഗാർഥികൾ പരീക്ഷയെഴുതും. പ്രവേശന പരീക്ഷയോടനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയിലേക്ക് ഇന്ത്യൻ നാവികസേനക്ക് വെള്ളിയാഴ്ചവരെ മൂന്ന് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂൺ 14നാണ് ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് കേന്ദ്ര സർക്കാർ പ്രഖ്യപിച്ചത്. 17.5 മുതൽ 21 വയസ് വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ.
എന്നാൽ പദ്ധതി യുവാക്കളുടെ സ്ഥിര ജോലി എന്ന സ്വപ്നത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ പ്രതിഷേധുമായി രംഗത്തെത്തി. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 23 ആയി ഉയർത്തി. കേന്ദ്ര അർധസൈനിക സേന വിഭാഗങ്ങളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിച്ച അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്നും കേന്ദ്ര -സംസ്ഥാന സർക്കാറുകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

