ഡൽഹി സർവകലാശാല യു.ജി അപേക്ഷ ഫോമിൽ ഗുരുതര പിഴവുകൾ; രാജ്യത്ത് വ്യാപക പ്രതിഷേധം
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല യു.ജി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഫോമിൽ ഗുരുതര പിഴവുകൾ. അപേക്ഷ ഫോമിലെ മാതൃഭാഷ വിഭാഗത്തിൽ 'മുസ്ലിം' എന്ന് ഉൾപ്പെടുത്തുകയും ഉറുദു ഭാഷ ഒഴിവാക്കുകയും ചെയ്തതിലാണ് രാജ്യത്ത് വ്യാപക പ്രതിഷേധം. അപേക്ഷ ഫോമിലെ പിഴവ് സ്വാഭാവിക വീഴ്ചയായി കാണാനാവില്ലെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം.
ഭാഷാ ഓപ്ഷനുകളിൽ 'മുസ്ലിം' എന്ന് ഭാഷയായി ചേർത്തിരിക്കുന്നത് വിദ്യാർഥികളിൽ ആശയക്കുഴപ്പത്തിനിടയാക്കി. ഉത്തരേന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ വ്യാപകമായി സംസാരിക്കുന്ന ഭാഷയാണ് ഉറുദു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം അംഗീകരിക്കപ്പെട്ടതുമാണിത്.
അപേക്ഷ ഫോമിലെ പിഴവുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി.പിഴവ് ഉടന്‍ തിരുത്തണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. വിഷയത്തിൽ ഇതുവരെ ഡല്‍ഹി സര്‍വകലാശാല പ്രതികരിച്ചിട്ടില്ല.
'ഇതിനെ സാങ്കേതിക പിഴവായി കാണാൻ കഴിയില്ല. ഒരു സമൂഹത്തെ മുഴുവൻ ഒരു മത ലേബലിലേക്ക് ചുരുക്കി ഭാഷാപരവും സാംസ്കാരികവും പ്രാദേശികവുമായ സ്വത്വങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയ നീക്കമായാണ് പ്രതിഫലിക്കുന്നത്' ഡി.ടി.എഫ് ജനറൽ സെക്രട്ടറി അഭ ദേവ് ഹബീബ് പറഞ്ഞു. മുസ്ലിം എന്നത് ഹിന്ദി, പഞ്ചാബി, ബംഗാളി, മലയാളം, തമിഴ്, ഉറുദു എന്നിവപോലെയുള്ള ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഡൽഹി സർവകലാശാല പോലുള്ള സർവകലാശാല ഇത്തരം തെറ്റുകൾ വരുത്തുന്നത് ദുഃഖകരമാണ്. ഇവ ഉടനടി തിരുത്തണം. വൈവിധ്യങ്ങളും ബഹുഭാഷാവാദവും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം'. ഡൽഹി സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഡോ. മിഥുരാജ് ദൂഷ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

