ഫിൻലാൻഡ് സംഘം കേരളത്തിൽ; വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചർച്ച നടത്താൻ ഫിൻലാൻഡ് സംഘം കേരളത്തിൽ എത്തി. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു.
വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ തുടർച്ചയായാണ് ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്‌സൺ, ഫിൻലാൻഡ് അംബാസിഡർ, ഫിൻലാൻഡ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നത തല സംഘം കേരളത്തിൽ എത്തിയത്. സംഘം മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിവിധ വിദ്യാഭ്യാസ ഏജൻസികളുടെ തലവൻമാർ എന്നിവരുമായി ഒക്‌ടോബർ 19 ന് ചർച്ച നടത്തും.
ഇന്ന് ഉച്ചക്ക് രണ്ടിന് തൈക്കാട് ഗവൺമെന്റ് മോഡൽ ഹൈസ്‌കൂളും എൽ.പി. സ്‌കൂളും പ്രീ പ്രൈമറി സ്‌കൂളും സംഘം സന്ദർശിക്കും. 2.40 ന് കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും സംഘം സന്ദർശനം നടത്തും.
ഫിൻലാൻഡിലെ വിദഗ്ദ സംഘം മുമ്പ് കേരളം സന്ദർശിക്കുകയും പൊതു വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്ര പഠനം, വിലയിരുത്തൽ സമീപനം, ഗവേഷണാത്മക പഠനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രാഥമികമായി ചർച്ച നടത്തുകയും വിവിധ മേഖലകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൈമാറുന്നതിന് വർക്കിംഗ് ഗ്രൂപ്പുകൾ കൂടുകയും ഉണ്ടായി. ഫിൻലന്റുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയാറാക്കി കൂടുതൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനാണ് ഈ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

