പ്ലസ് വൺ പ്രവേശനം; സാമ്പത്തിക സംവരണ സീറ്റൊഴിവിൽ വീണ്ടും വർധന
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ സാമ്പത്തിക പിന്നാക്ക വിഭാഗത്തിനായി (ഇ.ഡബ്ല്യു.എസ്) നീക്കിവെച്ച സീറ്റുകളിൽ വീണ്ടും വർധന.
ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 10,694 സീറ്റുകളായിരുന്നു ഈ വിഭാഗത്തിൽ ഒഴിവുള്ളതെങ്കിൽ രണ്ടാം അലോട്ട്മെന്റോടെ ഇത് 11,889 ആയി വർധിച്ചു. 19,798 സീറ്റുകളാണ് ഇ.ഡബ്ല്യു.എസ് സംവരണത്തിനായി നീക്കിവെച്ചത്. 2020ൽ ഇ.ഡബ്ല്യു.എസ് സംവരണം നടപ്പാക്കാനായി ജനറൽ മെറിറ്റ് സീറ്റിൽ നിന്നാണ് പത്ത് ശതമാനമെന്ന നിലയിൽ ഇത്രയധികം സീറ്റുകൾ നീക്കിവെച്ചത്. ഈ സീറ്റുകളിലെ 60 ശതമാനം സീറ്റുകളാണ് രണ്ട് അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്.
സീറ്റില്ലാതെ ആയിരക്കണക്കിന് കുട്ടികൾ പുറത്തുനിൽക്കുമ്പോഴാണ് രണ്ട് അലോട്ട്മെന്റിലും ഇ.ഡബ്ല്യു.എസ് സംവരണ സീറ്റിൽ 60 ശതമാനവും ഒഴിഞ്ഞുകിടക്കുന്നത്. ഈ സീറ്റുകൾ മൂന്നാം അലോട്ട്മെന്റിൽ ജനറൽ മെറിറ്റ് സീറ്റുകളാക്കി പരിവർത്തിപ്പിച്ച് അലോട്ട്മെന്റ് നടത്തും. ആദ്യ രണ്ട് അലോട്ട്മെന്റുകളിലും സീറ്റ് ആവശ്യമുള്ള കുട്ടികളുടെ പ്രവേശന സാധ്യത തടയുന്നത് കൂടിയാണ് ഇത്രയധികം സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. ഒട്ടേറെ വിദ്യാർഥികൾക്ക് ഇഷ്ട സ്കൂളും കോഴ്സ് കോമ്പിനേഷനും തടയുന്നതാണ് മെറിറ്റിൽനിന്ന് മാറ്റിയ സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്.
ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ മൊത്തം 69,007 സീറ്റുകളായിരുന്നു സംവരണത്തിൽ ഒഴിവുണ്ടായിരുന്നതെങ്കിൽ രണ്ടാം അലോട്ട്മെന്റിൽ ഒഴിവിന്റെ എണ്ണം 75,352 ആയി വർധിച്ചു. 6,345 സീറ്റുകളാണ് വർധിച്ചത്. കൂടുതൽ സീറ്റൊഴിവുള്ള എസ്.സി, എസ്.ടി സംവരണ സീറ്റുകൾ അടുത്തഘട്ടത്തിൽ പരസ്പരംമാറ്റി അലോട്ട്മെന്റ് നൽകും. എന്നിട്ടും ഒഴിവുവരുന്ന സീറ്റുകൾ ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് നൽകിയായിരിക്കും നികത്തുക.
ഇതിന് ശേഷവും ഒഴിവ് വരുന്ന സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റും. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പുറത്തുനിൽക്കുന്ന മലപ്പുറം ജില്ലയിൽ 17970 സീറ്റുകളാണ് സംവരണത്തിൽ ഒഴിവുള്ളത്. ഇവിടെ ജനറൽ മെറിറ്റിൽ ഒരു സീറ്റ് പോലും ഒഴിവില്ല. ജില്ലയിലെ ഒഴിവുള്ള സീറ്റുകളിൽ 3,858 എണ്ണവും ഇ.ഡബ്ല്യു.എസ് സീറ്റുകളാണ്. ഒന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ഇത് 3,733 ആയിരുന്നു. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

