തുല്യതാ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ
text_fieldsതിരുവനന്തപുരം: വിദ്യാർഥി പ്രവേശനത്തിനും ജോലിക്കും തുല്യത/ അംഗീകാര സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുതെന്ന് സംസ്ഥാനത്തെ സർവകലാശാലകളോടും പി.എസ്.സിയോടും ആവശ്യപ്പെടാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തീരുമാനിച്ചു.
വിവിധ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്സുകൾക്കും ബിരുദങ്ങൾക്കും സർവകലാശാലകളും പി.എസ്.സിയും തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് കൗൺസിൽ പ്രത്യേക പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
ബിരുദം നൽകിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.െഎ.യു), അസോസിയേഷൻ ഒാഫ് കോമൺവെൽത്ത് യൂനിവേഴ്സിറ്റീസ് (എ.സി.യു), ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് യൂനിവേഴ്സിറ്റീസ് (െഎ.എ.യു) തുടങ്ങിയവയുടെ റഫറൻസ് പട്ടിക പരിശോധിക്കുന്ന രീതി സർവകലാശാലകൾക്ക് അവലംബിക്കാമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
അംഗീകാരമുള്ള കോഴ്സുകളുടെ പട്ടിക സർവകലാശാലകൾക്ക് പ്രസിദ്ധീകരിക്കാം. അധ്യാപക തസ്തികയിൽ നിയമനത്തിന് യോഗ്യതാ ബിരുദങ്ങൾക്ക് പരസ്പര അംഗീകാരം വേണമെന്ന വ്യവസ്ഥ പാടില്ലെന്നും കൗൺസിൽ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്നം പഠിക്കാനും മാർഗരേഖയുണ്ടാക്കാനുമായി കൗൺസിൽ നേരത്തേതന്നെ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
