Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightചെറുതല്ല, ഇറാസ്മസ്...

ചെറുതല്ല, ഇറാസ്മസ് മുണ്ടസ് സ്കോള‍ർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

text_fields
bookmark_border
ചെറുതല്ല, ഇറാസ്മസ് മുണ്ടസ് സ്കോള‍ർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
cancel

ന്ത്യയുൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള മിടുക്കരായ വിദ്യാ‍‍ർഥികൾക്ക് വിഖ്യാത യൂറോപ്യൻ സ‍ർവകലാശാലകളിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠനത്തിന് അവസരം നൽകുന്ന ഇറാസ്മസ് മുണ്ടസ് ജോയൻറ് മാസ്റ്റേഴ്സ് സ്കോള‍ർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിൽ ആകെ 180 ക്രെഡിറ്റുകളെങ്കിലുമുള്ള മൂന്നു വ‍ർഷ ബിരുദമോ തത്തുല്യമോ ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗത്യ.

ഒന്നോ രണ്ടോ വ‍ർഷം തൊഴിൽ പരിചയം ഉള്ളവർക്കും ഗവേഷണത്തിൽ മികവ് പുലർത്തുന്നവ‍‍ർക്കും പഠന വിഷയത്തിൽ ബിരുദത്തിന് പുറമേ യോഗത്യകൾ ഉള്ളവർക്കും മുൻഗണന ലഭിക്കും. അവസാന വർഷം പഠിക്കുന്ന ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

2026-2028 അധ്യയന വ‍‍ർഷം നടത്തുന്ന കോഴ്സുകൾക്കുള്ള അപേക്ഷയാണ് ഇപ്പോൾ ക്ഷണിച്ചത്. അഭിനയം മുതൽ ഉപഗ്രഹ നി‍ർമ്മാണം വരെയുള്ള വൈവിധ്യമാ‍ർന്ന 179 മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ആണ് ഈ അധ്യയന വ‍ർഷത്തിലുള്ളത്. പത്തോളം സ‍ർവകലാശാലകൾ സംയുക്തമായാണ് ഇറാസ്മസ് മുണ്ടസിലെ ഒരോ കോഴ്സും നടത്തുന്നത്.

അതുകൊണ്ട് പഠന കാലയളവിലെ നാല് സെമസ്റ്ററുകൾ നാല് യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ സ‍ർവകലാശാലകളിൽ ആറ് മാസം വീതമുള്ള ഒരോ സെമസ്റ്റ‍ർ പഠിക്കാൻ അവസരം ലഭിക്കുന്നു. ഫീസ്, താമസം, ഭക്ഷണം, യാത്രാചെലവ്, മെഡിക്കൽ ഇൻഷുറൻസ്, ലാപ്ടോപ് ഉൾപ്പടെ പഠന സാമഗ്രികൾ എന്നിവക്കായി ഏതാണ്ട് 45,000 -50,000 യൂറോ (45- 50 ലക്ഷം രൂപ) തെരഞ്ഞെടുക്കപ്പെടുന്നവ‍ക്ക് ലഭിക്കും. താമസത്തിനും ഭക്ഷണത്തിനുമായി എല്ലാ മാസവും ലഭിക്കുന്ന 1400 യൂറോ ഉൾപ്പടെയാണിത്.

ഡച്ച് വിദ്യാഭ്യാസ വിചക്ഷണനായ ദെസിദേറിസ് ഇറാസ്മസിന്റെ സ്മരണാ‍ർഥം യൂറ്യോപ്യൻ യൂനിയൻ 2000ത്തിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ സ്കോള‍ഷിപ് പദ്ധതിയാണിത്. ഇതുവരെ ഇരുനൂറോളം രാജ്യങ്ങളിൽനിന്നുള്ള 60,000ത്തോളം വിദ്യാ‍ർഥികൾക്ക് ഇതു ലഭിച്ചിട്ടുണ്ട്. ഇതിൽ ആറായിരത്തോളം ഇന്ത്യക്കാരാണ്. പ്രതിവർഷം ശരാശരി 240 ഇന്ത്യക്കാർക്ക് ലഭിക്കുന്നു. പക്ഷെ, 2025 ൽ ലഭിച്ചത് 101 ഇന്ത്യക്കാർക്ക് മാത്രമാണ്. ബംഗ്ലാദേശിനും പാകിസ്താനും പിറകിലായി ഇന്ത്യ.

ഇറാസ്മസ് മുണ്ടസ് കാറ്റലോഗ് 2026 - എന്ന് ഇൻറർനെറ്റിൽ സേർച് ചെയ്താൽ കോഴ്സുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കും. ഒരു പ്രത്യേക വിഷയം മാത്രമായി പഠിക്കുന്നതിലുപരി അനുബന്ധ വിഷയങ്ങളും അവയുടെ സാമൂഹിക-സാമ്പത്തിക വശങ്ങളും കൂടി ഉൾക്കൊള്ളിച്ചുള്ള മൾട്ടി ഡിസിപ്ലിനറി കോഴ്സുകളാണ് ഇറാസ്മസ് മുണ്ടസിൽ അധികവും. മേജറായി ഒരു വിഷയവും മൈനറായി രണ്ടോ മൂന്നോ അനുബന്ധ വിഷയങ്ങളും പഠിക്കണം. ഒരു മാസ്റ്റേഴ്സ് പ്രോഗ്രാമിൽ തന്നെ മൂന്നോ നാലോ മേജറുകൾ ഉണ്ടാകും.

ഒരാൾക്ക് ഒന്നിലധികം കോഴ്സുകൾക്ക് അപേക്ഷിക്കാം. ഒരോ കോഴ്സിനും പ്രത്യേകം സെലക്ഷൻ കമ്മിറ്റികളാണ്. അതുകൊണ്ട് ഒരോ കോഴ്സിനും പ്രത്യേകമായി അപേക്ഷിക്കണം. അപേക്ഷ തീയതികളും വ്യത്യസ്തമായിരിക്കും. ഒക്ടോബ‍ർ 20ന് ആണ് ഈ വ‍‍ർഷം അപേക്ഷ പോ‍ർട്ടൽ തുറന്നത്. കൂടുതൽ വിവരങ്ങൾ https://erasmus-plus.ec.europa.eu/ സൈറ്റിൽനിന്ന് ലഭിക്കും.

അക്കാദമിക് പഠന നിലവാരം മാത്രമല്ല ഇതരവിഷയങ്ങളിലെ പ്രാവീണ്യം, വിദ്യാർഥിയുടെ നീതിബോധം, രാഷ്ട്രീയഅവബോധം, സമൂഹികപ്രതിബദ്ധത, പരിസ്ഥിതി പ്രശ്നങ്ങളിലെ സമീപനവും ഇടപെടലും - ഇതൊക്കെ തെരഞ്ഞെടുപ്പിന് മാനദണ്ഡമാകും. ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലേക്ക് ഗവേഷകനായോ ജീവനക്കാരനായോ കടന്നു ചെല്ലാനുള്ള പാസ്പോ‍ർട്ട് കൂടിയാണ് ഇറാസ്മസ് മുണ്ടസ്. വിവിധ വിഷങ്ങളിലുള്ള 179 കോഴ്സുകളിലായി 2500 ൽ പരം സ്കോളർഷിപ്പുകളാണ് 2026 ൽ നൽകുക.

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴ്സ് തെരഞ്ഞെടുപ്പ് മുഖ്യം

സ്കോളർഷിപ്പ് കാറ്റലോഗ് (https://www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en) പരിശോധിച്ച് അനുയോജ്യമായ കോഴ്സ് കണ്ടെത്തി അപേക്ഷിക്കണം. ഓരോ വിഷയത്തിലും പത്തോ പതിനെഞ്ചോ കോഴ്സുകൾ ഉണ്ടാകും. ജോലി നേടലിന് ഉപരിയായി അവരവർക്ക് പാഷനായിട്ടുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന കോഴ്സുകൾക്ക് അപേക്ഷിക്കുക.

ബയോഡേറ്റ യുറോപ്യൻ നിലവാരത്തിൽ

അക്കാദമിക മികവ് അടിവരയിടുന്നതിനോടൊപ്പം ആഗോള പൗരൻ എന്ന നിലക്കുള്ള ചിന്താശേഷി, ഗവേഷണ പരിചയം, സാമൂഹികപ്രസക്തിയുള്ള പ്രോജക്ടുകളിൽ പങ്കെടുത്തുള്ള പരിചയം (ഉദാഹരണത്തിന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരിമോചന പ്രവർത്തനങ്ങൾ), നേതൃപാടവം, സന്നദ്ധ സംഘടനകളിലെ ( എൻ.സി.സി / എൻ.എസ്.എസ്) സേവന കാലയളവ്, ജീവിതത്തിൻറെ ലക്ഷ്യബോധം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിക്കണം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം യൂറോപാസ് ഫോർമാറ്റിലായിരിക്കണം സി.വി തയാറേക്കണ്ടത്. അതിന് യുറോപ്യൻ യൂനിയന്റെ തന്നെ വെബ് സൈറ്റിന്റെ സഹായം പ്രയോജനപ്പെടുത്തുക (https://europass.europa.eu/en).

സ്റ്റേറ്റ്മെൻറ് ഓഫ് പർപ്പസ് (എസ്.ഒ.പി)

എന്തിനാണ് കോഴ്സിന് അപേക്ഷിക്കുന്നത്, അതിന് പ്രേത്യകമായി വിദ്യാർഥിക്ക് ഉള്ള അഭിരുചികൾ എന്താണ് എന്ന് വിശദമാക്കുകയും സെലക്ഷൻ കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് എസ്.ഒ.പിയുടെ ധർമം. മോട്ടിവേഷണൽ ലെറ്റർ എന്നും പറയും. ചാറ്റ് ജി.പി.ടി യെയോ ജെമിനിയെയോ ഏൽപ്പിച്ചാൽ ഒരു മിനിറ്റിനുള്ളിൽ എസ്.ഒ.പി കിട്ടുമെങ്കിലും ചവറ്റുകുട്ടയിലായിരിക്കും സ്ഥാനം.

അത് എളുപ്പത്തിൽ കണ്ടുപിടിക്കാനാകും. ലെറ്റർ സ്വന്തമായി തന്നെ തയാറാക്കുക. ഭാഷാപരമായ പ്രശ്നം അതിൽ തോന്നുന്നുണ്ടെങ്കിൽ പുറത്തുള്ള ഒരാളുടെ സഹായത്തോടെ തിരുത്തുക. ഒന്നിലധികം കോഴ്സുകൾക്ക് അപേക്ഷിക്കുമ്പോൾ ഓരോ കോഴ്സിനും പ്രത്യേകം എസ്.ഒ.പി തയാറാക്കുക.

എങ്ങനെയെങ്കിലും യൂറോപ്പിലോ അമേരിക്കയിലോ നല്ലൊരു ജോലി സംഘടിപ്പിച്ച് സുഖമായി ശിഷ്ടജീവിതം കഴിക്കണം എന്നൊന്നും എഴുതരുത്. മറിച്ച് യൂറോപ്പിലെ മികച്ച സർവകലാശാലകളിൽനിന്ന് ആർജിക്കുന്ന അറിവും പ്രായോഗിക പരിജ്ഞാനവും സ്വന്തം രാജ്യത്തേയും മറ്റ് സമൂഹങ്ങളിലേയും താഴേക്കിടയിലുള്ളവരുടെ ഉന്നതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന ചിന്തയായിരിക്കണം എസ്.ഒ.പിയിൽ മുന്നിട്ട് നിൽക്കേണ്ടത്.

റഫറൻസ് കത്ത്

രണ്ട് റഫറൻസ് കത്തുകളാണ് ഒരു അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. മിക്കതിലും റഫറൻസ് നൽകേണ്ട വ്യക്തിയുടെ പേരും ഇ മെയിൽ വിലാസവും നൽകിയാൽ മതി. സെലക്ഷൻ കമ്മിറ്റി തന്നെ റഫറൻസ് നൽകേണ്ട ആളെ ഇ-മെയിലിൽ ബന്ധപ്പെട്ടുകൊള്ളും. സ്ഥാപന മേധാവിയുടെയോ പഠനവിഭാഗം മേധാവിയായ പ്രൊഫസറുടെയോ റെഫറൻസ് തന്നെ നൽകണമെന്ന് നിർബന്ധമില്ല. നിങ്ങളോട് അടുപ്പവും മമതയും ഉള്ള അധ്യാപകൻ ഏറ്റവും ജൂനിയർ ആണെങ്കിലും അവരുടെ റഫറൻസ് നൽകുന്നതാവും നല്ലത്.

അപേക്ഷിക്കുന്ന കോഴ്സിനെ കുറിച്ചുള്ള വിവരങ്ങളും സിലബസ് വിശദാംശങ്ങളും റഫറൻസ് നൽകുന്ന വ്യക്തിക്ക് മുൻകൂട്ടി നൽകിയിരിക്കണം. അവർ നിശ്ചിത സമയത്തിനുള്ളിൽ തന്നെ റഫറൻസ് കൈമാറി എന്ന് ഉറപ്പാക്കുകയും വേണം.

ഈ കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്തി ഹോം വർക്ക് ചെയ്ത് അപേക്ഷ തയാറാക്കിയാൽ എറാസ് മുണ്ടസ് ഫെല്ലോഷിപ് ബാലികേറാമലയാകില്ല.

പല രാജ്യങ്ങളിലും ഇറാസ് മുണ്ടസ് ഫെല്ലോകൾ നേതൃത്വം നൽകുന്ന സൌജന്യ മെൻറർ ഗ്രൂപ്പുകൾ പുതിയ അപേക്ഷകർക്ക് മാർഗനിർദേശം നൽകാനായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലുമുണ്ട്. മാർഗനിർദേശങ്ങൾക്കായി അവരെ ബന്ധപ്പെടാം ( nundusmentor@gmail.com).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education NewsEuropean UniversityApplication submission startedErasmus Mundus Scholarship
News Summary - Erasmus Mundus Scholarship; Apply Now
Next Story