സി.യു.ഇ.ടി- യു.ജി അപേക്ഷ മാർച്ച് 12 വരെ
text_fieldsന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (സി.യു.ഇ.ടി- യു.ജി) അപേക്ഷ സ്വീകരിച്ചുതുടങ്ങി. മാർച്ച് 12 വരെ https://cuet.samarth.ac.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷക്ക് അപേക്ഷിക്കാം. മേയ് 21 മുതൽ 31 വരെയാണ് പ്രവേശന പരീക്ഷ നടക്കുക. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.
പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഏപ്രിൽ 30ന് പുറത്തിറക്കുമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. മേയ് രണ്ടാം ആഴ്ച മുതൽ നാഷനൽ ടെസ്റ്റിങ് ഏജൻസി സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നടയടക്കം 13 ഭാഷകളിലാണ് പരീക്ഷ നടക്കുക.
നേരത്തേ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനം. കഴിഞ്ഞ വർഷമാണ് പ്രവേശന പരീക്ഷയാക്കുന്നതിന് യു.ജി.സി തീരുമാനിച്ചത്. 2022 ജൂലൈയിൽ ആദ്യമായി നടന്ന പ്രവേശനപരീക്ഷക്ക് 14.9 ലക്ഷം വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്. ശരാശരി 18 ലക്ഷം അപേക്ഷകരുള്ള നീറ്റ് യു.ജി പരീക്ഷ കഴിഞ്ഞാൽ ഏറ്റവുമധികം അപേക്ഷകരുള്ള പരീക്ഷയാണ് സി.ഇ.യു.ടി-യു.ജി.