നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ രണ്ടാം റാങ്കുകാരനെ നേരിൽകണ്ട് അഭിനന്ദിച്ച് ധർമേന്ദ്ര പ്രധാൻ
text_fieldsകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റിൽ ഉന്നത വിജയം നേടിയ വിദ്യാർഥിയെ അഭിനന്ദിക്കുന്നു
ന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ ഉന്നത വിജയം നേടിയ വിദ്യാർഥിയെ നേരിൽകണ്ട് അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ഹരിയാന സ്വദേശി പൻഷുൽ ബൻസാലിനെയാണ് ധർമേന്ദ്ര പ്രധാൻ അഭിനന്ദിച്ചത്.
ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പൻഷുലിന്റെ വിജയത്തിന് പിന്നിലെ നിരന്തര പരിശ്രമത്തെ ധർമേന്ദ്ര പ്രധാൻ പ്രശംസിച്ചു. വിദ്യാർഥിയുടെ കഠിനാധ്വാനവും ആത്മസമർപ്പണവും രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയും യുവതലമുറയുടെ സ്വപ്നങ്ങളും നിശ്ചയദാർഢ്യവും പ്രതിഫലിപ്പിക്കുന്ന നേട്ടമാണ് ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ നീറ്റ് യു.ജി പരീക്ഷയിൽ പൻഷുൽ ബൻസാൽ 720ൽ 715 മാർക്ക് നേടിയാണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. പഞ്ചാബിൽനിന്നുള്ള ആര്യൻ ഗുപ്തക്കാണ് ഒന്നാംറാങ്ക്. 19 പേർ 700ലധികം മാർക്ക് സ്കോർ ചെയ്തപ്പോൾ 138 പേർ 690ലധികം മാർക്ക് നേടി. 1,492 പേർ 650ലധികവും 10,160 പേർ 600ൽ കൂടുതലും സ്കോർ ചെയ്തു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു.
നീറ്റ് യു.ജി ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകുകയാണ്. ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാരം തുടരുന്ന വിദ്യാഭ്യാസ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ആഹ്വാനം ചെയ്ത സി.ജെ.പിയുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിനോടനുബന്ധിച്ച് 8,000ത്തിലധികം വിദ്യാർഥികളാണ് ഡൽഹിയിലെത്തിയത്. പൊലീസ് നടപടിക്കിടയിലും പിന്തിരിയാതെ ജന്തർ മന്തറിൽത്തന്നെ തുടരുകയാണ് വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

