ലോക റാങ്കിങ്ങിൽ കുസാറ്റിന് മുന്നേറ്റം
text_fieldsകളമശ്ശേരി: ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് 2026ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഉയർന്ന നേട്ടം കൈവരിച്ചു. 2025ലെ 1201-1500 ബാൻഡിൽനിന്ന് 1001-1200 ബാൻഡിലേക്ക് സ്ഥാനം നേടി. 2022 മുതൽ 2025 വരെ 1201-1500 ബാൻഡിൽ നിലനിന്ന കുസാറ്റ്, നാലുവർഷത്തിനുശേഷമുള്ള മുന്നേറ്റമാണിത്. കുസാറ്റ് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ദേശീയതലത്തിൽ മുൻനിരയിലെ 50 സ്ഥാപനങ്ങളിൽ ഒന്നായി ഇടംപിടിക്കുകയും ചെയ്തു. അധ്യാപനം, ഗവേഷണാന്തരീഷം, ഗവേഷണ നിലവാരം, അന്തർദേശീയ കാഴ്ചപ്പാട്, വ്യവസായബന്ധം തുടങ്ങിയവയെ വിലയിരുത്തിയാണ് റാങ്കിങ് നൽകുന്നത്.
ഗവേഷണ നിലവാര സ്കോർ 2025ലെ 29.9ൽനിന്ന് 35.8 ആയും അന്തർദേശീയ കാഴ്ചപ്പാട് സ്കോർ 21.8ൽനിന്ന് 25.6 ആയും ഉയർന്നു. എൻ.ഐ.ആർ.എഫ്, കെ. ഐ.ആർ.എഫ്, ടൈംസ് ഇന്റർഡിസിപ്ലിനറി റാങ്കിങ്, ടൈംസ് ഇംപാക്ട് റാങ്കിങ്, സസ്റ്റെയിനബിലിറ്റി റാങ്കിങ് തുടങ്ങി എല്ലാ പ്രധാന ദേശീയ-അന്തർദേശീയ റാങ്കിങ് സംവിധാനങ്ങളിലും ഒരേസമയം മുന്നേറ്റം രേഖപ്പെടുത്തിയ ഏക ഇന്ത്യൻ സർവകലാശാലയെന്ന പ്രത്യേകതയും കുസാറ്റിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

