രാജ്യത്തെ മികച്ച സർവകലാശാലയിൽ പഠിക്കാം; ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനം ഉടൻ ആരംഭിക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സർവകലാശാലകളിലൊന്നായ ഡൽഹി സർവകലാശാലയിലെ യു.ജി അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും. 2026-27 അധ്യയന വർഷത്തെ ഡൽഹി സർവകലാശാല ബിരുദ പ്രവേശന നടപടികൾ ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാക്കും. പ്രവേശനം മുഴുവനായും സി.യു.ഇ.ടി -യു.ജി 2026 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണ് ഡൽഹി സർവകലാശാല. 70ലധികം കോളജുകളിലായി ഏകദേശം 79 ബിരുദ കോഴ്സുകളിലേക്ക് 71,000ത്തിലധികം സീറ്റുകളാണ് ഡൽഹി സർവകലാശാലയിലുളളത്. ജൂലൈ 21 മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
സി.എസ്.എ.എസ് പോർട്ടൽ തുറന്നാൽ വിദ്യാർഥികൾ ആദ്യം രജിസ്റ്റർ ചെയ്യണം. തുടർന്ന് ഇഷ്ടമുള്ള കോഴ്സുകളും കോളജുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. പിന്നീട് സി.യു.ഇ.ടി യു.ജി സ്കോറും വിദ്യാർഥികളുടെ മുൻഗണനകളും അടിസ്ഥാനമാക്കി വിവിധ ഘട്ടങ്ങളിലായി സീറ്റ് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ പ്രവേശന വിജ്ഞാപനവും മാർഗനിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് കോഴ്സ്-കോളജ് ഓപ്ഷനുകൾ നൽകണമെന്ന് സർവകലാശാല നിർദേശിച്ചു. ബിരുദ പ്രവേശന നടപടികൾ സംബന്ധിച്ച ബുള്ളറ്റിൻ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഡൽഹി സർവകലാശാലയുടെ വെബ്സൈറ്റായ www.admission.uod.ac.in ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
കേന്ദ്ര സർവകലാശാലകളിലെയും ഏതാനും സംസ്ഥാന, കൽപിത, സ്വകാര്യ സർവകലാശാലകളിലെയും അണ്ടർ ഗ്രാജുവേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി യു.ജിയുടെ പരീക്ഷാഫലം ജൂൺ 23ന് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിരുന്നു. ഈ വർഷം 15 ലക്ഷത്തിലധികം വിദ്യാർഥികൾ സി.യു.ഇ.ടി യു.ജിക്ക് രജിസ്റ്റർ ചെയ്തിരുന്നു. 11,64,098 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ബിരുദ പ്രവേശനത്തിനുള്ള കട്ട്-ഓഫ്, മെറിറ്റ് ലിസ്റ്റ്, കൗൺസിലിങ് തുടങ്ങിയ നടപടികൾ ബന്ധപ്പെട്ട സർവകലാശാലകൾ സ്വതന്ത്രമായാണ് പ്രസിദ്ധീകരിക്കുക. സി.യു.ഇ.ടി സ്കോർ പല സ്ഥാപനങ്ങളും അവയുടെ വ്യവസ്ഥകൾ അനുസരിച്ചാണ് പ്രവേശനത്തിനായി ഉപയോഗിക്കുക. ഓരോ സർവകലാശാലയിലെയും വിശദമായ വ്യവസ്ഥകൾക്ക് അതത് സർവകലാശാലകളുടെ വെബ്സൈറ്റ് പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

