ഡോ. സി.ആർ. പ്രസാദ് മലയാളം സർവകലാശാല വൈസ് ചാൻസിലർ
text_fieldsതിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വി.സിയായി കേരള സർവകലാശാല മലയാളം വിഭാഗത്തിലെ സീനിയർ പ്രഫസർ ഡോ. സി.ആർ. പ്രസാദിനെ നിയമിച്ചു. താൽക്കാലിക വി.സി നിയമനത്തിനായി സർക്കാർ സമർപ്പിച്ച മൂന്നു പേരുടെ പാനലിൽ നിന്നാണ് ഗവർണർ പ്രസാദിനെ നിയമിച്ചത്.
പ്രസാദിന് പുറമെ, സംസ്കൃത സർവകലാശാലയിലെ ഡോ. ലിസി മാത്യു, എം.ജി സർവകലാശാലയിലെ ഡോ. പി.എസ്. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറിയ പാനലിലുണ്ടായിരുന്നത്. വി.സിയുടെ ചുമതല വഹിച്ചിരുന്ന കാലടി സംസ്കൃത സർവകലാശാലയിലെ ഡോ. എൽ. സുഷമ മേയ് 31ന് സർവിസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് പകരം നിയമനം.
ഹൈകോടതി ഉത്തരവിനെ തുടർന്ന് സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വി.സി നിയമനങ്ങൾക്കായി സർക്കാർ സമർപ്പിച്ച പാനലുകളിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സർക്കാർ പാനൽ പരിഗണിക്കണമെന്ന ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഹരജിയെ തുടർന്ന് തൽസ്ഥിതി തുടരാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മലയാളം സർവകലാശാല വി.സി നിയമനത്തിനായി സർക്കാർ പാനൽ സമർപ്പിച്ചത്.
12 സാഹിത്യ വിമർശന പഠന ഗ്രന്ഥങ്ങളും നൂറിലധികം ലേഖനങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ആർ. പ്രസാദിന്റെ മേൽനോട്ടത്തിലുള്ള 16 പി.എച്ച്.ഡി പ്രബന്ധങ്ങൾക്ക് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കേരള സർവകലാശാലയുടെ മുൻ രജിസ്ട്രാർ, ഡീൻ, സെനറ്റംഗം എന്നീ നിലകളിലും കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഗാന്ധി, കണ്ണൂർ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമി മലയാള ഉപദേശക സമിതി അംഗമായിരുന്നു. തായാട്ട് അവാർഡ്, എസ്.ബി.റ്റി സാഹിത്യ പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയാണ്. മലയാള വ്യാകരണത്തിലാണ് ഡോക്ടറേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

