ന്യൂഡൽഹി: ഇസ്ലാമിക ഭീകരവാദം എന്ന വിഷയത്തിൽ കോഴ്സ് ആരംഭിക്കുന്നതിനെതിരെ ജെ.എൻ.യുവിന് ന്യൂനപക്ഷ കമീഷന്‍റെ നോട്ടീസ്. കോഴ്സ് ആരംഭിക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയായാണ് കമീഷന്‍റെ നടപടി. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു കോഴ്സ് ആരംഭിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് കമീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാൻ യൂണിവേഴ്സിററി രജിസ്ട്രാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാഷണൽ സെക്യൂരറ്റി സ്റ്റഡീസിന്‍റെ കീഴിൽ ഇസ്ലാമിക ഭീകരവാദം എന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അനുവാദം നൽകിയതായി യോഗത്തിൽ പങ്കെടുത്ത പ്രഫസർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. തീരുമാനത്തിനെതിരെ ജെ.എൻ.യു.എസ്.യുവും രംഗത്ത് വന്നിരുന്നു. ഇസ്ലാമിക ഭീകരവാദത്തോടൊപ്പം മിന്നാലാക്രമണം, നക്സലിസം, ചൈനയിലേയും പാകിസ്താനിലേയും മിലിറ്ററിയിലുള്ള ആധുനികത എന്നിവയും ഇതോടൊപ്പം പഠിപ്പിക്കുമെന്ന ആശങ്കയും ജെ.എൻ.യു.എസ്.യു പങ്കുവെച്ചു.