എൽ.ഡി.എഫ് സർക്കാറിന്റെ നിയമനം റദ്ദാക്കി: ഫീ റഗുലേറ്ററി, സൂപ്പർവൈസറി കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു, ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ അധ്യക്ഷൻ
text_fieldsതിരുവനന്തപുരം: പ്രഫഷനൽ കോളജുകളിലെ ഫീസ് നിയന്ത്രണത്തിനും പ്രവേശന മേൽനോട്ടത്തിനുമുള്ള സമിതികൾ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്. ഹൈകോടതി റിട്ട. ജഡ്ജി കെ.പി ബാലചന്ദ്രൻ അധ്യക്ഷനായാണ് രണ്ട് സമിതികളും പുനഃസംഘടിപ്പിച്ചത്. റിട്ട. ജഡ്ജി കെ.കെ ദിനേശനെ സമിതി അധ്യക്ഷനായി വീണ്ടും നിശ്ചയിച്ച് എൽ.ഡി.എഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി (മെമ്പർ സെക്രട്ടറി), ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, പ്രവേശന പരീക്ഷാ കമീഷണർ, ഡോ.എൻ. ജയകുമാർ എന്നിവർ പ്രവേശന മേൽനോട്ട സമിതി അംഗങ്ങളാണ്.
അധ്യക്ഷന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി (മെമ്പർ സെക്രട്ടറി), ഡോ.കെ. ശാന്തകുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ്), ഡോ.കെ.എം ബെന്നി, ദേശീയ മെഡിക്കൽ കമീഷൻ(എൻ.എം.സി)/ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) എന്നിവയുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളുമായാണ് ഫീസ് നിയന്ത്രണ സമിതി. ഈ സമിതികളെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ വിദ്യാർഥി പ്രവേശന മേൽനോട്ടത്തിനും ഫീസ് നിർണയത്തിനും ചുമതലപ്പെടുത്തി ആരോഗ്യവകുപ്പ് കൂടി ഉത്തരവിറക്കണം. എങ്കിലേ അതിന്റെ ഫീസ് നിർണയം സമിതിക്ക് നടത്താനാകൂ.
നേരത്തെ റിട്ട. ജഡ്ജി ബാബു മാത്യു പി. ജോസഫ് അധ്യക്ഷനായി സമിതികൾ പുനഃസംഘടിപ്പിച്ചിരുന്നു. സി.എം.ഡി.ആർ.എഫ് വകമാറ്റിയത് സംബന്ധിച്ച ലോകായുക്ത കേസിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻചിറ്റ് നൽകിയത് ബാബു മാത്യു പി.ജോസഫ് ആയിരുന്നു. ഇതിനുള്ള പാരിതോഷികമാണ് നിയമനമെന്ന് ആരോപണം ഉയർന്നതോടെ അദ്ദേഹം ചുമതലയേറ്റില്ല. ഇതിന് പിന്നാലെ നേരത്തെ കാലാവധി കഴിഞ്ഞ സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ട. ജസ്റ്റിസ് കെ.കെ ദിനേഷനെ മാത്രം ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിച്ചെങ്കിലും അംഗങ്ങളെ നിശ്ചയിച്ചിരുന്നില്ല.
മുൻ സർക്കാർ പുനഃസംഘടിപ്പിച്ച സമിതികൾ അപൂർണമാണെന്ന് വിലയിരുത്തിയാണ്, ഉത്തരവ് റദ്ദാക്കി പുതിയ സമിതികളെ നിയമിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

