തിരുവനന്തപുരം: സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കുള്ള സ ്പോട്ട് അഡ്മിഷൻ ഇത്തവണ ബന്ധപ്പെട്ട കോളജുകൾ േനരിട്ട് നടത്തും. െഎ.എച്ച്.ആർ. ഡി, കേപ്, സി.സി.ഇ.കെ, എൽ.ബി.എസ് എന്നിവക്ക് കീഴിലുള്ള 21 കോളജുകളിലേക്കാണ് കോളജുകൾത ന്നെ സ്പോട്ട് അലോട്ട്മെൻറ് നടത്തുന്നത്. ഇൗ കോളജുകളിൽ മൂന്നാം അലോട്ട്മെൻറിന് ശേഷം അവശേഷിക്കുന്ന സീറ്റുകളിലേക്ക് സർക്കാർ, എയ്ഡഡ് കോളജുകൾക്കൊപ്പം പ്രവേശന പരീക്ഷാ കമീഷണർ നേരിട്ട് ഒാൺലൈൻ അലോട്ട്മെൻറാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്നത്.
മൂന്നാം അലോട്ട്മെൻറിന് ശേഷം അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്വകാര്യ സ്വാശ്രയ കോളജുകൾ നേരിട്ട് പ്രവേശനം നടത്തി പരമാവധി വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നുവെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ നാലാം അലോട്ട്മെൻറ് വൈകുന്നത് കാരണം ആവശ്യത്തിന് കുട്ടികളെ കിട്ടാറില്ലെന്നും സർക്കാർ നിയന്ത്രിത കോളജുകൾ സർക്കാറിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മൂന്നാം അലോട്ട്മെൻറിന് ശേഷം അവശേഷിക്കുന്ന സീറ്റുകളിലേക്ക് കോളജ് തലത്തിൽ സ്പോട്ട് അഡ്മിഷൻ നടത്താൻ സർക്കാർ അനുമതി നൽകിയത്.
ഇതുപ്രകാരം കേപിെൻറ കീഴിൽ മുട്ടത്തറ, പെരുമൺ, ആറന്മുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കോളജുകളിൽ സ്പോട്ട് അഡ്മിഷൻ ഇന്ന് (തിങ്കൾ) ആരംഭിക്കും. പ്രവേശന പരീക്ഷാ കമീഷണറുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുമ്പാകെ ഹാജരായി പ്രവേശനം നേടാം. വിവരങ്ങൾ www.capekerala.org വെബ്സൈറ്റിൽ ലഭ്യമാണ്.
െഎ.എച്ച്.ആർ.ഡിയുടെ എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, അടൂർ, കല്ലൂപ്പാറ, പൂഞ്ഞാർ, കൊട്ടാരക്കര, ആറ്റിങ്ങൽ എൻജിനീയറിങ് കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് മുതൽ സ്പോട്ട് അഡ്മിഷൻ ആരംഭിക്കും. വിദ്യാർഥികൾ മതിയായ രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരായി പ്രവേശനം നേടണം. പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും.