പഠനത്തോടൊപ്പം തൊഴില്‍ നയമായി അംഗീകരിച്ചു; പാര്‍ട്ട്ടൈം തൊഴിലിന് വിദ്യാർഥികള്‍ക്ക് ഓണറേറിയം
text_fieldsതിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാർഥികള്‍ക്ക് തൊഴിലെടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് ‘പഠനത്തോടൊപ്പം തൊഴില്‍’. ഇത്തരത്തില്‍ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കും.
പഠനത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാർഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാർ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിന് വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാർഥികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് അനുമതി നല്‍കും.
പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്തി. പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ വിദ്യാർഥികള്‍ക്ക് അവസരം നല്‍കുന്നത് ഭാവിയില്‍ തൊഴില്‍ പരിചയം നേടാനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സഹായിക്കും. 18നും 25നും ഇടക്ക് പ്രായമുള്ള വിദ്യാർഥികളുടെ സേവനമാണ് പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
