പരീക്ഷകൾക്ക് കർശന സുരക്ഷാ മാനദണ്ഡങ്ങൾ; വിദ്യാർഥികൾക്ക് തെർമൽ സ്ക്രീനിങ് 

17:59 PM
22/05/2020
sslc

തിരുവനന്തപുരം: മേയ് 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നടത്തുകയെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച് മർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകിയതാ‍യും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാർഥികൾ പരീക്ഷക്ക് എത്തിച്ചേരുന്നതിൽ ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്‍റീൻ നിർബന്ധമാണ്. ഹോം ക്വാറന്‍റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാർഥികൾക്ക് തെർമൽ സ്ക്രീനിങ് നിർബന്ധമാക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കും.

ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടൻ കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയർഫോഴ്സിന്‍റെ സഹായത്തോടെ അണുവിമുക്തമാക്കും.

തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐ.ആർ തെർമോമീറ്ററുകൾ വാങ്ങും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് നിർദേശം നൽകി. 

തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യം, ഫയർഫോഴ്സ്, പൊലീസ് ഇവരുടെ എല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി എസ്.എസ്.എൽ.സി -1856, എച്ച്.എസ്‌.സി -8835, വി.എച്ച്.എസ്‌.സി -219 എന്നിങ്ങനെ 10,920 കുട്ടികൾ അപേക്ഷ സമർപ്പിച്ചു. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിദ്യാഭ്യാസ ഓഫിസർമാർ ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏതെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഈ തീയതികളിൽ കഴിഞ്ഞില്ലെങ്കിൽ അവർ ആശങ്കപ്പെടേണ്ടതില്ല. അവർക്ക് ഉപരിപഠനത്തിലുള്ള അവസരം നഷ്ടപ്പെടാത്ത രീതിയിൽ സേ പരീക്ഷക്കൊപ്പം റെഗുലർ പരീക്ഷയ്ക്കുള്ള അവസരം ഒരുക്കും. പരീക്ഷ സംബന്ധിച്ച സംശയങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസർമാരും ഉള്‍പ്പെടെ 23  മുതൽ വാർ റൂമുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Loading...
COMMENTS