എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
text_fieldsതിരുവനന്തപുരം: മേയ് 17ന് നടക്കുന്ന കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ ‘KEAM 2023-Candidate Portal’ലിങ്ക് വഴി അപേക്ഷ നമ്പറും പാസ്വേഡും നൽകി പ്രൊഫൈൽ പേജിൽ പ്രവേശിച്ച് ‘Admit card’എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്താൽ അഡ്മിറ്റ് കാർഡ് ലഭിക്കും.
അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് നിർബന്ധമായും പരീക്ഷ ഹാളിൽ ഹാജരാക്കണം. കളർ പ്രിന്റൗട്ടാണ് അഭികാമ്യം. അഡ്മിറ്റ് കാർഡിനൊപ്പം സ്കൂൾ തിരിച്ചറിയൽ രേഖ/ പാൻ കാർഡ്/ ഡ്രൈവിങ് ലൈസൻസ്/ വോട്ടർ തിരിച്ചറിയൽ രേഖ/ പാസ്പോർട്ട്/ ആധാർ കാർഡ്/ ഇ-ആധാർ/ 12ാം ക്ലാസ് ഹാൾ ടിക്കറ്റ്/ അല്ലെങ്കിൽ അഡ്മിറ്റ് കാർഡ്/ ബാങ്ക് പാസ്ബുക്ക് (എല്ലാം ഫോട്ടോ പതിച്ചത്) എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കൊണ്ടുവരണം. ഈ രേഖകൾ ഇല്ലാത്തവർ പരീക്ഷാർഥി 12ാം ക്ലാസ് പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി/ ഗസറ്റഡ് ഓഫിസർ നൽകുന്ന വിദ്യാർഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. ഫോട്ടോ സ്ഥാപന മേധാവി/ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണം.
അപേക്ഷയിൽ എൻജിനീയറിങ് കോഴ്സോ ഫാർമസി കോഴ്സോ തെരഞ്ഞെടുക്കാതെ മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകൾക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡ് ലഭിക്കില്ല. ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകതയുള്ളവരുടെയും 10ാം ക്ലാസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തവരുടെയും അപാകതയുള്ളവരുടെയും ഫീസിന്റെ ബാക്കി ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭിക്കില്ല.
ഇവർ പ്രൊഫൈൽ പേജിലെ ‘Memo Details’ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷയിലെ ന്യൂനത വിവരങ്ങൾ ദൃശ്യമാകും. അപേക്ഷ ഫീസ് അടക്കാനുള്ളവർ ഓൺലൈനായി അടക്കുകയും ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ് എന്നിവയിൽ അപാകതയുള്ളവർ ലിങ്ക് വഴി പുതിയത് അപ്ലോഡ് ചെയ്യുകയും വേണം. മേയ് എട്ടിന് വൈകീട്ട് നാലിനകം അപാകത പരിഹരിക്കാത്തവർക്ക് അഡ്മിറ്റ് കാർഡ് ലഭിക്കില്ല. അപേക്ഷക്കൊപ്പം സമർപ്പിച്ച മറ്റ് സർട്ടിഫിക്കറ്റുകളിൽ ന്യൂനതയുണ്ടെങ്കിൽ ‘candidate portal’വഴി പിന്നീട് അറിയിക്കുകയും ന്യൂനത പരിഹരിക്കാൻ അവസരം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

