'പഴ്സില്‍' കാലിക്കറ്റിന് 10.78 കോടി രൂപ; ഹരിത ഹൈഡ്രജന്‍ ഗവേഷണ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം
text_fieldsകേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 'പഴ്സ്' പദ്ധതിയില്‍ അവതരണം നടത്തിയ കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകര്‍ വി.സി, പ്രൊ വി.സി, രജിസ്ട്രാര്‍ എന്നിവര്‍ക്കൊപ്പം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പദ്ധതിയില്‍ 10.78 കോടി രൂപയുടെ ഗവേഷണ സാമ്പത്തിക സഹായം. 'പഴ്‌സ്' (Promotion of University Research and Scientific Excellance) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാലിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇത്രയും വലിയൊരു തുക ഗവേഷണപദ്ധതിക്കായി ലഭിക്കുന്നത്.
പ്രകാശോര്‍ജം ഉപയോഗിച്ച് ജലത്തില്‍ നിന്നും ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിച്ച് അതിന്റെ സുരക്ഷിതമായ സംരക്ഷണവും ഉപയോഗവും ഏകോപിപ്പിക്കുന്ന പദ്ധതിക്കാണ് ഈ പുരസ്‌കാരം. ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലമണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതും പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്.
അതിനൂതന തന്‍മാത്രകളും പദാര്‍ഥങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. രാജ്യത്തെ 80 സര്‍വകലാശാലകള്‍ സമര്‍പ്പിച്ച ഗവേഷണ പദ്ധതികള്‍ പരിഗണിച്ച സമിതി 18 സര്‍വകലാശാലകളെ കൂടിക്കാഴ്ചക്കും അവതരണത്തിനുമായി ആസാമിലെ ഗുവാഹട്ടി സര്‍വകലാശാലയിലേക്ക് ജൂലൈ 14-ന് ക്ഷണിച്ചിരുന്നു.
സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് സമര്‍പ്പിച്ച പദ്ധതിയുടെ അവതരണത്തില്‍ പ്രൊഫ. അബ്രഹാം ജോസഫ്, പ്രൊഫ. രാജീവ് എസ്. മേനോന്‍, ഡോ. ഫസലുറഹ്‌മാന്‍, ഡോ. ഇ.എസ്. ഷിബു എന്നിവരാണ് പങ്കെടുത്തത്. ഇവര്‍ക്കു പുറമെ പ്രൊഫ. എന്‍.എന്‍. ബിനിത, ഡോ. റോയ്മോന്‍ ജോസഫ്, ഡോ. ടി.ഡി. സുജ, പ്രൊഫ. എസ്. സിന്ധു, പ്രൊഫ. പി.എസ്. മുഹമ്മദ് ഷാഹിന്‍, ഡോ. സുസ്മിത, ഡോ. എം.ജി. ഡെറി ഹൊളാഡെ, ഡോ. ലിബു അലക്സാണ്ടര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി പദ്ധതിയുടെ നിര്‍വഹണത്തിനായി പ്രത്യേക സംഘത്തെ ഇതിനകം നിയമിച്ചു കഴിഞ്ഞു.
പദ്ധതിക്ക് നേതൃത്വം നല്‍കിയ സംഘത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ അഭിനന്ദിച്ചു. ഫോസില്‍ ഇന്ധനത്തിന് ബദല്‍ കണ്ടെത്തേണ്ട സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തിലാണ് സര്‍വകലാശാലയുടെ ഗവേഷണമെന്നും വിവിധ പഠനവകുപ്പുകളുടെ കൂട്ടായ പ്രയത്നമാണിതിന് പിന്നിലെന്നും വി.സി. പറഞ്ഞു.
സര്‍വകലാശാലയുടെ നാളിതുവരെയുള്ള ഗവേഷണ മികവും എന്‍.ഐ.ആര്‍.എഫ്.-റാങ്കും സമര്‍പ്പിക്കപ്പെട്ട ഗവേഷണ പദ്ധതിയുടെ പ്രാധാന്യവും കണക്കിലെടുത്താണ് ഈ അംഗീകാരം. നാലു വര്‍ഷത്തേക്കുള്ള ഈ പദ്ധതിയിലൂടെ നൂതന ഉപകരണങ്ങളും ഗവേഷണ സൗകര്യങ്ങളും സര്‍വകലാശാലയില്‍ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

