ഗവർണറുടെ അധികാരം ഇനി കുട്ടികൾ പഠിക്കും; പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: ഗവർണറുടെ അധികാരം സംബന്ധിച്ച പാഠഭാഗം സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് പൊതു വിദ്യാഭ്യാ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗമാണ് അംഗീകാരം നൽകിയത്.
ഇതിൽ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ 'ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം' എന്ന അധ്യായത്തിലാണ് ഗവർണറുടെ അധികാരങ്ങളും ചുമതലകളും സവിസ്തരം പ്രതിപാദിക്കുന്നത്. കൂടാതെ അടയിന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറർ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോർട്ട് പൊളിറ്റിക്‌സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്.
അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്കു മുമ്പു തന്നെ കുട്ടികളുടെ കൈകളിൽ എത്തും. ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി ക്ലാസ് മുറികളിൽ വിശദമായ ചർച്ച സംഘടിപ്പിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കാനും ജില്ലാ സംസ്ഥാനതലങ്ങളിൽ ശിൽപശാലകൾ നടത്തി പാഠപുസ്തക രചന ആരംഭിക്കാനും കരിക്കുലം കമ്മിറ്റി അനുമതി നൽകി. ദേശീയ പഠനനേട്ട സർവ്വേയിൽ സംസ്ഥാനത്തിന് മികച്ച നേട്ടം കൈവരിക്കുന്നതിന് പങ്കു വഹിച്ച കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗം അഭിനന്ദിച്ചു.
ഭാരതാംബ ചിത്ര വിവാദം വലിയ ഒച്ചപ്പാടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം. കൃഷി വകുപ്പ് നടത്താനിരുന്ന രാജ്ഭവനിലെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനു പിന്നാലെ കൃഷിമന്ത്രി പി. പ്രസാദ് പ്രതിഷേധം രേഖപ്പെടുത്തി ചടങ്ങ് ബഹിഷ്‍കരിച്ചിരുന്നു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോരിനാണ് ഭാരതാംബ വിവാദം വഴിവെച്ചത്. പിന്നാലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും ഭാരതാംബ ചിത്രത്തിന്റെ പേരിൽ ഗവർണറുടെ പരിപാടി ബഹിഷ്‍കരിക്കുകയുണ്ടായി. ഇതിന് രാജ്ഭവനിലെ എല്ലാ പരിപാടികൾക്കും ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും ഉണ്ടാകുമെന്നായിരുന്നു ഗവർണറുടെ മറുപടി. പിന്നാലെ രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്തും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

