എൻജിനീയറിങ് പ്രവേശനം: പുതിയ സമീകരണ മാതൃക തയാറാക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാൻ പരിഷ്കരിച്ചതും കുടുതൽ നീതിയുക്തവുമായ പുതിയ മാർക്ക് സമീകരണ (സ്റ്റാന്‍റേഡൈസേഷൻ) മാതൃക നിർദേശിക്കാൻ സർക്കാർ ഉത്തരവ്. ഇതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്കാണ് നിർദേശം.
പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിൽ ലഭിക്കുന്ന മാർക്കും പ്രവേശന പരീക്ഷയിലെ മാർക്കും തുല്യമായി പരിഗണിച്ച് നടത്തുന്ന സ്റ്റാന്‍റേഡൈസേഷൻ രീതിയും ഇതിനായി തയാറാക്കിയ ഫോർമുലയും സമിതി അവലോകനം ചെയ്യണം. നിലവിലുള്ള രീതിയിൽ തെറ്റായ വിലയിരുത്തലിന് കാരണമായ പ്രശ്നങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തി പുതിയ മാതൃക നിർദേശിക്കാനുമാണ് ഉത്തരവിൽ പറയുന്നത്. സ്റ്റാന്‍റേഡൈസേഷൻ ആന്‍ഡ് നോർമലൈസേഷൻ പ്രക്രിയക്കായി രൂപവത്കരിച്ച സമിതിക്ക് പുറമെ, മറ്റൊരു വിദഗ്ധ സമിതി കൂടി രൂപവത്കരിച്ചാണ് നിർദേശം നൽകിയത്.
സമിതി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. കുസാറ്റ് മുൻ വി.സി പ്രഫ. പി.ജി. ശങ്കരൻ, ഘരക്പൂർ ഐ.ഐ.ടി മാത്തമാറ്റിക്സ് വിഭാഗത്തിലെ പ്രഫ. സോമേഷ് കുമാർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബംഗളൂരു സെന്‍ററിലെ സീനിയർ ടെക്നിക്കൽ ഓഫിസർ ഇ.വി ഗിജോ, എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫിസർ ഡോ. കെ.എസ്. ശിവകുമാർ, പ്രവേശന പരീക്ഷ കമീഷണർ ഡോ. അരുൺ എസ്. നായർ (കൺവീനർ) എന്നിവരാണ് സമിതി അംഗങ്ങൾ.
എൻജിനീയറിങ് പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക തയാറാക്കുന്ന സ്റ്റാന്‍റേഡൈസേഷൻ പ്രക്രിയയിൽ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ പിറകിലാകുന്നെന്ന പരാതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. മാർക്കുകളുടെ സമീകരണ പ്രക്രിയയിൽ ഉൾപ്പെടെ പരിശോധന ആവശ്യമാണെന്ന് യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിദഗ്ധസമിതിക്ക് രൂപം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

