'പ്രിൻസിപ്പൽമാർ പ്രിൻസിപ്പലിന്റെ ജോലി ചെയ്താൽ മതി'; ക്ലർക്കിന്റെ ജോലി ചെയ്യണമെന്ന ഉത്തരവ് തിരുത്തി
text_fieldsമലപ്പുറം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസിൽ മന്ത്രി വി. ശിവന്കുട്ടി സംസാരിക്കുന്നു
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലി കൂടി ചെയ്യണമെന്നും ഹയർ സെക്കൻഡറി അധ്യാപകർ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നില്ലെന്നുമുള്ള പരാമർശമടങ്ങിയ വിവാദ ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി അധ്യാപകരെ ഒന്നടങ്കം അപമാനിക്കുന്ന രീതിയിൽ കഴിഞ്ഞ 14ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് തിരുത്താൻ നിർദേശം നൽകിയത്. ഇതുപ്രകാരം വിവാദ പരാമർശങ്ങൾ അടങ്ങിയ നാലാം ഖണ്ഡികയിൽ മാറ്റം വരുത്തി തിങ്കളാഴ്ച പുതുക്കിയ ഉത്തരവ് പുറത്തിറക്കി.
ഹയർ സെക്കൻഡറി അധ്യാപകർ ക്ലർക്കിന്റെ ജോലി കൂടി ചെയ്യണം, ഹയർസെക്കൻഡറി അധ്യാപകർ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നില്ല എന്നീ പരാമർശങ്ങൾ നീക്കി. പകരം ‘ഹയർ സെക്കൻഡറിയിൽ മുഴുവൻ സമയ ക്ലർക്കിനെ ഉപയോഗപ്പെടുത്തേണ്ട ജോലിഭാരം ഇല്ലാത്തതിനാൽ പ്രസ്തുത ജോലികൾ പ്രിൻസിപ്പലും ജോലിഭാരം കുറവുള്ള അധ്യാപകരും മറ്റുമാണ് സർക്കാർ സ്കൂൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളിലും ചെയ്തുവരുന്നത്’ എന്ന രീതിയിലാണ് തിരുത്തിയത്. എന്നാൽ ‘ലൈബ്രറി നിലവിലുള്ള സ്കൂളുകളിൽ ജോലിഭാരം കുറവുള്ള അധ്യാപകന് അതിന്റെ ചുമതല നൽകിയാൽ മതിയാവും’ എന്ന നിർദേശം നിലനിർത്തി.
ഉത്തരവിലെ പരാമർശങ്ങൾ തെറ്റിദ്ധാരണയുളവാക്കും വിധം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ നാലാം ഖണ്ഡിക ഭേദഗതി ചെയ്യുന്നുവെന്നാണ് തിരുത്തൽ വരുത്തിയ ഉത്തരവിൽ പറയുന്നത്. അതേസമയം, പ്രിൻസിപ്പൽമാർ പ്രിൻസിപ്പലിന്റെ ജോലി ചെയ്താൽ മതിയെന്നും ക്ലർക്കിന്റെ ജോലി ചെയ്യേണ്ടതില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

