അഞ്ചു ശതമാനം കോഴ്‌സുകൾ ഓൺലൈനിലേക്കു മാറ്റാൻ ഡൽഹി സർവകലാശാല; യു.ജി, പി.ജി പ്രോഗ്രാമുകളുടെ സമഗ്രതയും നിലവാരവും അപകടത്തിലാവുമെന്ന് അധ്യാപകർ
text_fieldsന്യൂഡൽഹി: വിദ്യാർഥികൾക്ക് അവരുടെ സിലബസിന്റെ അഞ്ചു ശതമാനം വരെ ഓൺലൈനായി പിന്തുടരാൻ അനുവാദം നൽകുന്ന ഡൽഹി സർവകലാശാലയുടെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. ഇതെത്തുടർന്ന് നിർദേശം പരിശോധിക്കാൻ ഡൽഹി സർവകലാശാല ഉന്നത അക്കാദമിക് കമ്മിറ്റി രൂപീകരിച്ചു.
മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകൾ വഴി (MOOCs)ഒരു ബിരുദ വിദ്യാർഥിക്ക് 176 ക്രെഡിറ്റുകളിൽ എട്ടു വരെ നേടാനും ഒരു ബിരുദാനന്തര ബിരുദ വിദ്യാർഥിക്ക് 88 ക്രെഡിറ്റുകളിൽ നാലു വരെ നേടാനും അനുവദിക്കുന്നതാണ് സർവകലാശാലയുടെ നിർദേശം.
എതിർപ്പിന്റെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർ യോഗേഷ് സിങ് അധ്യക്ഷനായ അക്കാദമിക് കൗൺസിൽ വിഷയംചർച്ചക്കെടുത്തു. ശനിയാഴ്ച നടന്ന യോഗത്തിൽ അക്കാദമിക് കൗൺസിൽ അംഗം മായ ജോൺ ഓൺലൈനായി ക്രെഡിറ്റുകൾ നേടാനുള്ള അനുമതി സർവകലാശാലയുടെ യു.ജി, പി.ജി പ്രോഗ്രാമുകളുടെ സമഗ്രതയെയും അക്കാദമിക് നിലവാരത്തെയും ഗുരുതരമായി അപകടത്തിലാക്കുമെന്ന് പറഞ്ഞു.
പരമ്പരാഗത ബിരുദ പ്രോഗ്രാമുകളിൽ ക്ലാസ് മുറികൾ വഴിയുള്ള നേരിട്ടുള്ള അധ്യാപനത്തിന്റെയും ഫാക്കൽറ്റി മെന്റർഷിപ്പിന്റെയും പ്രാധാന്യം അംഗീകരിക്കുന്ന, വിശാലമായ അക്കാദമിക് സമൂഹത്തിന്റെയും സ്റ്റാറ്റിയൂട്ടറി ബോഡികളുടെയും കൂട്ടായ യജ്ഞത്തിന് എതിരാണ് ഈ നടപടി എന്ന് പറഞ്ഞുകൊണ്ട് അധ്യാപകർ ഒരു വിയോജനക്കുറിപ്പ് സമർപ്പിച്ചു.
ഡി.യു ടീച്ചേഴ്‌സ് അസോസിയേഷന്റെ (ഡി.യു.ടി.എ) ഭാരവാഹികൾ വി.സിയെ കാണുകയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഡി.യുവിന്റെ ശക്തി എപ്പോഴും അതിന്റെ ഊർജസ്വലമായ ക്ലാസ് മുറികൾ, സംവേദനാത്മക വിദ്യാഥി-അധ്യാപക ഇടപെടൽ, ചലനാത്മകമായ പഠനാന്തരീക്ഷം എന്നിവയായിരുന്നുവെന്ന് ഡി.യു.ടി.എ വൈസ് പ്രസിഡന്റ് സുധാൻഷു കുമാർ പറഞ്ഞു.
ആ പാരമ്പര്യം തകർക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ നിർദേശം. ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നേരിട്ടുള്ള ഇടപെടലിലൂടെയും പരമ്പരാഗതമായി അഭിവൃദ്ധി പ്രാപിച്ച കോഴ്‌സുകൾ ഇപ്പോൾ നിശബ്ദമായി ഓൺലൈനിലേക്ക് മാറ്റുകയാണ്. വിദ്യാഭ്യാസത്തെ ശാക്തീകരിക്കാനല്ല മറിച്ച് അധ്യാപകരെ മാറ്റിനിർത്താനും ഫാക്കൽറ്റി സ്ഥാനങ്ങൾ ക്രമേണ ഇല്ലാതാക്കാനുമുള്ള തന്ത്രപരമായ ശ്രമമാണ് തങ്ങൾ ഇതിനെ കാണുന്നതെന്നും കുമാർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ടീച്ചേഴ്‌സ് കോൺഗ്രസും അക്കാദമിക്‌സ് ഫോർ ആക്ഷൻ ആൻഡ് ഡെവലപ്‌മെന്റും ഈ നീക്കത്തെ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

