ന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക് കീഴിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ജൂൺ 20 മുതൽ ആരംഭിക്കും. ജൂലൈ നാലുവരെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സർവകലാശാലകളിൽ ഒന്നാണ് ഡൽഹി സർവകലാശാല.
ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്ഡി കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാകും ബിരുദ പ്രവേശനം. സർവകലാശാല ഉന്നത അക്കാദമിക് കമ്മിറ്റിയുടെ യോഗത്തിലാണ് പ്രവേശന നടപടികൾ ആരംഭിക്കാൻ തീരുമാനമായത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികളിൽ താമസം നേരിട്ടിരുന്നു.
ഡൽഹി സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിലേക്കാകും പ്രവേശനം. സെൻറ് സ്റ്റീഫൻസ് കോളജ്, ലേഡി ശ്രീറാം, ഹിന്ദു കോളജ്, ശ്രീറാം കോളജ് ഓഫ് കോമേഴ്സ്, ഹൻസ് രാജ്, രാംജാസ് കോളജ്, കിരോരിമൽ കോളജ്, സാക്കിർ ഹുസ്സൈൻ കോളജ്, വെങ്കിടേശ്വര കോളജ്, ഗാഗി തുടങ്ങിയ പ്രധാനപ്പെട്ട കോളജുകൾ ഡൽഹി സർവകലാശാലയുടെ കീഴിലാണ്. കൂടുതൽ വിവരങ്ങൾ du.ac.in, nta.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.