ഫൈനാർട്സ് മാറി വിഷ്വൽ ആർട്സ് വരണം; പ്രത്യേക സർവകലാശാലക്കും ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഫൈനാർട്സ് പഠന മേഖല അടിമുടി പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശ. ഫൈനാർട്സ് എന്നതിനു പകരം വിഷ്വൽ ആർട്സ് എന്ന പേരിലേക്ക് പഠനമേഖലയെ പുനർനാമകരണം ചെയ്യണമെന്ന് ഡൽഹി അംബേദ്കർ യൂനിവേഴ്സിറ്റി മുൻ ഡീനും സ്കൂൾ ഓഫ് കൾച്ചറൽ ആൻഡ് ക്രിയേറ്റിവ് എക്സ്പ്രഷൻസ് സ്ഥാപകാംഗവുമായ പ്രഫ. ശിവജി കെ. പണിക്കർ അധ്യക്ഷനായ വിദഗ്ധ സമിതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
വിഷ്വൽ ആർട്സ് പഠന മേഖലക്ക് മാത്രമായി സംസ്ഥാനത്ത് പ്രത്യേക സർവകലാശാല തുടങ്ങണമെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഫൈനാർട്സ് കോളജുകളിൽ നിലവിലുള്ള ബാച്ചിലർ ഓഫ് ഫൈനാർട്സ് (ബി.എഫ്.എ) കോഴ്സ് ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ് എന്നും മാസ്റ്റർ ഓഫ് ഫൈനാർട്സ് (എം.എഫ്.എ) കോഴ്സ് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് (എം.വി.എ) എന്നും പുനർനാമകരണം ചെയ്യണം.
വാർഷിക രീതിയിലുള്ള ഈ കോഴ്സുകൾ സെമസ്റ്റർ രീതിയിലേക്ക് മാറ്റണം. എന്നാൽ, സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്.ഐ.യു.ജി.പി) രീതിയിലേക്ക് മാറിയ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈനാർട്സിൽ അതേരീതി തുടരാനാണ് സമിതിയുടെ ശിപാർശ. നിലവിലുള്ള ഫൈനാർട്സ് കോളജുകളിലെല്ലാം ആർട് ഹിസ്റ്ററി, ഭാഷ, ഗ്രാഫിക്സ്/പ്രിന്റ് മേക്കിങ് പഠനം കൊണ്ടുവരികയും ഇതിനായി പഠന വകുപ്പുകൾ രൂപവത്കരിക്കുകയും ചെയ്യണം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കോളജ് വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെ വ്യത്യസ്ത ഏജൻസികൾക്ക് കീഴിലുള്ള ഫൈനാർട്സ് കോളജുകളെ പൊതു ഏജൻസിക്ക് കീഴിലേക്ക് കൊണ്ടുവരണം. മലയാളിയായ വിഖ്യാത ചിത്രകാരൻ കെ.സി.എസ്. പണിക്കരുടെ നാമധേയത്തിൽ കണ്ണൂരിൽ പുതിയ വിഷ്വൽ ആർട്സ് കോളജ് തുടങ്ങണം. തൃപ്പൂണിത്തുറയിലെ ആർ.എൽ.വി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈനാർട്സിൽ നിന്ന് ഫൈനാർട്സ് വിഭാഗം പ്രത്യേക കാമ്പസിലേക്ക് മാറ്റി സ്വതന്ത്ര സ്ഥാപനമാക്കണം. മാവേലിക്കര രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്ടിനെ, വിഷ്വൽ ആർട്ട് പഠന വകുപ്പായി വിഭാവനം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നാല് പുതിയ പി.ജി കോഴ്സുകൾക്ക് ശിപാർശ
നിലവിലുള്ള കോഴ്സുകൾക്ക് പുറമെ, നാല് പുതിയ ബിരുദാനന്തര കോഴ്സുകൾ കൂടി തുടങ്ങണമെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഇന്റർ മീഡിയ പ്രാക്ടിസസ്, ക്യുറേറ്റോറിയൽ പ്രാക്ടിസസ്, ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്, ഇന്റർ ഡിസിപ്ലിനറി മീഡിയ ആൻഡ് ഡിസൈൻ പ്രാക്ടിസസ് എന്നിവയിൽ എം.എ കോഴ്സ് തുടങ്ങാനാണ് ശിപാർശ.
തിരുവനന്തപുരം ഗവ. ഫൈനാർട്സ് കോളജിൽ എം.എ പ്രിന്റ് മെയ്ക്കിങ് കോഴ്സ് പുതുതായി തുടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലക്ക് കീഴിൽ ആർട്സ് ആൻഡ് സോഷ്യൽ സയൻസ് ഫാക്കൽറ്റിക്ക് കീഴിലുള്ള പെയിന്റിങ് പഠന വകുപ്പ് ഫൈനാർട്സ് ഫാക്കൽറ്റി രൂപവത്കരിച്ച് അതിന് കീഴിലേക്ക് മാറ്റണം.
ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ദലിത് ആർട്, ക്യുറേഷൻ, ജൻഡർ സ്റ്റഡീസ്, ഫെമിനിസം തുടങ്ങിയ പഠന മേഖലകൾ കൂടി ഉൾപ്പെടുത്താനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഒന്നാം വർഷത്തിൽ ഫൗണ്ടേഷൻ കോഴ്സുകളെന്ന നിലയിൽ എല്ലാ ബിരുദ കോഴ്സുകളിലും ആർട് ഹിസ്റ്ററി, ക്രിട്ടിക്കൽ തിയറി, കൾച്ചറൽ സ്റ്റഡീസ് തുടങ്ങിയ പേപ്പറുകൾ പഠിപ്പിക്കണം.
രണ്ടാം വർഷം മുതൽ മെയിൻ വിഷയങ്ങളും (ഡിസിപ്ലിനറി കോഴ്സുകൾ) തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഇലക്ടിവ് കോഴ്സുകളുമാണ് സമിതി ശിപാർശ ചെയ്ത പാഠ്യപദ്ധതി പ്രകാരം പഠിക്കേണ്ടത്. ഫൗണ്ടേഷൻ കോഴ്സുകളിൽ നാലും ഡിസിപ്ലിനറി കോഴ്സുകളിൽ 12ഉം ഇലക്ടിവിൽ നാലും വീതം ക്രെഡിറ്റുകളാണ് ബിരുദ കോഴ്സിൽ നേടേണ്ടത്.
റിപ്പോർട്ട് സർക്കാർ തലത്തിൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെയർപേഴ്സൺ ശിവജി കെ. പണിക്കരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, പ്രഫ. ഷിജോ ജേക്കബ്, പ്രഫ. മനോജ് വൈലൂർ, ഡോ. കവിത ബാലകൃഷ്ണൻ, ഡോ. സുധീഷ് കോട്ടേമ്പ്രം, വിപിൻ ജോർജ്, സക്കീർ ഹുസൈൻ, സജിത ആർ. ശങ്കർ, ഡോ. ജ്യോതിലാൽ, ടെൻസിങ് ജോസഫ് എന്നിവരടങ്ങിയതായിരുന്നു വിദഗ്ധ സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

