തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ദൃഷ്ടി ഐ.എ.എസ് കോച്ചിങ് സ്ഥാപനത്തിന് 5 ലക്ഷം പിഴ
text_fieldsഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചതിന് യു.പി.എസ്.സി പരീക്ഷാ കോച്ചിങ് സ്ഥാപനമായ ദൃഷ്ടി ഐ.എ.എസിന് 5 ലക്ഷം പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സി.സി.പി.എ). 2022 യു.പി.എസ്.സി സി.എസ്.ഇ പരീക്ഷയിൽ 200ലധികം പേർ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ് പരസ്യത്തിൽ സ്ഥാപനം അവകാശപ്പെട്ടിരിക്കുന്നത്.
വിജയികളായ ഉദ്യോഗാർഥികളുടെ ചിത്രങ്ങൾ പേര് സഹിതം പരസ്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സി.സി.പി.എ നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിന്‍റെ അവകാശവാദം തെറ്റാണെന്നും ഉദ്യോഗാർഥികൾ തെരഞ്ഞെടുത്ത കോഴ്സ്, അതിന്‍റെ കാലളവ് എന്നിങ്ങനെയുള്ള സുപ്രധാന വിവരങ്ങൾ വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കണ്ടെത്തി.
പരസ്യത്തിൽ പറഞ്ഞിട്ടുള്ള 216 ഉദ്യോഗാർഥികളിൽ 162 പേർ(75 ശതമാനം) ദൃഷ്ടി.ഐ.എ.എസിന്‍റെ സൗജന്യ ഇന്‍റർവ്യൂ ഗൈഡൻസ് പ്രോഗ്രാമിൽ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നും 54 പേർ മാത്രമാണ് ഇന്‍റർവ്യൂ ഗൈഡൻസ് പ്രോഗ്രാമിലും മറ്റ് കോഴ്സുകളിലും രജിസ്റ്റർ ചെയ്തിരുന്നതെന്നും കണ്ടെത്തി.
യു.പി.എസ്.സി പരീക്ഷയുടെ എല്ലാ ഘട്ടത്തിലുമുള്ള ഉദ്യോഗാർഥികളുടെ വിജയത്തിന് പിന്നിൽ തങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പരസ്യം പ്രചരിപ്പിച്ചത്. 2109ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ സെക്ഷൻ 28 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത് 2ാമത്തെ തവണയാണ് സമാന കുറ്റത്തിന് സ്ഥാപനത്തിന് പിഴ ചുമത്തുന്നത്. 2024ൽ 2021ലെ യു.പിഎസ്.സി സി.എസ്.ഇ പരീക്ഷയിൽ 150ലധികം പേർ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടുവെന്ന തെറ്റായ അവകാശ വാദത്തിന് 3 ലക്ഷം പിഴ ചുമത്തിയിരുന്നു.
ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അനാവശ്യ പ്രതീക്ഷ നൽകുന്നതാണെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം പറഞ്ഞു.ഇതുവരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് പരിശീലന സ്ഥാപനങ്ങൾക്കെതിരെ 54 നോട്ടീസുകൾ നൽകുകയും 26 എണ്ണത്തിന് 90 ലക്ഷത്തിലധികം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.. അക്കാഡമിക് തീരുമാനങ്ങൾ എടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശരിയായ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

