സി.യു.ഇ.ടി യു.ജി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കുള്ള ദേശീയ ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി യു.ജി 2025 ഫലം പ്രസിദ്ധീകരിച്ചു. cuet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. അഞ്ച് വിഷയങ്ങൾ ഓപ്ഷനായി തെരഞ്ഞെടുത്തതിൽ ഒരു വിദ്യാർഥിക്ക് മാത്രമാണ് നാലെണ്ണത്തിൽ നൂറു പെർസൈന്റൽ മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. 17 പേർ മൂന്നുവിഷയങ്ങളിൽ നൂറു പെർസൈന്റൽ മാർക്ക് നേടി. രണ്ട് വിഷയങ്ങളിൽ 150 വിദ്യാർഥികളും ഒരു വിഷയതതിൽ 2679 പേരും 100 പെർസൈന്റൽ മാർക്ക് നേടി.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കായിരുന്നു പരീക്ഷാനടത്തിപ്പ് ചുമതല. പരീക്ഷയുടെ അന്തിമ ഉത്തരസൂചിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയുടെ 27 ചോദ്യങ്ങൾ വിദ്യാർഥികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.
13.5 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സി.യു.ഇ.ടി പരീക്ഷ എഴുതിയത്. മേയ് 13നും ജൂൺ നാലിനുമിടയിൽ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചക്ക് മൂന്നു മുതൽ വൈകീട്ട് ആറു വരെ രണ്ട് ഷിഫ്റ്റുകളായിട്ടായിരുന്നു പരീക്ഷ.
സി.യു.ഇ.ടി പരീക്ഷ ഓൺലൈൻ വഴിയാണ് നടത്തുന്നത്. പരീക്ഷയെഴുതാൻ എൻ.ടി.എയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. പരീക്ഷക്ക് ശേഷം ലഭിക്കുന്ന സ്കോർ ഉപയോഗിച്ച് വിവിധ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. ഓരോ യൂനിവേഴ്സിറ്റിയുടെയും പ്രവേശന മാനദണ്ഡങ്ങൾക്കനുസരിച്ച് മറ്റ് രേഖകളും സമർപ്പിക്കേണ്ടി വരും. രാജ്യത്തുടനീളമുള്ള 250 ലേറെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകൾ ബിരുദ പ്രവേശനത്തിനായി സി.യു.ഇ.ടി യു.ജി സ്കോർ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

