കോടികൾ നൽകി മെഡിക്കൽ പി.ജി സീറ്റ് സ്വന്തമാക്കി മുന്നാക്ക സമുദായങ്ങളിലെ ‘സാമ്പത്തിക പിന്നാക്കക്കാർ’
text_fieldsകൊച്ചി: ഭരണഘടന അടിസ്ഥാനപരമായി ഉറപ്പു നൽകുന്ന സാമൂഹ്യനീതിയുടെ അടിത്തറ തകർക്കുന്നതാണ് 103ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ ഇ.ഡബ്ല്യു.എസ് സംവരണമെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ഡോ. വി.ആർ. ജോഷി.
മുന്നാക്ക സമുദായത്തിലെ സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർ (ഇ.ഡബ്ല്യു.എസ്) എന്ന പേരിൽ സംവരണം നേടിയവർ കോടികൾ നൽകി മെഡിക്കൽ പി.ജി പ്രവേശനം കരസ്ഥമാക്കിയ വാർത്തകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് ബാങ്ക് ക്ലാർക്ക് പരീക്ഷയിൽ വിവിധ സമുദായങ്ങൾക്ക് നിശ്ചയിച്ച കട്ട്ഓഫ് മാർക്കും മുന്നാക്കക്കാരുടെ കട്ട് ഓഫ് മാർക്കും തമ്മിലുള്ള വ്യതാസവും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഡോ. വി.ആർ. ജോഷി വ്യക്തമാക്കുന്നുണ്ട്.
അഖിലേന്ത്യാ മെഡിക്കൽ പി.ജി കോഴ്സുകളിലാണ് ഇ.ഡബ്ല്യു.എസ് വിഭാഗം കോടികൾ നൽകി പ്രവേശനം നേടിയത്. എട്ടു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സാമ്പത്തിക ദുർബല വിഭാഗം എന്ന പേരിൽ ഇ.ഡബ്ല്യു.എസ് സംവരണ ക്വോട്ടയിൽ റാങ്ക് ലിസ്റ്റിൽ വളരെ പിന്നിലുള്ളവർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ എൻ.ആർ.ഐ /മാനേജ്മെൻറ് സീറ്റുകളിൽ 25 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിവർഷ ഫീസ് നൽകി പ്രവേശനം സമ്പാദിക്കുകയാണ്.
2.4 ലക്ഷ്യം വിദ്യാർഥികളാണ് മെഡിക്കൽ പിജി പ്രവേശന പരീക്ഷ എഴുതിയത്. 1.3 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. 52,000 സീറ്റുകളാണ് ഉള്ളത്. 1.1 ലക്ഷത്തിലും താഴെ റാങ്ക് നേടിയ ഇ.ഡബ്ല്യു എസ് വിഭാഗത്തിലുള്ള ഒരു വിദ്യാർഥി കർണാടകയിലെ ബളഗാവിയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജ് ആയ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ പ്രതിവർഷം ഒരു കോടി രൂപ ഫീസ് ഉള്ള എൻ.ആർ.ഐ കോട്ടയിൽ പ്രവേശനം നേടി. നവി മുംബൈയിലെ മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജിൽ ആകെയുള്ള 16 മാനേജ്മെൻറ് സീറ്റിൽ നാലെണ്ണവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർ നേടി. 48.5 ലക്ഷം രൂപയാണ് ഇവിടെ പ്രതിവർഷ ഫീസ്.
പുതുച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിൽ 84,000ത്തിൽ താഴ്ന്ന റാങ്കുള്ള ഒരു ഇ.ഡബ്ല്യു.എസ് വിദ്യാർഥി പ്രതിവർഷം 55 ലക്ഷം രൂപ ഫീസ് നൽകി ജനറൽ മെഡിസിനിൽ എൻ.ആർ.ഐ കോട്ടയിൽ പ്രവേശനം നേടി. 140 ഓളം ഇ.ഡബ്ല്യു.എസ് വിദ്യാർഥികൾ ഇത്തരത്തിൽ വൻതുക ഫീസ് ഉള്ള കോളജുകളിൽ പ്രവേശനം നേടിയതായാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ഡോ. വി.ആർ. ജോഷി ചൂണ്ടിക്കാട്ടി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6589 ക്ലാർക്കുമാരുടെ ഒഴിവിലേക്ക് ദേശവ്യാപകമായി നടത്തിയ പ്രിലിമനറി പരീക്ഷയുടെ ഫലം 2025 നവംബർ നാലിന് പ്രഖ്യാപിച്ചു. അതിൽ മുന്നാക്ക സമുദായക്കാർക്കാണ് പട്ടിക ജാതി, പട്ടിക വർഗക്കാരേക്കാൾ കുറഞ്ഞ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചിട്ടുള്ളത്. പട്ടികജാതി (63.5), പട്ടികവർഗം (47.5), ഇ.ഡബ്ല്യു.എസ് (36.5), ഒ.ബി.സി (74), ജനറൽ (74) എന്നിങ്ങനെയാണ് ഓരോ സമുദായങ്ങൾക്കും നിശ്ചയിച്ച അർഹത മാർക്ക്. ഈ ഫലം പൊതുജനങ്ങൾക്ക് അറിയാൻ കഴിയില്ല. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ ഇതിൻറെ പിന്നിൽ പതിയിരിക്കുന്ന അട്ടിമറി പൊതുസമൂഹം അറിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
103ാം ഭരണഘടന ഭേദഗതിയുടെയും ഇ.ഡബ്ല്യു.എസ് സംവരണത്തിന്റെയും പ്രസക്തിയും ആവശ്യകതയും പുനരവലോകനം ചെയ്യേണ്ട സാധ്യതയാണ് മേൽ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നതെന്ന് ഡോ. വി.ആർ. ജോഷി അഭിപ്രായപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
ഭരണഘടനാ ദിനവും ഡോ.അംബേദ്കറിന്റെ ആശങ്കകളും
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും നവംബർ 26 ഭരണഘടന ദിനം ആയി ആഘോഷിക്കുന്നു. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടന അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 മുതൽ പ്രാബല്യവും നൽകി.
ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ ഭരണഘടനാ അസംബ്ലിയുടെ അവസാന യോഗത്തിൽ പങ്കെടുത്തു കൊണ്ട് ഭരണഘടനാ ശില്പി മഹാനായ ഡോ. ബി ആർ അംബേദ്കർ നടത്തിയ പ്രസംഗം ഇന്നും ഏറെ ശ്രദ്ധ അർഹിക്കുന്നു.
അതിലെ പ്രസക്തമായ ഒരു ഭാഗം ഇനി ഉദ്ധരിക്കുന്നു:
" ........ ഭരണഘടന എത്ര തന്നെ നന്നായിരുന്നാലും അത് പ്രയോഗിക്കുന്നവർ ദുഷിച്ചവരാണെങ്കിൽ ഭരണഘടനയും ദുഷിച്ചേക്കാം. അതുപോലെതന്നെ അത് കൈകാര്യം ചെയ്യുന്നവർ പ്രഗൽഭരാണെങ്കിൽ ആ ഭരണഘടന നന്മകൾ ചെയ്തേക്കും. ഭരണഘടന പ്രാവർത്തികമാക്കുന്നത് അതിന്റെ മൊത്തത്തിലുള്ള സ്വഭാവത്തെ അടിസ്ഥാനമാക്കിയല്ല. ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ ഘടകങ്ങൾ വിഭാവനം ചെയ്യുവാനേ ഭരണഘടനയ്ക്കാവൂ. ജനങ്ങൾ അവരുടെ ആഗ്രഹങ്ങളും രാഷ്ട്രീയവും അനുസരിച്ച് തെരഞ്ഞെടുക്കുന്ന രാഷ്ട്രീയ കക്ഷികളും അവരുടെ പ്രതിനിധികളുമാണ് ഈ ഘടകങ്ങളെ നിയന്ത്രിക്കേണ്ടത്. ഇന്ത്യയിലെ ജനങ്ങളും അവരുടെ രാഷ്ട്രീയകക്ഷികളും എങ്ങനെ പെരുമാറും എന്ന് നമുക്ക് പറയാനാവുമോ?........"
ഡോ.അംബേദ്കർ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു എന്നതാണ് ഇന്നത്തെ യാഥാർത്ഥ്യം. ഇന്ത്യയിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും പദവിയിലും അവസരത്തിലും സമത്വവും ഭരണഘടന ഉറപ്പു നൽകിയിരുന്നു. ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ടക്കും ആരാധനയ്ക്കും അവകാശം വ്യവസ്ഥ ചെയ്തിരുന്നു. നിർഭാഗ്യവശാൽ ഏഴര പതിറ്റാണ്ടിനിപ്പുറം സാമൂഹ്യനീതി നിഷേധവും പദവികളിലും അവസരങ്ങളിലും ഉള്ള അസമത്വവും ആശയ പ്രകടനത്തിനും മതനിഷ്ഠയ്ക്കും എതിരെയുള്ള വെല്ലുവിളികളും ആണ് അനുഭവപ്പെടുന്നത്.
ഭരണഘടന അസംബ്ലിയിൽ അന്നത്തെ മദ്രാസ് സംസ്ഥാനത്തു നിന്നുള്ള അംഗമായിരുന്ന വി.ഐ മുനിസ്വാമി പിള്ള എന്ന അംഗം 1949 ഓഗസ്റ്റ് 27ന് നടത്തിയ ഒരു പ്രസ്താവന കൂടി ഇപ്പോൾ പരാമർശിക്കുന്നത് ഉചിതമാണെന്ന് കരുതി ഇനി ഉദ്ധരിക്കുന്നു: "Sir, there is a fear in the minds of some of my friends, especially the scheduled castes , that the Hindu's are getting into power and that Hindu Raj is coming into force and they I may introduce the Varnashrama that was obtaining years back, again to harass the harijans."
നമ്മുടെ പൊതുജീവിതത്തിന്റെ സമസ്ത മേഖലയിലും വിശേഷിച്ച് വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വർണ്ണാശ്രമ ധർമ്മത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വം പിടിമുറുക്കുകയാണ്. ഭരണഘടന അടിസ്ഥാനപരമായി ഉറപ്പു നൽകുന്ന സാമൂഹ്യനീതിയുടെ അടിത്തറ തകർക്കുന്നതായിരുന്നു 103ാം ഭരണഘടനാ ഭേദഗതിയിലൂടെ പാവപ്പെട്ടവരുടെ മറവിൽ നടപ്പാക്കിയ ഇ.ഡബ്ല്യു.എസ് സംവരണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6589 ക്ലാർക്ക്മാരുടെ ഒഴിവിലേക്ക് ദേശവ്യാപകമായി നടത്തിയ പ്രിലിമനറി പരീക്ഷയുടെ ഫലം 2025 നവംബർ നാലിന് പ്രഖ്യാപിക്കുകയുണ്ടായി. അതിൽ ഓരോ സമുദായങ്ങൾക്കും നിശ്ചയിച്ച അർഹത മാർക്ക് ഇനി ചേർക്കുന്നു.
പട്ടികജാതി. 63.5
പട്ടികവർഗം. 47.5
ഈ ഡബ്ല്യു എസ്. 36.5
ഒ ബി സി. 74
ജനറൽ. 74
ഈ ഫലം പൊതുജനങ്ങൾക്ക് അറിയാൻ കഴിയില്ല. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ ഇതിൻറെ പിന്നിൽ പതിയിരിക്കുന്ന അട്ടിമറി പൊതുസമൂഹം അറിയുന്നില്ല.
ഈയടുത്ത ദിവസങ്ങളിൽ വന്ന മാധ്യമ വാർത്തകൾ അഖിലേന്ത്യാതലത്തിൽ ഇ.ഡബ്ല്യു.എസ് വിഭാഗം ബിരുദാനന്തര ബിരുദം മെഡിക്കൽ കോഴ്സുകളിൽ നേടുന്ന പ്രവേശന സംബന്ധിച്ചാണ്. എട്ടു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സാമ്പത്തിക ദുർബല വിഭാഗം എന്ന പേരിൽ ഇ.ഡബ്ല്യു.എസ് സംവരണ ക്വോട്ടയിൽ റാങ്ക് ലിസ്റ്റിൽ വളരെ പിന്നിൽ തെരഞ്ഞെടുക്കപ്പെട്ടവർ സ്വകാര്യ മെഡിക്കൽ കോളജുകളിലെ എൻ.ആർ.ഐ /മാനേജ്മെൻറ് സീറ്റുകളിൽ 25 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിവർഷ ഫീസ് നൽകി പ്രവേശനം സമ്പാദിക്കുകയാണ്.
2.4 ലക്ഷ്യം വിദ്യാർഥികളാണ് മെഡിക്കൽ പിജി പ്രവേശന പരീക്ഷ എഴുതിയത്. 1.3 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. 52,000 സീറ്റുകളാണ് ഉള്ളത്.
1.1 ലക്ഷത്തിലും താഴെ റാങ്ക് നേടിയ ഇ.ഡബ്ല്യു എസ് വിഭാഗത്തിലുള്ള ഒരു വിദ്യാർഥി കർണാടകയിലെ ബേലഗാവിയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജ് ആയ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ പ്രതിവർഷം ഒരു കോടി രൂപ ഫീസ് ഉള്ള എൻആർഐ കോട്ടയിൽ പ്രവേശനം നേടി. നവീ മുംബൈയിലെ മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജിൽ ആകെയുള്ള 16 മാനേജ്മെൻറ് സീറ്റിൽ നാലെണ്ണവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർ നേടി. 48.5 ലക്ഷം രൂപയാണ് പ്രതിവർഷ ഫീസ്. പുതുച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിൽ 84,000ത്തിൽ താഴ്ന്ന റാങ്കുള്ള ഒരു ഇ.ഡബ്ല്യു.എസ് വിദ്യാർഥി പ്രതിവർഷം 55 ലക്ഷം രൂപ ഫീസ് നൽകി ജനറൽ മെഡിസിനിൽ എൻ.ആർ.ഐ കോട്ടയിൽ പ്രവേശനം നേടി. 140 ഓളം ഇ.ഡബ്ല്യു.എസ് വിദ്യാർഥികൾ ഇത്തരത്തിൽ വൻതുക ഫീസ് ഉള്ള കോളജുകളിൽ പ്രവേശനം നേടിയതായാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
103ാം ഭരണഘടന ഭേദഗതിയുടെയും ഇ.ഡബ്ല്യു സംവരണത്തിന്റെയും പ്രസക്തിയും ആവശ്യകതയും പുനരവലോകനം ചെയ്യേണ്ട സാധ്യതയാണ് മേൽ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നത്.
ഈ ഭരണഘടനാ ദിനത്തിൽ ഡോക്ടർ അംബേദ്കറുടെ ആശയാഭിലാഷങ്ങളും ആശങ്കകളും ഭരണഘടന നിർമ്മാതാക്കളുടെ ലക്ഷ്യവും പൗരന്മാരുടെ അവസ്ഥയും വിലയിരുത്താൻ ഇടയാവട്ടെ.
*വി ആർ ജോഷി.*
പിന്നോക്ക വിഭാഗ വികസന വകുപ്പു മുൻ ഡയറക്ടർ
94 47 27 58 0 9.
25 11 20 25.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

