കാലിക്കറ്റ് സർവകലാശാല പരീക്ഷ ചോദ്യപേപ്പർ നൽകിയതിൽ അപാകതയെന്ന്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ ബി.സി.എ, ബി.എസ് സി (എ.ഐ), ബി.എ ജേണലിസം പരീക്ഷക്ക് നൽകിയ ചോദ്യപേപ്പറുകളിൽ അപാകതയെന്ന് പരാതി. സർവകലാശാല നവംബർ 14ന് നടത്തിയ ബി.സി.എ, ബി.എസ് സി (എ.ഐ) ഒന്നാം സെമസ്റ്റർ തുടങ്ങിയ പരീക്ഷകളിലാണ് അപാകതയെന്ന പരാതി ഉയർന്നത്.
കോളജുകളിൽ ലഭിച്ച ബി.സി.എ കോഴ്സിന്റെ ചോദ്യപേപ്പർ യഥാർഥ വിഷയത്തിന്റേതല്ലെന്നും പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുശേഷമാണ് ബി.എസ് സി (എ.ഐ) കോഴ്സിന്റെ ചോദ്യപേപ്പർ കൈമാറിയതെന്നുമാണ് പരാതി. ബി.എസ് സി (എ.ഐ) കോഴ്‌സിലെ വിദ്യാർഥികൾ ഉച്ചക്ക് രണ്ടു മുതൽ 2.45 വരെ ചോദ്യപേപ്പറിനായി കാത്തുനിൽക്കേണ്ടിവന്നതായും പരാതിയുണ്ട്. സർവകലാശാല പരീക്ഷാഭവനിൽനിന്ന് ഓൺലൈനായാണ് ചോദ്യപേപ്പർ കോളജുകൾക്ക് കൈമാറാറുള്ളത്.
സർവകലാശാലയുടെ നിലവിലുള്ള മാർഗരേഖകൾ പ്രകാരം പരീക്ഷ തുടങ്ങി അര മണിക്കൂറിനുശേഷം ചോദ്യപേപ്പർ മാറ്റം അനുവദനീയമല്ല. ഫസ്റ്റ് സെമസ്റ്റർ ബി.സി.എ നവംബർ 2025 BCA1CJ01 എന്ന കോർ പേപ്പറിന് പകരം CSC1CJ01 എന്ന കമ്പ്യൂട്ടർ സയൻസ് ചോദ്യപേപ്പറാണ് സർവകലാശാല ഉദ്യോഗസ്ഥർ കോളജുകളിലേക്ക് അയച്ചത്. ബി.എസ് സി (എ.ഐ) കോഴ്സിലെ AIN1CJ101 ഫണ്ടമെന്റൽസ് ഓഫ് കമ്പ്യൂട്ടേഴ്‌സ് ആൻഡ് കമ്പ്യൂട്ടേഷനൽ തിങ്കിങ് എന്ന ചോദ്യപേപ്പർ കോളജുകളിലെത്തിയത് പരീക്ഷ തുടങ്ങി അര മണിക്കൂറിനുശേഷമാണെന്നും വിദ്യാർഥികളും അധ്യാപകരും പറയുന്നു.
എന്നാൽ, സർവകലാശാലയിൽനിന്ന് ചോദ്യപേപ്പർ മാറ്റത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പോ നിർദേശങ്ങളോ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് അധ്യാപകർ ആശയക്കുഴപ്പത്തിലായി. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ലഭിക്കുന്ന ശബ്ദസന്ദേശങ്ങളാണ് അധ്യാപകർക്കുള്ള ഏക ആശ്രയം.
ചോദ്യപേപ്പർ മാറിയ കാര്യം അധ്യാപകർ സർവകലാശാല അധികൃതരെ അറിയിച്ചപ്പോൾ ഉടൻ യഥാർഥ ചോദ്യപേപ്പർ ലഭിക്കുമെന്ന് ശബ്ദസന്ദേശമുണ്ടായിരുന്നെങ്കിലും ഓൺലൈൻ സിസ്റ്റത്തിൽ ചോദ്യപേപ്പർ ലഭിക്കുന്നത് പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിഞ്ഞാണ്. ഇതു കൂടാതെ ബി.എ ജേണലിസം കോഴ്സിന്റെ JOU1MN101- ബേസിക്സ് ഓഫ് കമ്യൂണിക്കേഷൻ എന്ന മൈനർ പേപ്പറിന്റെ നവംബർ 18, 20 ദിവസങ്ങളിൽ നടന്ന വ്യത്യസ്ത പരീക്ഷകൾക്ക് ഒരേ ചോദ്യപേപ്പർ ഉപയോഗിച്ചതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

